ഫോണ്‍ സംഭാഷണം ഇടയ്ക്ക് വച്ച് മുറിഞ്ഞ് പോയാല്‍ ഇനി നഷ്ടപരിഹാരം ആവശ്യപ്പെടാം

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ ഫോണ്‍വിളി മുറിഞ്ഞാല്‍ സേവനദാതാവ് ഉപഭോക്താവിന് ഒരു രൂപ നഷ്ട പരിഹാരം നല്‍കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി(ട്രായ്)നിര്‍ദ്ദേശം. ഇത് സംബന്ധിച്ച നിര്‍ദ്ദേശം ടെലികോം കമ്പനികള്‍ക്ക് നല്‍കിക്കഴിഞ്ഞതായും ഇത് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും അധികൃതര്‍ പറഞ്ഞു.

മുറിഞ്ഞുപോകുന്ന ഓരോ ഫോണ്‍വിളിക്കും നഷ്ടപരിഹാരമായി ഓരോ രൂപ വീതം നകണമെന്നാണ് നിര്‍ദേശം. എന്നാല്‍ ഒരു ദിവസം പരമാവധി മൂന്ന് കോളുകള്‍ക്ക് മാത്രമെ ഇത്തരത്തില്‍ നഷ്ടപരിഹാരം നല്‍കേണ്ടതുള്ളു. ‘ET Now’ എന്ന ടെലിവിഷന്‍ ചാനലാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.

ഫോണ്‍ സംഭാഷണം ഇടയ്ക്ക് വച്ച് മുറിഞ്ഞ് പോകുന്നത് സ്ഥിരം സംഭവമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികള്‍ ടെലികോം മന്ത്രാലയത്തിന് ലഭിച്ചിരുന്നു. പരാതി പരിശോധിച്ച് നടപടിയെടുക്കാന്‍ ട്രായിയോട് മന്ത്രാലയം നിര്‍ദ്ദേശിച്ചിരുന്നു. പരിഹാരമായി കൂടുതല്‍ സ്‌പെക്ട്രം അനുവദിക്കണമെന്നും,കൂടുതല്‍ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കണമെന്നുമാണ് മൊബൈല്‍ കമ്പനികള്‍ സ്വീകരിച്ച നിലപാട്.

എന്നാല്‍ മുബൈ, ഡല്‍ഹി എന്നീ പട്ടണങ്ങളില്‍ ട്രായ് നടത്തിയ സര്‍വ്വെയില്‍ ഫോണ്‍ സംഭാഷണം മുറിഞ്ഞുപോകുന്നതിന് മൊബൈല്‍ കമ്പനികള്‍ നിരത്തിയ ന്യായീകരണങ്ങള്‍ വാസ്തവമല്ലെന്ന് കണ്ടെത്തി. ഇതേതുടര്‍ന്നാണ് ട്രായിയുടെ നടപടി.

തിരക്കുള്ള നഗരങ്ങളില്‍ നിന്നുള്ള പരാതികള്‍ അവഗണിക്കാനാകാതെ വന്നതോടെയാണ് ട്രായിക്ക് കടുത്ത നടപടികളിലേക്ക് കടക്കേണ്ടിവന്നത്. അതേസമയം ട്രായിയുടെ തീരുമാനത്തെ നിയമപരമായി ചോദ്യം ചെയ്യാനായിരിക്കും മൊബൈല്‍ കമ്പനികളുടെ ഇനിയുള്ള നീക്കം.

Top