പ്രീപെയ്ഡ് ഫ്‌ലൈറ്റ് പാസുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ് എത്തുന്നു

മുംബൈ : പ്രീപെയ്ഡ് പാസുമായി രംഗത്തെത്തുകയാണ് സ്വകാര്യ എയര്‍ലൈന്‍സ് ആയ ഇന്‍ഡിഗോ. 6 ഇപാസ് എന്നു വിളിക്കുന്ന പദ്ധതിയില്‍ ലഭ്യമാകുന്ന പ്രീപെയ്ഡ് ഫ്‌ലൈറ്റ് കൂപ്പണുകള്‍ യാത്രാനിരക്കിലെ വര്‍ധന പരിഗണിക്കാതെ ഏതുസമയവും ഉപയോഗിക്കാം. നാഷനല്‍ പെര്‍മിറ്റ്, റീജനല്‍ പെര്‍മിറ്റ് എന്നീ രണ്ടുതരം പാസുകളാണ് ഉണ്ടാവുക. നാഷനല്‍ പെര്‍മിറ്റിനു 42,000 രൂപയും റീജനല്‍ പെര്‍മിറ്റിന് 21,000 രൂപയുമാണു നിരക്ക്. ആറു യാത്രകള്‍ക്ക് വരെ ഉപയോഗിക്കാവുന്നതാണ് ഈ പാസ്.

നാഷനല്‍ പെര്‍മിറ്റ് പാസ് ദൂരപരിധിയില്ലാതെ ഇന്ത്യയില്‍ എവിടെയുമുള്ള യാത്രകള്‍ക്ക് ഉപയോഗിക്കാം. റീജനല്‍ പെര്‍മിറ്റ് പാസിലെ ഒരു യാത്രയ്ക്ക് 1000 കിലോമീറ്റര്‍ ദൂരപരിധിയുണ്ട്. 2015 സെപ്റ്റംബര്‍ രണ്ടു വരെയാണ് ഇപ്പോള്‍ ലഭിക്കുന്ന പാസിന്റെ കാലാവധി.

ഭാവിയില്‍ വിദ്യാര്‍ഥികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കുമായി പ്രത്യേക പാസുകള്‍ ലഭ്യമാക്കുമെന്ന് ഇന്‍ഡിഗോ പ്രസിഡന്റ് ആദിത്യ ഘോഷ് പറഞ്ഞു. നെറ്റ് ബാങ്കിങ്, ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍, ഇഎംഐ സംവിധാനങ്ങള്‍ വഴി പാസെടുക്കാനുള്ള സൗകര്യമുണ്ടാകും. തുടര്‍ച്ചയായി വിമാനയാത്ര വേണ്ടിവരുന്ന ബിസിനസുകാരെയും മറ്റും ലക്ഷ്യംവച്ചാണ് ഇന്‍ഡിഗോയുടെ 6 ഇപാസ്.

Top