ഫെയ്‌സ്ബുക്ക് ന്യൂസ് ഫീഡ് നിയന്ത്രണം ഇനി ഉപഭോക്താവിന് സ്വന്തം

ഫെയ്‌സ്ബുക്ക് ന്യൂസ് ഫീഡില്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ലഭ്യമാക്കി കൊണ്ട് പുതിയ അപ്‌ഡേറ്റ്. ഉപയോക്താവിന്റെ ന്യൂസ് ഫീഡില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നല്‍കുന്നതും, എന്ത് കാണണം എന്ത് കാണേണ്ട എന്ന് തീരുമാനിക്കാനുള്ള അവകാശം തരുന്നതുമാണ് ഫെയ്‌സ്ബുക്കിന്റെ പുതിയ അപ്‌ഡേറ്റ്.

ഫെയ്‌സ്ബുക്ക് ന്യൂസ് ഫീഡ് പ്രിഫറന്‍സ് ടൂള്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ഏറ്റവും അനുയോജ്യമായ ഫീഡുകള്‍ ആദ്യം വരത്തക്ക വിധത്തില്‍ ക്രമീകരിക്കാം.

ഉപയോക്താക്കള്‍ക്ക് ഏത് സുഹൃത്തില്‍നിന്നും ഏത് പെയ്ജില്‍നിന്നുമുള്ള അപ്‌ഡേറ്റുകളാണ് ന്യൂസ് ഫീഡില്‍ ആദ്യം വരേണ്ടതെന്ന് മുന്‍ഗണനാ ക്രമത്തില്‍ തീരുമാനിക്കാം. ന്യൂസ്ഫീഡ് പ്രിഫറന്‍സസ് ടൂളില്‍ ക്ലിക്ക് ചെയ്ത് സുഹൃത്തുക്കളുടെ പ്രൊഫൈലുകളോ ഫെയ്‌സ്ബുക്ക് പേജുകളോ തെരഞ്ഞെടുക്കുക.

ഉപയോക്താക്കള്‍ ഓഫ് ലൈനായിരുന്ന സമയത്ത് തെരഞ്ഞെടുക്കപ്പെട്ട സുഹൃത്തുക്കളും ഫെയ്‌സ്ബുക്ക് പേജുകളും ഷെയര്‍ ചെയ്ത പോസ്റ്റുകളായിരിക്കും ന്യൂസ് ഫീഡില്‍ ആദ്യം കാണിക്കുക. ഈ പോസ്റ്റുകളുടെ മുകളില്‍ വലതുവശത്തായി ഒരു നക്ഷത്ര ചിഹ്നനവുമുണ്ടാകും. ഇവ എന്തുകൊണ്ട് മുകളില്‍വന്നു എന്ന് ഉപയോക്താവിന് ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാനാണിത്. സ്‌ക്രോള്‍ ഡൗണ്‍ ചെയ്യുമ്പോള്‍ ന്യൂസ് ഫീഡ് സാധാരണഗതിയിലാകുകയും ചെയ്യും.

ന്യൂസ് ഫീഡ് പ്രിഫറന്‍സിന് പുറമെ ഡിസ്‌ക്കവര്‍ ന്യൂ പേജസ് ടൂള്‍ ഉപയോഗിച്ച് ഉപയോക്താവ് ഏറ്റവും കൂടുതല്‍ ലൈക്ക് ചെയ്തിരിക്കുന്ന പേജുകളുടെ സ്വഭാവത്തിന് സമാനമായ പേജുകള്‍ കണ്ടെത്താന്‍ സാധിക്കും. ഏത് വിഷയത്തിലാണോ ഉപയോക്താവിന് കൂടുതല്‍ താല്‍പര്യം അതുമായി ബന്ധപ്പെട്ട പേജുകളാകും ഡിസ്‌ക്കവര്‍ ന്യൂ പേജസിലൂടെ ഫെയ്‌സ്ബുക്ക് കണ്ടെത്തി നല്‍കുക.

ഉപയോക്താവിന്റെ ന്യൂസ് ഫീഡില്‍ കഴിഞ്ഞ ഒരാഴ്ച്ച കണ്ട ഏറ്റവും ടോപ് പോസ്റ്റ്, വ്യക്തി, ഗ്രൂപ്പ് എന്നിങ്ങനെയുള്ള ലിസ്റ്റ് ഫെയ്‌സ്ബുക്ക് തയാറാക്കി നല്‍കും. ഓരോ ആഴ്ച്ചയിലും ഇത് ലഭ്യമാകുമെന്നാണ് മനസ്സിലാകുന്നത്. ഇതില്‍ ഏത് സുഹൃത്തിനെ ഫോളോ ചെയ്യണം ആരെയൊക്കെ ഒഴിവാക്കണം എന്ന് ഉപയോക്താവിന് തീരുമാനിക്കാം. ആവശ്യമില്ല എന്ന് തോന്നുന്ന ആളുകളില്‍നിന്നുള്ള പോസ്റ്റുകള്‍ ഇതോടെ ന്യൂസ് ഫീഡില്‍നിന്ന് ഒഴിവാക്കാന്‍ ഇത് സഹായിക്കും.

നേരത്തെ ആരെയൊക്കെ അണ്‍ഫോളെ ചെയ്‌തെന്നുള്ളതിന്റെ ഹിസ്റ്ററിയും ഈ ടൂളിലുണ്ട്. അണ്‍ഫോളോ ചെയ്തവരെ വീണ്ടും ഫോളോ ചെയ്യണമെന്ന് തോന്നിയാല്‍ അതിനുള്ള ഷോര്‍ട്ട് കട്ടും ഈ ടൂളിലുണ്ട്.

ഫെയ്‌സ്ബുക്ക് മൊബൈല്‍ ആപ്പിന്റെ താഴെ വലതുവശത്തായുള്ള മോര്‍ ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ന്യൂസ് ഫീഡ് പ്രിഫറന്‍സ് ലഭിക്കും. ന്യൂസ് ഫീഡ് പ്രിഫറന്‍സസ് ഇഷ്ടാനുസരണം എപ്പോള്‍ വേണമെങ്കിലും എഡിറ്റ് ചെയ്യുകയും ചെയ്യാം.

നിലവില്‍ ഐഒഎസ് മൊബൈല്‍ ആപ്പില്‍ മാത്രമാണ് ഈ അപ്‌ഡേറ്റ് ലഭ്യമാക്കിയിരിക്കുന്നത്. വരുന്ന ആഴ്ച്ചയില്‍ ആന്‍ഡ്രോയിഡിലും ന്യൂസ് ഫീഡ് പ്രിഫറന്‍സ് ലഭ്യമാക്കും.

Top