ഫിഫ റാങ്കിംഗ്: അര്‍ജന്റീന തന്നെ ഒന്നാമത്; ഒരു സ്ഥാനം മെച്ചപ്പെടുത്തി 155ാം സ്ഥാനത്ത് ഇന്ത്യ

സൂറിച്ച്: ഫിഫ റാങ്കിംഗില്‍ അര്‍ജന്റീന ഒന്നാം സ്ഥാനം നിലനിര്‍ത്തി. ബെല്‍ജിയം രണ്ടാമതും ലോക ചാമ്പ്യന്‍മാരായ ജര്‍മനി മൂന്നാമതുമാണ്. കൊളംബിയ നാലാം സ്ഥാനത്തും അഞ്ചുവട്ടം ലോക ചാമ്പ്യന്‍മാരായിട്ടുള്ള ബ്രസീല്‍ അഞ്ചാം സ്ഥാനത്തുമാണ്.

ഏറ്റവും പുതിയ റാങ്കിംഗില്‍ ഇന്ത്യ ഒരു സ്ഥാനം മെച്ചപ്പെടുത്തി 155ാം സ്ഥാനത്തെത്തി. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ പരാജയത്തെത്തുടര്‍ന്നാണ് ഇന്ത്യ 15 സ്ഥാനങ്ങള്‍ താഴോട്ടിറങ്ങി 156ാം സ്ഥാനത്തായത്. സമീപകാലത്ത് നേപ്പാളിനെതിരെ നടന്ന രാജ്യാന്തര സൗഹൃദമത്സരത്തില്‍ ഇന്ത്യ സമനില നേടിയതാണ് ഇന്ത്യക്ക് നേട്ടമായത്.

പക്ഷെ ഫിഫ റാങ്കിംഗില്‍ വെയില്‍സ് നടത്തിയ കുതിപ്പാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. പുതിയ റാങ്കിംഗില്‍ ഇംഗ്ലണ്ടിനെക്കാള്‍ മുന്നിലാണ് വെയില്‍സിന്റെ റാങ്കിംഗ്. ഒമ്പതാം സ്ഥാനത്താണ് വെയില്‍സിപ്പോള്‍. ഇംഗ്ലണ്ടാകട്ടെ പത്താം സ്ഥാനത്തും. നാലുവര്‍ഷം മുമ്പ് 2011ല്‍ 117ാം സ്ഥാനത്തായിരുന്നു വെയില്‍സ്.

Top