ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്ററിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി മറഡോണ

ജോര്‍ദാന്‍: ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്ററിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി അര്‍ജന്റീന മുന്‍ ക്യാപ്റ്റന്‍ ഡീഗോ മറഡോണ. ബ്ലാറ്ററിന്റെ നേതൃത്വത്തില്‍ ഫിഫ അരാജകത്വത്തിലേക്ക് എത്തിയെന്നും ബ്ലാറ്ററെ പുറത്താക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും മറഡോണ പറഞ്ഞു.

ഫിഫയ്ക്കകത്ത് സമ്പൂര്‍ണ അരാജകത്വം നിലനില്‍ക്കുന്നുണ്ട്. അവിടെ ഒരാള്‍ തന്നെയാണ് എല്ലാം തീരുമാനിക്കുന്നത്. അയാള്‍ക്കാണെങ്കില്‍ ഒന്നും അറിയുകയുമില്ല. അത്‌കൊണ്ട് തന്നെ മാറ്റത്തിനുള്ള സമയമായിരിക്കുന്നു. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ പോലും അദ്ദേഹത്തോട് സ്ഥാനമൊഴിയാന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്’ മറഡോണ പറഞ്ഞു.

ജോര്‍ദാനിലെ കിങ് ഹുസ്സൈന്‍ കന്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് ബ്ലാറ്ററെ തളളി പറയുന്നതിനൊപ്പം ജോര്‍ദാന്‍ രാജകുടുംബത്തെ പിന്തുണച്ച് കൊണ്ട് മറഡോണ രംഗത്ത് വന്നത്.

ഫിഫ പ്രസിഡന്റ് തെരഞ്ഞെടുക്കുന്നതിന് ഒരുമാസം മാത്രം അവശേഷിക്കെയാണ് നിലവിലെ പ്രസിഡന്റ് ബ്ലാറ്ററെ വിമര്‍ശിച്ച് മറഡോണ രംഗത്ത് എത്തിയിരിക്കുന്നത്. പുതിയ പ്രസിഡന്റ് സ്ഥാനത്തേക്ക് മറഡോണ പിന്തുണയ്ക്കുന്ന ജോര്‍ദാന്‍ രാജകുടുംബാംഗമായ അലി ബിന്‍ അല്‍ ഹുസ്സൈനു വേണ്ടിയാണ് ബ്ലാറ്ററെ തളളി മറഡോണ രംഗത്തെത്തിയിരിക്കുന്നത്.

Top