പ്രവര്‍ത്തന മികവുമായി മൈക്രോസോഫ്റ്റ് എഡ്ജ്

മൈക്രോസോഫ്റ്റ് വിന്‍ഡോസിന്റെ ഏറ്റവും പുതിയ പതിപ്പ് ‘വിന്‍ഡോസ് 10’ പുറത്തിറങ്ങിക്കഴിഞ്ഞു. വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിനൊപ്പം പുതിയൊരു വെബ് ബ്രൗസര്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ് മൈക്രോസോഫ്റ്റ്. ‘എഡ്ജ്’ എന്നാണിതിന്റെ പേര്.

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ സമ്മാനിച്ച ചീത്തപ്പേര് മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ‘മൈക്രോസോഫ്റ്റ് എഡ്ജ്’ അവതരിപ്പിച്ചത്.

മൈക്രോസോഫ്റ്റിന്റെ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിനെ പിന്നിലാക്കി കുതിച്ച ബ്രൗസറാണ് ഫയര്‍ഫോക്‌സ്. ഫയര്‍ഫോക്‌സിനെയും ഗൂഗിളിന്റെ ക്രോമിനെയും പിന്നിലാക്കാന്‍ മേല്‍സൂചിപ്പിച്ച ഡിഫാള്‍ട്ട് ഏര്‍പ്പാട് മാത്രമല്ല എഡ്ജില്‍ മൈക്രോസോഫ്റ്റ് ഒരുക്കിയിട്ടുള്ളത്. പ്രവര്‍ത്തന മികവും ഒപ്പമുണ്ട്.

വേഗത്തിന്റെ കാര്യത്തില്‍ ഒച്ചിനോട് തോല്‍ക്കുമായിരുന്നു എക്‌സ്‌പ്ലോറര്‍. ഒന്നിലേറെ വെബ്‌പേജുകള്‍ തുറക്കാന്‍ ശ്രമിച്ചാല്‍ ഉടന്‍ തന്നെ ബ്രൗസര്‍ ക്രാഷ് ആകുകയും ചെയ്യും. ബ്രൗസിങ് വേഗത്തിന്റെ കാര്യത്തില്‍ ക്രോമിനെയും ഫയര്‍ഫോക്‌സിനെയും കടത്തിവെട്ടും എ്ഡ്ജ്. ജാവ സ്‌ക്രിപ്റ്റ് ബെഞ്ച്മാര്‍ക്ക് പരീക്ഷണങ്ങളിലെല്ലാം എഡ്ജ് മറ്റ് രണ്ട് ബ്രൗസറുകളെയും പിന്നിലാക്കുന്നുണ്ട്.

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ പഴയ വെര്‍ഷനുകളില്ലൊം സ്‌ക്രീനിന്റെ മുകള്‍ഭാഗം മുഴുവന്‍ ബ്രൗസര്‍ ഓപ്ഷനുകള്‍ അപഹരിക്കുമായിരുന്നു. പുതിയ എഡ്ജില്‍ അത്തരം അനാവശ്യമായ ഓപ്ഷനുകളൊന്നുമില്ല. അതുകൊണ്ടുതന്നെ ഉപയോഗക്ഷമതയിലും എഡ്ജ് മുന്നില്‍ തന്നെ.

എഡ്ജ് ബ്രൗസറിലെ യു.ആര്‍.എല്‍.ബാറിന് വലതുവശത്തായി ‘ഓപ്പണ്‍ ബുക്ക്’ എന്നൊരു ഐക്കണുണ്ട്. അതില്‍ ക്ലിക്കിയാല്‍ നമ്മള്‍ നോക്കിക്കൊണ്ടിരിക്കുന്ന വെബ്‌പേജിലെ ടെക്സ്റ്റ് മാത്രം വലുതായി സ്‌ക്രീനില്‍ പറയും. രണ്ടു വശങ്ങളിലുമുള്ള ബാനറുകളും പരസ്യങ്ങളുമെല്ലാം ഒഴിവാക്കി വായന എളുപ്പമാക്കാന്‍ ഇത് സഹായിക്കുന്നു.

വായിച്ച ഭാഗങ്ങള്‍ സൂക്ഷിച്ചുവെക്കാനുള്ള ബുക്ക്മാര്‍ക്കിങ് സംവിധാനവും ഇതിനൊപ്പമുണ്ട്. മുഴുവന്‍ വായിക്കാന്‍ സമയമില്ലെങ്കില്‍ പേജ് ബുക്ക്മാര്‍ക്ക് ചെയ്തുവച്ചിട്ടു പോകാം. പിന്നീടെപ്പോഴെങ്കിലും അത് വായിച്ചാല്‍ മതി.

ബുക്ക്മാര്‍ക്കിങ് സംവിധാനമൊക്കെ പണ്ടേയുള്ളതല്ലേ എന്ന് പുച്ഛിക്കാന്‍ വരട്ടെ, മറ്റൊരു ബ്രൗസറിനുമില്ലാത്ത ഒരു കിടിലന്‍ സംവിധാനം എഡ്ജിനുള്ളത് പറഞ്ഞുതരാം. വായിച്ചുകൊണ്ടിരിക്കുന്ന വെബ്‌പേജിലെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ അടിവരയിടാനും അതിന് മുകളില്‍ എഴുതാനുമൊക്കെ സഹായിക്കുന്ന ഓപ്ഷനാണിത്.

ടൂള്‍ബാറിലെ പേനയും കടലാസും ഐക്കണില്‍ ക്ലിക്ക് ചെയ്ത ശേഷം വെബ്‌പേജില്‍ നിങ്ങള്‍ക്ക് തോന്നിയതെല്ലാം ചെയ്യാം. എഴുതാം, പ്രധാനഭാഗങ്ങള്‍ ഹൈലൈറ്റ് ചെയ്യാം, ചിത്രങ്ങള്‍ വരയ്ക്കാം… കലാപരിപാടികളെല്ലാം കഴിഞ്ഞാല്‍ പേജ് ചിത്രമായി സേവ് ചെയ്ത് മറ്റാര്‍ക്കെങ്കിലും അയയ്ക്കുകയുമാവാം.

പത്രങ്ങളിലെ വെബ്‌പേജുകളില്‍ സംഭവിക്കുന്ന അക്ഷരപ്പിശകുകളും മറ്റ് മണ്ടത്തരങ്ങളും വാട്ട്‌സ്ആപ്പിലൂടെ ലോകം മുഴുവനുമറിയിക്കുന്ന വിരുതന്‍മാര്‍ക്ക് ഏറെ സഹായകരമാകും ഈ ഓപ്ഷന്‍.

Top