‘പ്രിയങ്കയെ ലണ്ടനില്‍ വച്ച് കണ്ടു’;കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി ലളിത് മോഡി

ന്യൂഡല്‍ഹി: ഐപിഎല്‍ മുന്‍ കമ്മിഷണര്‍ ലളിത് മോഡിയും പ്രിയങ്കാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതായി വെളിപ്പെടുത്തല്‍. പ്രിയങ്കാ ഗാന്ധിയെയും റോബര്‍ട്ട് വധേരയേയും ലണ്ടനില്‍ വച്ച് കണ്ടു എന്നാണ് മോഡി വെള്ളിയാഴ്ച ട്വിറ്ററില്‍ കുറിച്ചത്.

രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ലണ്ടനിലെ ഒരു റസ്റ്റോറന്റില്‍ വച്ച് പ്രിയങ്കയും വധേരയുമായി വെവ്വേറെയാണ് കൂടിക്കാഴ്ച നടത്തിയതെന്നും മോഡി ട്വിറ്ററിലൂടെ വ്യക്തമാക്കി.

‘ഗാന്ധി കുടുംബത്തെ ലണ്ടനില്‍ വച്ച് കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. അവര്‍ക്കൊപ്പം ഡിഎല്‍എഫിന്റെ മാനേജിംഗ് ഡയറക്ടര്‍ ടിമ്മി സിറാനയും ഉണ്ടായിരുന്നു. അയാളുടെ കൈവശം എന്റെ നമ്പര്‍ ഉണ്ട്. അവര്‍ക്ക് എന്നെ വിളിക്കാവുന്നതേയുള്ളു’വെന്നും മോഡി ട്വിറ്ററില്‍ കുറിച്ചു.

കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റേയും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയെടേയും രാജി ആവശ്യപ്പെടുന്ന കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്നതാണ് മോഡിയുടെ പുതിയ വെളിപ്പെടുത്തല്‍.

Top