ആഭ്യന്തര കലഹം: യോഗേന്ദ്ര യാദവിനെയും ഭൂഷണെയും പുറത്താക്കാന്‍ സമ്മര്‍ദ്ദമേറുന്നു

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയിലെ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പെരുമാറുന്ന പ്രശാന്ത് ഭൂഷണെയും യോഗേന്ദ്ര യാദവിനെയും പുറത്താക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന എംഎല്‍എമാര്‍ പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന് കത്ത് അയച്ചു. യോഗേന്ദ്ര യാദവിന്റെ നിലപാടുകളോട് പാര്‍ട്ടിയിലെ ഭൂരിപക്ഷം പേര്‍ക്കും യോജിപ്പില്ലെന്ന് മുന്‍ ആം ആദ്മി എംഎല്‍എ രാജേഷ് ഗാര്‍ഗ് പറഞ്ഞു.

ആം ആദ്മി പാര്‍ട്ടി രൂപപ്പെട്ടതിന് ശേഷമുള്ള ഏറ്റവും മോശമായ സാഹചര്യത്തിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നത്.

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ ശാന്തി ഭൂഷണും മകന്‍ പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും ഡല്‍ഹി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്ന് കഴിഞ്ഞ ദിവസം പാര്‍ട്ടി തന്നെ ആരോപിച്ചിരുന്നു. ലോക്പാല്‍ മൂവ്‌മെന്റ് മുതല്‍ അരവിന്ദ് കെജ്‌രിവാളിനോടൊപ്പമുള്ള പ്രശാന്ത് ഭൂഷണ്‍ തിരഞ്ഞെടുപ്പ് സമയത്ത് മറ്റു സംസ്ഥാനങ്ങളിലെ നേതാക്കളെ വിളിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇടപെടരുതെന്ന് ആവശ്യപ്പെട്ടിരുന്നെന്നായിരുന്നു പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞത്. സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകന്‍ കൂടിയായ പ്രശാന്ത് ഭൂഷണ്‍ പ്രവര്‍ത്തകര്‍ പാര്‍ട്ടിയിലേക്ക് സംഭാവന നല്‍കുന്നത് വിലക്കുകയും ചെയ്തിരുന്നു.

ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ മനീഷ് സിസോദിയ, മന്ത്രി ഗോപാല്‍ റായ്, മറ്റു നേതാക്കളായ പങ്കജ് ഗുപ്ത, സഞ്ജയ് സിംഗ് തുടങ്ങിയവര്‍ ചേര്‍ന്നായിരുന്നു ആരോപണം ഉന്നയിച്ചത്.

സത്യം പുറത്തു വരാന്‍ സമയമായെന്നും അധികം താമസിയാതെ എല്ലാ സത്യവും രാജ്യം അറിയുമെന്നുമായിരുന്നു ആരോപണങ്ങളെ കുറിച്ച് യോഗേന്ദ്ര യാദവ് പ്രതികരിച്ചിരുന്നത്.

ഈ മാസം 28ന് ചേരുന്ന ആം ആദ്മി ദേശീയ കൗണ്‍സിലില്‍ എല്ലാ കാര്യങ്ങളിലും തീരുമാനമുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

Top