പ്രശസ്ത സംഗീത സംവിധായകന്‍ രവീന്ദ്ര ജയിന്‍ അന്തരിച്ചു

മുംബൈ: പ്രശസ്ത സംഗീത സംവിധായകന്‍ രവീന്ദ്ര ജയിന്‍ അന്തരിച്ചു (71). വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മുംബയിലെ ലീലാവതി ആശുപത്രിയിലാണ് അന്ത്യം. മൂന്ന് മലയാള ചിത്രങ്ങള്‍ക്കുള്‍പ്പടെ നൂറിലേറെ ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്..

രാമായണം ഉള്‍പ്പെടെയുള്ള നിരവധി ടെലിവിഷന്‍ പരിപാടികള്‍ക്കും സംഗീതം നല്‍കിയ അദ്ദേഹം ഒട്ടേറെ ഗസലുകളും ചിട്ടപ്പെടുത്തിയിട്ടുണ്ട്.

ജന്മനാ അന്ധനായ രവീന്ദ്ര ജെയിനോട് കാഴ്ച ലഭിച്ചാല്‍ ആദ്യം കാണാന്‍ താല്‍പര്യം ആരെയാണെന്ന ചോദ്യത്തിന് യേശുദാസിനെ എന്നായിരുന്നു ജയിന്റെ ഉത്തരം

ഗാനഗന്ധര്‍വന്‍ കെ.ജെ.യേശുദാസിനെ ഹിന്ദി പിന്നണി ഗാനരംഗത്ത് പരിചയപ്പെടുത്തുകയും യേശുദാസിന്റെ ഹിന്ദി ഹിറ്റ് ഗാനങ്ങള്‍ക്ക് ഈണം പകരുകയും ചെയ്തത് രവീന്ദ്ര ജയിനാണ്. ചിത്‌ചോര്‍ എന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം വമ്പിച്ച ജനപ്രീതി നേടുകയും പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തു. ചിത്രത്തിലെ ‘ജബ് ദീപ് ജലേ ആനാ’, ‘ഗോരി തേര ഗാവ് ബഡാ പ്യാരാ’ എന്നീ പാട്ടുകള്‍ മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഹിന്ദി ഗാനങ്ങളില്‍ ഉള്‍പ്പെടുന്നു.

ചിത് ചോറിലെ പാട്ടുകള്‍ക്ക് യേശുദാസിന് മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. എഴുപതുകളിലും എണ്‍പതുകളിലും ഹിന്ദി സിനിമ സംഗീത ലോകത്ത് രവീന്ദ്ര ജയിന്‍ നിറഞ്ഞു നിന്നു. മലയാളത്തില്‍ സുജാത, സുഖം സുഖകരം, ആകാശത്തിന്റെ നിറം എന്നീ ചിത്രങ്ങള്‍ക്കാണ് രവീന്ദ്ര ജയിന്‍ സംഗീതം പകര്‍ന്നത്. ഡോ.ബിജു സംവിധാനം ചെയ്ത ‘ആകാശത്തിന്റെ നിറം’ (2012) ആണ് മലയാളത്തില്‍ രവീന്ദ്ര ജയിന്‍ സംഗീത സംവിധാനം നിര്‍വഹിച്ച അവസാന ചിത്രം.

Top