ഫോട്ടോയില്‍ മുഖംവരാനാണോ സന്ദര്‍ശനമെന്ന് ചോദിച്ച റിപ്പോര്‍ട്ടറോട് തട്ടിക്കയറി രാഹുല്‍ ഗാന്ധി

ഫരീദാബാദ്: ഹരിയാനയില്‍ മേല്‍ജാതിക്കാരുടെ ആക്രമണത്തിനിരയായ ദലിത് കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാധ്യമപ്രവര്‍ത്തകനോട് തട്ടിക്കയറി.

ഈ സന്ദര്‍ശനം ഫോട്ടോയില്‍ മുഖംകാണിക്കാനുള്ള അവസരത്തിനല്ലേയെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യമാണ് രാഹുലിനെ പ്രകോപിപ്പിച്ചത്.

ഇതു ശരിക്കും അപമാനകരമാണ്. എന്നെ മാത്രമല്ല ഇവിടെയുള്ള ജനങ്ങളെ അപമാനിക്കുന്നത് തുല്യമാണിത്. ജനങ്ങള്‍ രാജ്യത്ത് മരിച്ചുകൊണ്ടേയിരിക്കുന്നു. ഒരു കാരണവുമില്ലാതെ മര്‍ദ്ദിക്കപ്പെടുന്നു. ഇതിനെയാണോ നിങ്ങള്‍ ഇതുകൊണ്ടുദ്ദേശിച്ചത്? ഞാന്‍ ഇനിയും ഇവിടെ വരും. വീണ്ടും വീണ്ടും വരുമെന്നും രാഹുല്‍ പറഞ്ഞു.

തന്റെ കുട്ടികള്‍ മരിച്ചത് അവര്‍ പാവപ്പെട്ടവരായിപ്പോയതിനാലാണെന്ന് പിതാവ് തന്നോട് പറഞ്ഞു. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടതായും രാഹുല്‍ വ്യക്തമാക്കി.

ഹരിയാനയിലെ ഫരീദാബാദ് ജില്ലയിലെ സുന്‍പേഡ് ഗ്രാമത്തിലാണ് ദലിത് കുടുംബത്തെ ജീവനോടെ പെട്രോളൊഴിച്ചു കത്തിച്ചത്. രണ്ടു കുട്ടികള്‍ വെന്തു മരിച്ചു. രണ്ടര വയസുള്ള വൈഭവ്, പതിന്നൊന്നു മാസം പ്രായമുള്ള ദിവ്യ എന്നിവരാണു മരിച്ചത്. കുട്ടികളുടെ അമ്മ രേഖ, പിതാവ് ജിതേന്ദര്‍ എന്നിവര്‍ക്കു പൊള്ളലേറ്റു. രേഖയുടെ നില ഗുരതരമായി തുടരുകയാണ്.

Top