പ്രമാണിമാര്‍ക്ക് പദവികള്‍ സമ്മാനിക്കാന്‍ പച്ചക്കൊടി തണല്‍;ഷീന ലീഗിന് പാരയായി

തിരുവനന്തപുരം: പച്ചക്കൊടിയുടെ തണലിലാണ് തനിക്കും ഭര്‍ത്താവിനും സര്‍ക്കാര്‍ വീടും കാറും പദവികളും ലഭിച്ചതെന്ന വിവാദ പ്രസംഗം നടത്തിയ എം.ജി സര്‍വകലാശാല പ്രോ വൈസ് ചാന്‍സിലര്‍ ഷീന ഷുക്കൂറിനെ പരസ്യമായി പിന്തുണച്ച ലീഗ് നേതൃത്വം വെട്ടിലാകുന്നു.

ഷീന ഷുക്കൂറിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ രംഗത്ത് വരികയും, വി.സി യോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ലീഗ് നേതൃത്വം വെട്ടിലായത്.

ഷീനയെപോലുള്ളവരെ പിന്തുണക്കാനാണ് മുസ്‌ലിം ലീഗ് രൂപീകരിച്ചതെന്ന ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിന്റെ പ്രസ്താവനയാണ് ലീഗ് നേതൃത്വത്തെ തിരിഞ്ഞ് കുത്തുന്നത്.

ബാല്യ വിവാഹം, തൊഴില്‍ സംവരണം തുടങ്ങി സാധാരണക്കാരായ മുസ്‌ലിം വനിതകളുടെ ആവശ്യങ്ങള്‍ക്കായി നിലയുറപ്പിക്കാത്ത ലീഗ് നേതൃത്വം, സമ്പന്നയായ പി.വി.സി ഷീന ഷുക്കൂറിനെപ്പോലെയുള്ളവരുടെ താല്‍പര്യം സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് എന്ന സന്ദേശമാണ് മജീദ് നല്‍കിയത്.

പരിണിത പ്രജ്ഞനായ പാര്‍ലമെന്റേറിയന്‍ ജി.എം ബനാത്ത്‌വാലയെ തഴഞ്ഞ് പണക്കാരനായ വ്യവസായി പി.വി അബ്ദുല്‍വഹാബിന് രാജ്യസഭാ സീറ്റ് നല്‍കിയതിനു സമാനമായ സംഭവമെന്നാണ് പല ലീഗ് നേതാക്കളും രഹസ്യമായി ഈ നിലപാടിനെ വിമര്‍ശിക്കുന്നത്.

ഷീന ഷുക്കൂറിനെതിരെ ഗവര്‍ണര്‍ നടപടിയെടുത്താല്‍ അത് ലീഗ് നേതൃത്വത്തിനുള്ള രാഷ്ട്രീയ തിരിച്ചടിയായി മാറും. ഔദ്യോഗികപദവിയുടെ അന്തസ്സ് കളഞ്ഞുകുളിച്ച ഷീന ഷുക്കൂറിനെതിരെ നടപടിയെടുക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ഗവര്‍ണറോട് അഭ്യര്‍ഥിച്ചിരുന്നു.

പദവിയുടെ മാന്യതയും ഔന്നത്യവും കാറ്റില്‍പറത്തിയാണ് അവര്‍ ഗള്‍ഫില്‍ മുസ്ലിം ലീഗ് യോഗത്തില്‍ പ്രസംഗിച്ചത്. തനിക്കും ഭര്‍ത്താവിനും സര്‍ക്കാരിന്റെ കാറും വീടും പദവികളുമൊക്കെ സമ്മാനിച്ചത് ലീഗിന്റെ പച്ചക്കൊടിയാണെന്നാണ് അവര്‍ പറഞ്ഞത്.

