പ്രേമം സിനിമയ്‌ക്കെതിരെയുള്ള കമലിന്റെ പ്രസ്താവന വേദനാജനകമെന്ന് ഫാസില്‍

കൊച്ചി: പ്രേമം സിനിമ തെറ്റായ സന്ദേശം നല്‍കുന്നുവെന്ന സംവിധായകന്‍ കമലിന്റെ വിമര്‍ശനത്തിന് മറുപടിയുമായി ഫാസില്‍ രംഗത്ത്. കമലിന്റെ പ്രസ്താവന തികച്ചും വേദനാജനകമാണ്. സിനിമ കാണുന്നവര്‍ വിഢ്ഢികളല്ല. ഇത്രയേറെ കഴിവുകളുള്ള പുതുതലമുറയിലെ സംവിധായകരെ നിരുത്സാഹപ്പെടുത്തുകയാണ് കമല്‍ തന്റെ അഭിപ്രായത്തിലൂടെ ചെയ്തതെന്ന് ഫാസില്‍ പറഞ്ഞു.

മനോഹരമായ നിരവധി സിനിമാറ്റിക് നിമിഷങ്ങള്‍ നിറഞ്ഞ സിനിമയാണ് പ്രേമം. അല്‍ഫോണ്‍സ് എന്ന ചെറുപ്പക്കാരന്റെ തിരക്കഥ, സംവിധാനം, അത് ആവിഷ്‌കരിച്ച രീതി എല്ലാം അതിമനോഹരം. അല്‍ഫോണ്‍സിനെ പ്രശംസിക്കാതെ വയ്യെന്നും ഫാസില്‍ പറഞ്ഞു.

സിനിമയുടെ വ്യാജ സിഡി ഇറങ്ങുന്നത് ആദ്യമായല്ലെന്ന കമലിന്റെ പ്രസ്താവനയ്‌ക്കെതിരെയും ഫാസില്‍ വിമര്‍ശനം ഉന്നയിച്ചു. കമലിന്റെ പ്രസ്താവന സര്‍ക്കാരിനും പൊലീസിനും അപമാനമുണ്ടാക്കി. പ്രതികളെ പിടിക്കാന്‍ ആന്റി പൈറസി സെല്‍ എത്രത്തോളം ബുദ്ധിമുട്ടിയെന്ന് നാമല്ലാവരും കണ്ടതാണ്. പ്രേമത്തിന്റെ കാര്യത്തില്‍ അതൊരു ദേശീയദുരന്തമായി കാണണ്ട എന്നാണ് കമലിന്റെ നിലപാട്. ഒരു സിനിമാപ്രവര്‍ത്തകന്‍ എന്ന നിലയില്‍ കമലിന്റെ അഭിപ്രായങ്ങളോട് ഒരിക്കലും യോജിക്കാനാകില്ലെന്നും ഫാസില്‍ കൂട്ടിച്ചേര്‍ത്തു.

Top