പ്രേമത്തിന്റെ തമിഴ് പതിപ്പ്‌; മലരാകാന്‍ ശ്രുതി ഹാസന്‍

തെന്നിന്ത്യന്‍ താരം ശ്രുതി ഹാസന്‍ അടുത്തതായി ഒരു മലയാളം റീമേയ്ക്ക് ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. മലയാളത്തില്‍ സൂപ്പര്‍ഹിറ്റായി മാറിയ അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പില്‍ താരം ഒരു വേഷം അവതരിപ്പിക്കുമെന്നാണ് വിവരം.

മലയാളത്തില്‍ സായി പല്ലവി അവതരിപ്പിച്ച മലരിന്റെ വേഷം അവതരിപ്പിക്കാനാണ് ശ്രുതിക്ക് ഓഫര്‍ ലഭിച്ചിരിക്കുന്നത്. താരം ഇതു വരെ കരാറൊപ്പിട്ടിട്ടില്ല. നാഗചൈതന്യയാണ് ചിത്രത്തിലെ നായകന്‍. മജ്‌നു എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മലയാളം പതിപ്പില്‍ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അനുപമ പരമേശ്വരന്‍ തന്നെയാണ് തെലുങ്കിലും ആ വേഷം അവതരിപ്പിക്കുന്നത്. അനേഗന്‍ എന്ന ചിത്രത്തിലെ നായിക അമൈര ദസ്തറിനേയും ഈ ചിത്രത്തിലേക്ക് പരിഗണിക്കുന്നുണ്ട്.

ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് സിനിമയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

അതേ സമയം പ്രേമം സിനിമ തമിഴില്‍ എടുക്കാനായി ചിത്രത്തിന്റെ അവകാശം വാങ്ങാനായി ധനുഷും സൂര്യയും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

Top