ഫിലിപ്പീൻസിലെ ക്രിസ്ത്യൻ പള്ളിയിൽ ബോംബാക്രമണം; 15 തീവ്രവാദികൾ കൊല്ലപ്പെട്ടതായി സൈന്യം

ഫിലിപ്പീൻസിലെ കത്തോലിക്ക പള്ളിയിലുണ്ടായ ബോംബാക്രമണത്തിൽ പങ്കാളികളായ ഭീകരരുൾപ്പടെ 15 ഇസ്ലാമിസ്റ്റുകളെ വധിച്ച് സൈന്യം. പിയാഗപോ മുനിസിപ്പാലിറ്റിയുടെ പരിധിയിലുള്ള മലമ്പ്രദേശത്തിന് സമീപം സ്ഥിതിചെയ്യുന്ന ഫാംഹൗസിനോട് ചേർന്നായിരുന്നു ദാവ്‌ല ഇസ്ലാമിയ സംഘടനയിലെ അംഗങ്ങൾ തമ്പടിച്ചിടുന്നത്. ഇവരുമായി നടന്ന ഏറ്റുമുട്ടലിനൊടുവിൽ 15 ഭീകരർ വധിക്കപ്പെട്ടതായി ഫിലിപ്പീൻസ് സൈനിക കമാൻഡർ അറിയിച്ചു. നാല് സൈനികർക്കും പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് ആർമി ബ്രിഗേഡ് കമാൻഡർ ജനറൽ യെഗോർ റേയ് ബറോഖ്വില്ലോ അറിയിച്ചു. വ്യാഴാഴ്ചയായിരുന്നു ഏറ്റുമുട്ടലുണ്ടായത്.

കഴിഞ്ഞ മാസം ഫിലിപ്പീൻസിലെ തെക്കൻ നഗരമായ മറാവിയിലുള്ള യൂണിവേഴ്സിറ്റിക്കുള്ളിലെ പള്ളിയിൽ കത്തോലിക്ക വിഭാഗം ചേർന്ന ഒത്തുകൂടലിനിടെയായിരുന്നു ബോംബ് പൊട്ടിത്തെറിച്ചത്. ഭീകരാക്രമണത്തിന്റെ പിന്നിൽ പ്രവർത്തിച്ചവരെന്ന് സംശയിക്കുന്ന ആറ് പേരിൽ മൂന്ന് പേരും വ്യാഴാഴ്ച നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഇവർ ഭീകരാക്രമണത്തിൽ നേരിട്ട് പങ്കാളികളായിവരാണെന്നാണ് സൈന്യം അറിയിക്കുന്നത്. ഡിസംബർ നാലിന് മിൻഡാനാവോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിക്ക് അകത്തായിരുന്നു സ്‌ഫോടനമുണ്ടായത്. ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും അനേകമാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഭീകരാക്രമണത്തിന്റെ സൂത്രധാരനുൾപ്പടെ മൂന്ന് പേർ കൂടി പിടിയിലാകാനുണ്ടെന്നും ഇവരിൽ ഒരാൾ യൂണിവേഴ്‌സിറ്റിയിലെ പൂർവ്വ വിദ്യാർത്ഥിയാണെന്നും ഭീകരർ തമ്പടിച്ചിരുന്ന ഫാംഹൗസിൽ നിന്നും മാസങ്ങൾക്ക് മുമ്പേ പ്രദേശവാസികൾ പലായനം ചെയ്തുവെന്നും സൈന്യം അറിയിച്ചു.

ഫിലിപ്പീൻസിലെ പ്രധാന വിമതസംഘടനയായ മോറോ ഇസ്ലാമിക് ലിബറേഷൻ ഫ്രണ്ടുമായി 2014ൽ മനില സമാധാന കരാറിലേർപ്പെട്ടിരുന്നു. ഇതോടെ രാജ്യത്തെ ഭീകരാക്രമണങ്ങൾക്ക് ഒരു പരിധി വരെ അറുതിയായി. സമാധാന കരാറിനെ എതിർത്തിരുന്ന ചില ചെറു വിമതഗ്രൂപ്പുകൾ രാജ്യത്ത് ഇപ്പോഴും സംഘർഷങ്ങൾ സൃഷ്ടിക്കുകയാണ്. ഇവരിൽ ഇസ്ലാമിക് സ്‌റ്റേറ്റിനോട് കൂറ് പുലർത്തുന്ന സംഘടനകളുമുണ്ട്. കത്തോലിക്ക പള്ളികൾ, സ്കൂളുകൾ, മാർക്കറ്റുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ഇവരുടെ ആക്രമണങ്ങൾ.

Top