ഫോക്‌സ്‌വാഗണിന്റെ മിഡ്‌സൈസ് എസ്‌യുവി ടൈഗൂണിന്റെ നിര്‍മ്മാണം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണിന്റെ മിഡ്‌സൈസ് എസ്‌യുവി ടൈഗൂണിനായുള്ള കാത്തിരിപ്പിലാണ് ഏറെക്കാലമായി ഇന്ത്യന്‍ വാഹനലോകം. സെപ്റ്റംബറില്‍ വില്‍പ്പനയ്ക്ക് ഒരുങ്ങുന്ന ടൈഗൂണിന്റെ ബുക്കിംഗും നിര്‍മാണവും ഫോക്‌സ്‌വാഗണ്‍ തുടങ്ങിയതായി ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പൂനെയിലെ ചകാന്‍ ആസ്ഥാനമായുള്ള പ്ലാന്റിലാണ് വാഹനത്തിന്റെ നിര്‍മ്മാണം തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉപഭോക്താക്കള്‍ക്ക് ഫോക്‌സ്‌വാഗണിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായോ അംഗീകൃത ഡീലര്‍ഷിപ്പിലൂടെയോ ടൈഗൂണ്‍ പ്രീബുക്ക് ചെയ്യാമെന്നാണ് റിപ്പോര്‍ട്ടുകള്‍. എസ്‌യുവിക്കായുള്ള ഡെലിവറിയും 2021 സെപ്റ്റംബറോടെ തുടങ്ങും. ടൈൂഗണും സ്‌കോഡ കുഷാഖും ഒരേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതിനാല്‍ ഡോറുകള്‍, മേല്‍ക്കൂര, ഗ്ലാസ്ഹൗസ് തുടങ്ങിയ നിരവധി ബോഡി ഘടകങ്ങള്‍ രണ്ട് എസ്‌യുവികളിലും സമാനമായിരിക്കുമെന്നാണ് സൂചന.

അതേസമയം വാഹനത്തിന്റെ പ്രീബുക്കിംഗ് ഡീലര്‍മാര്‍ അനൗദ്യോഗികമായി ആരംഭിച്ചതായി ജൂണ്‍ മാസത്തില്‍ ടീം ബിഎച്ച്പി റിപ്പോര്‍ട്ട് ചെയ്തിരുന്നു. 10,000 രൂപ ടോക്കണ്‍ തുകയ്ക്ക് വാഹനത്തിനുള്ള ബുക്കിംഗ് ഡീലര്‍മാര്‍ തുടങ്ങിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

Top