പ്രേക്ഷക ഹൃദയങ്ങളില്‍ കത്തിപ്പടരാന്‍ ‘കനലു’മായി ലാല്‍ വരുന്നു

എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ‘കനല്‍’ ഇടിവെട്ട് ആക്ഷന്‍ രംഗങ്ങളുമായി കേരളമാകെ കത്തിപ്പടരുവാനൊരുങ്ങുന്നതായാണ് ലഭിക്കുന്ന വിവരങ്ങള്‍. ശിക്കാര്‍ എന്ന ചിത്രത്തിനുശേഷം ലാലും പദ്മകുമാറും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ന്യൂ ജനറേഷന്‍ ചിത്രങ്ങള്‍ അടക്കിവാഴുന്ന വര്‍ത്തമാനകാലത്ത് മലയാള സിനിമാ ലോകത്തെ പഴയ പടക്കുതിരകള്‍ തങ്ങളുടെ സ്ഥാനം വിട്ടുകൊടുക്കാന്‍ ഇനിയും തയ്യാറല്ല എന്നു പ്രഖ്യാപിച്ച് ഇടയ്ക്ക് ഓരോ സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ചുകൊണ്ട് ഇന്നും സജീവമാണ്. ഇപ്പോള്‍ സൂപ്പര്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന മമ്മൂട്ടി ചിത്രം ‘പത്തേമാരി’ ഇതിനൊരുദാഹരണം മാത്രം. മലയാള സിനിമാ ചരിത്രത്തിലെ തന്നെ എണ്ണം പറഞ്ഞ ഹിറ്റുകളി’ലൊന്നായ മോഹന്‍ലാല്‍ ചിത്രം ‘ദൃശ്യ’വും മലയാളികളുടെ മനസ്സില്‍ ഇന്നും മായാതെനില്‍ക്കുന്നു.

ഒരു കുടുംബപശ്ചാത്തലത്തില്‍ ചലിക്കുന്ന ഒരു ആക്ഷന്‍ ത്രില്ലറാണ് മോഹന്‍ലാലിന്റെ പുതിയ ചിത്രമായ ‘കനല്‍’ എന്നാണ് അണിയറക്കാരില്‍ നിന്നും ലഭിച്ച വിവരം. മലയാള സിനിമാരംഗത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച അനൂപ് മേനോനും നായകനോടു കിടപിടിക്കുന്ന വേഷം തന്നെയാണ് ചിത്രത്തില്‍ ലഭിച്ചിരിക്കുന്നത്. പൃഥ്വിരാജിനെ ആയിരുന്നു ഈ വേഷത്തിലേക്ക് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും ‘തിരക്കു’മൂലം പൃഥ്വിരാജ് പിന്മാറുകയായിരുന്നുവെന്ന് പറയപ്പെടുന്നു.

ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി ഹണിറോസും അനൂപ്‌മേനോന്റെ നായികയായി ഷീ ടാക്‌സി ഫെയിം ഷീലു എബ്രഹാമും പ്രത്യക്ഷപ്പെടുന്നു.

എബ്രഹാം മാത്യു നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് എസ് സുരേഷ് ബാബുവാണ്. ജോണ്‍ ഡേവിഡ് എന്ന കഥാപാത്രമാണ് മോഹന്‍ലാലിന്റേത്. പ്രതാപ് പോത്തന്‍, അതുല്‍ കുല്‍കര്‍ണി, നികിത തുക്രാള്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ഒക്ടോബര്‍ 22 ന് ചിത്രം റിലീസ് ചെയ്യപ്പെടും എന്നാണ് പ്രതീക്ഷ.

Top