കോടികള്‍ വാരിക്കൂട്ടിയ ‘പ്രേമം’ ചിത്രത്തിന്റെ സംവിധായകന് ആകെ ലഭിച്ചത് പത്ത് ലക്ഷം

കൊച്ചി: മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും റിക്കാര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന പ്രേമം സിനിമയുടെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച അല്‍ഫോന്‍സ് പുത്രന് ലഭിച്ച പ്രതിഫലം വെറും പത്ത് ലക്ഷം രൂപ !

സിനിമാ മേഖലയിലെ അണിയറ പ്രവര്‍ത്തകരില്‍ നിന്നാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത് വരുന്നത്. പ്രേമം സിനിമ ഇതുവരെ 30 കോടിയോളം കളക്ട് ചെയ്തതായാണ് അറിയുന്നത്.

ഇനിയും നല്‍കാത്ത സാറ്റലൈറ്റ്, ഇന്ത്യന്‍ ഓവര്‍സീസ്, റീമേക്ക് വിഭാഗങ്ങളിലായി 20 കോടിയോളം രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചാനല്‍ റൈറ്റിനായി പ്രമുഖര്‍ സമീപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ആര്‍ക്കും നല്‍കിയിട്ടില്ല.

സിനിമ കുതിച്ച് മുന്നോട്ട് പോകുന്ന ഘട്ടത്തില്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചില്ലായിരുന്നു എങ്കില്‍ കളക്ഷന്‍ സര്‍വ്വകാല റിക്കാര്‍ഡിലെത്തുമായിരുന്നു. പ്രമുഖ സംവിധായകനായ അന്‍വര്‍ റഷീദാണ് പ്രേമത്തിന്റെ നിര്‍മ്മാതാവ്.

നേരത്തെ അന്‍വര്‍ നിര്‍മ്മിച്ച ബാംഗ്ലൂര്‍ ഡെയ്‌സിന്റെ സംവിധായിക അഞ്ജലി മേനോന് സിനിമ വന്‍ വിജയം നേടിയ ശേഷം പ്രതിഫല തുക കൂടാതെ പ്രതിഫലത്തിന് സമാനമായ വന്‍തുക പ്രത്യേക പാരിതോഷികമായി നല്‍കിയിരുന്നു.

‘നേരം’ എന്ന സൂപ്പര്‍ഹിറ്റ് സിനിമക്ക് ശേഷം അല്‍ഫോന്‍സ് പുത്രന്‍ ഒരുക്കിയ രണ്ടാമത്തെ ചിത്രമായ പ്രേമം ഇപ്പോള്‍ സാമ്പത്തിക നേട്ടത്തിന്റെ കാര്യത്തില്‍ അദ്ദേഹത്തിന് ‘ട്രാജഡി’യായതായാണ് സിനിമാ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. സിനിമയിലെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും ഇതുതന്നെയാണ് അവസ്ഥ.

Top