എല്ലാ മതവിഭാഗത്തിലുംപെട്ട വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഒരു സര്‍വകലാശാലയുടെ ഭരണാധികാരിയില്‍നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു ഇത്. പ്രഗല്‍ഭമതികള്‍ തലവന്മാരായി ഇരുന്ന എം.ജി സര്‍വകലാശാലയുടെ തലപ്പത്തിരിക്കുന്ന ഷീന ഷുക്കൂര്‍ ലീഗ് നേതാക്കള്‍ക്ക് ഹലേലുയ പാടുന്ന ആളായി അധ:പതിച്ചത് സര്‍വകലാശാലകള്‍ക്ക് പൊതുവിലും എം.ജി സര്‍വകലാശാലക്ക് പ്രത്യേകിച്ചും നാണക്കേടാണെന്നും വി.എസ് വ്യക്തമാക്കിയിരുന്നു.

സംഭവത്തെക്കുറിച്ച് ഗവര്‍ണര്‍ പി. സദാശിവം എം.ജി സര്‍വകലാശാല വൈസ് ചാന്‍സിലറോട് നേരത്തേ റിപ്പോര്‍ട്ട് തേടിയിരുന്നു. വിദേശ യാത്രയെയും വിവാദ പ്രസംഗത്തെയും കുറിച്ച് അന്വേഷിച്ച് രണ്ടാഴ്ചക്കകം നേരിട്ടെത്തി റിപ്പോര്‍ട്ട് നല്‍കാനാണ് വി.സി ഡോ. ബാബു സെബാസ്റ്റ്യന് ഗവര്‍ണര്‍ നല്‍കിയ നിര്‍ദേശം.

മേയ് 22ന് ദുബൈയില്‍ കെ.എം.സി.സി ചെറുവത്തൂര്‍ സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു ഷീന ഷുക്കൂറിന്റെ വിവാദ പരാമര്‍ശം. ലീഗ് അനുകൂല പ്രസംഗം യൂ ട്യൂബിലൂടെ പ്രചരിച്ചതോടെയാണ് വിവാദമായത്. ഇതിനെതിരെ വിദ്യാര്‍ഥി സംഘടനകളും സര്‍വകലാശാല ജീവനക്കാരും പ്രതിഷേധവുമായി രംഗത്തെത്തുകയും ചിലര്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കുകയുമായിരുന്നു.

‘ഉന്നത വിദ്യാഭ്യസ രംഗത്തെ വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്താന്‍ ദുബൈയില്‍ പോകാനായിരുന്നു പി.വി.സി അനുമതി തേടിയിരുന്നതെന്നാണ് വിവരം. 23ന് തിരികെയെത്തണമെന്ന വ്യവസ്ഥയിലായിരുന്നു ഗവര്‍ണര്‍ യാത്രക്ക് അനുമതി നല്‍കിയത്. എന്നാല്‍, 23ന് നടന്ന നിര്‍ണായക സിന്‍ഡിക്കേറ്റ്, അക്കാദമിക് കൗണ്‍സില്‍ യോഗങ്ങളില്‍ ഷീന ഷുക്കൂര്‍ പങ്കെടുത്തില്ല.

അനുമതി നല്‍കിയ വിഷയത്തിലല്ലാതെ രാഷ്ട്രീയപ്രസംഗം നടത്തുകയും ചെയ്തു. ഇങ്ങനെ സര്‍ക്കാറിനെയും ഗവര്‍ണറെയും പി.വി.സി തെറ്റിദ്ധരിപ്പിച്ചെന്ന പ്രാഥമിക വിലയിരുത്തലിലാണ് ഗവര്‍ണറുടെ ഓഫിസ്. തുടര്‍ന്നാണ് നിയമവശങ്ങള്‍ പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ ഗവര്‍ണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസായ ഗവര്‍ണര്‍ നിയമവശം കൂടി പരിശോധിച്ച് ഷീന ഷുക്കൂറിനെതിരെ നടപടിയെടുത്താല്‍ അത് ലീഗ് നേതൃത്വത്തിന് നാണക്കേടാവും.

Top