ഫേവറൈറ്റിനു പകരം ലൈക്ക്; ട്വിറ്ററും മാറ്റത്തിന്റെ പാതയില്‍

ഫേവറൈറ്റ് ബട്ടന്റെ സ്ഥാനത്ത് ലൈക്ക് അവതരിപ്പിച്ച് തങ്ങളും മാറ്റത്തിന്റെ പാതയിലാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ട്വിറ്റര്‍. നക്ഷത്രചിഹ്നത്തിന് പകരം ഇനി ഹൃദയത്തിന്റെ ചിഹ്നമായിരിക്കും.

ലൈക്ക് ഫെയ്‌സ്ബുക്കില്‍നിന്നും ഹൃദയം ഇന്‍സ്റ്റഗ്രാമില്‍നിന്നുമാണ് ട്വിറ്റര്‍ കടംകൊണ്ടിരിക്കുന്നത്.ഉപയോക്താക്കള്‍ക്ക് കൂടുതല്‍ കാര്യക്ഷമമായി തങ്ങളുടെ കാഴ്ച്ചപ്പാടുകള്‍ പ്രകടിപ്പിക്കാന്‍ ലൈക്കായിരിക്കും നല്ലതെന്ന് ട്വിറ്റര്‍ അറിയിച്ചു.

ഫെയ്‌സ്ബുക്കില്‍ കാലങ്ങളായി ഉള്ള ലൈക്ക് കടമെടുക്കുമ്പോള്‍ യൂസര്‍ എക്‌സ്പീരിയന്‍സ് കൂടുതല്‍ മെച്ചപ്പെട്ടതാക്കുക അതുവഴി കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യമാണ് ട്വിറ്ററിനുള്ളത്. മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോം എന്ന നിലയില്‍ സവിശേഷമായ ബ്രാന്‍ഡ് ഐഡന്റിറ്റി ട്വിറ്ററിനുണ്ടെങ്കിലും കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതിനും വിപണിയില്‍ പ്രതിഫലനമുണ്ടാക്കുന്നതിനും ട്വിറ്ററിന് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ കുറച്ചു നാളുകളായി ട്വിറ്ററിന്റെ ഷെയറുകള്‍ക്ക് മൂല്യം കുറവാണ്.

പുതിയ പരിഷ്‌ക്കാരങ്ങളിലൂടെ ട്വിറ്ററില്‍ എന്‍ഗേജ്‌മെന്റ്‌സ് വര്‍ദ്ധിപ്പിക്കണമെന്നും അതുവഴിയായി വരുമാനം വര്‍ദ്ധിപ്പിക്കണമെന്നും ട്വിറ്റര്‍ നിക്ഷേപകര്‍ നിരന്തരമായി സമ്മര്‍ദ്ദം ചെലുത്തി വരികയാണ്. അതിന്റെ കൂടെ ഭാഗമായാണ് പുതിയ പരിഷ്‌ക്കാരങ്ങള്‍.

Top