ഫെയ്‌സ്ബുക്കില്‍ ഇനി സുഹൃത്തുകളുടെ പോസ്റ്റുകള്‍ക്ക് മുന്‍ഗണന

ഫെയ്‌സ്ബുക്ക് വാര്‍ത്തകളും വിവരങ്ങളും പങ്കുവയ്ക്കുന്ന സംവിധാനത്തില്‍ കാതലായ മാറ്റം വരുത്തി. ഇനിമുതല്‍ ലൈക്ക് ചെയ്തിരിക്കുന്ന പേജുകളിലേ പോസ്റ്റിനേക്കാള്‍ ഉപയോക്താവിന്റെ അടുത്ത സുഹൃത്തിന്റെ പോസ്റ്റുകളായിരിക്കും ന്യൂസ് ഫീഡില്‍ ഏറെ കാണുക. ഫേസ്ബുക്ക് ആക്ടിവിറ്റി പരിഗണിച്ചായിരിക്കും ഒരാളുടെ അടുത്ത സുഹൃത്തുക്കളെ തിരിച്ചറിയുക. ഇതനുസരിച്ച് ഉപയോക്താവിന്റെ സുഹൃത്തുക്കളുടെ പോസ്റ്റുകള്‍ക്ക് പ്രാമുഖ്യം ലഭിക്കും.

വാര്‍ത്താ പോര്‍ട്ടലുകളും മാധ്യമസ്ഥാപനങ്ങളും ഫെയ്‌സ്ബുക്കില്‍ നടത്തുന്ന പോസ്റ്റുകള്‍ക്ക് പ്രാമുഖ്യം കുറയ്ക്കുന്നതാണ് പുതിയ സംവിധാനം. ഫേസ്ബുക്കില്‍ ലൈക്ക് ചെയ്തിരിക്കുന്ന പേജുകളില്‍നിന്നുള്ള പോസ്റ്റുകള്‍ ധാരാളമായി വരുന്നത് പലരെയും അലോസരപ്പെടുത്തുന്നുണ്ട്. ചില വാര്‍ത്താ പോര്‍ട്ടലുകളുടെയും മറ്റ് ബിസിനസ് സ്ഥാപനങ്ങളുടെയും പേജുകള്‍ ലൈക്ക് ചെയ്തിട്ടുള്ളവര്‍ക്കാണ് ഈ തലവേദന. ഇതുസംബന്ധിച്ച പരാതികള്‍ വ്യാപകമായതോടെയാണ് ന്യൂസ് ഫീഡില്‍ കാര്യമായ മാറ്റങ്ങളുമായി ഫെയ്‌സ്ബുക്ക് രംഗത്തെത്തിയിരിക്കുന്നത്.

ഫെയ്‌സ്ബുക്കിന്റെ ഗവേഷക വിഭാഗത്തിന്റെ ചുമതലക്കാരായ മാക്‌സ് എല്വന്‍സൈറ്റനും ലോറന്‍സ് സിസേഴ്‌സും ചേര്‍ന്നാണ് മാറ്റങ്ങള്‍ ഇന്നലെ രാത്രി പ്രഖ്യാപിച്ചത്.

മാധ്യമ സ്ഥാപനങ്ങള്‍ക്ക് സ്വന്തം നിലയ്ക്ക് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാനുള്ള സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായാണ് മുന്നൊരുക്കം എന്ന് വാഷിങ്ടണ്‍ പോസ്റ്റ് ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ സ്വന്തം വെബ്‌സൈറ്റിലെ വാര്‍ത്തകളുടെ ലിങ്കാണ് ഫെയ്‌സ്ബുക്ക് പേജില്‍ മാധ്യമങ്ങള്‍ നല്‍കുന്നത്. ഇനി ഫെയ്‌സ്ബുക്കുമായി കരാര്‍ ഒപ്പിടുന്ന സ്ഥാപനങ്ങള്‍ക്ക് നേരിട്ട് വാര്‍ത്ത് പ്രസിദ്ധീകരിക്കാന്‍ കഴിയും. അങ്ങനെ നല്‍കുന്ന വാര്‍ത്തകള്‍ എല്ലാ ഉപയോക്താക്കളുടേയും അടുത്ത് എത്തിക്കുകയാണ് ലക്ഷ്യം.

Top