പ്രഭു സോളമന്‍ ചിത്രത്തില്‍ ധനുഷിന് നായികയായി കീര്‍ത്തി സുരേഷ്

ആദ്യ തമിഴ് ചിത്രം പുറത്തിറങ്ങും മുന്‍പേ തന്നെ അടുത്ത ചിത്രത്തില്‍ ധനുഷിന്റെ നായികയകുകയാണ് മലയാളി താരം കീര്‍ത്തി സുരേഷ്. അടുത്തതായി പ്രഭു സോളമന്‍ സംവിധാനം ചെയ്യുന്ന പുതിയ റൊമാന്റിക് ചിത്രത്തിലാണ് ധനുഷും കീര്‍ത്തിയും പ്രധാന വേഷത്തില്‍ എത്തുന്നത്.

ചിത്രത്തില്‍ ഒരു പുതുമുഖത്തെ അവതരിപ്പിക്കണം എന്നായിരുന്നു പ്രഭു സോളമന്‍ ആഗ്രഹിച്ചിരുന്നതെന്നും അങ്ങനെയാണ് കീര്‍ത്തിയെ നായികയാക്കാന്‍ തീരുമാനിച്ചതെന്നും അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈയോടെ ആരംഭിക്കും.

ഇതാദ്യമായാണ് ധനുഷ് പ്രഭു സോളമന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഒരു പാന്‍ട്രി ജോലിക്കാരന്റെ വേഷമാണ് താരം അവതരിപ്പിക്കുന്നത്. തുരന്തോ എക്‌സ്പ്രസില്‍ ഡല്‍ഹിയില്‍ നിന്നും ചെന്നൈയിലേക്ക് യാത്ര ചെയ്യുന്ന ഒരു യുവാവിനെപ്പറ്റിയാണ് ചിത്രത്തിന്റെ കഥ. സത്യാ ജ്യോതി ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.

മലയാളത്തില്‍ കീര്‍ത്തിയുടേതായി പുതിയ സിനിമകളൊന്നും ഇല്ലെങ്കിലും തെന്നിന്ത്യയിലെ മറ്റ് പല ഭാഷകളിലും താരം സജീവമായി അഭിനയിക്കുന്നുണ്ട്. തെലുങ്കില്‍ ഹരികഥ, തമിഴില്‍ പാമ്പു സട്ടൈ എന്നീ ചിത്രങ്ങളില്‍ കീര്‍ത്തിയാണ് നായിക. ഇപ്പോള്‍ ശിവകാര്‍ത്തികേയന്‍ നായകനായ രജനിമുരുകന്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ് താരം. അടുത്തതായി ജീവ നായകനാകുന്ന ‘കാവലൈ വേണ്ടാം’ എന്ന ചിത്രത്തിലും കീര്‍ത്തി അഭിനയിക്കും.

ഹരികഥയില്‍ താന്‍ അന്തര്‍മുഖിയും വളരെ പക്വതയുള്ളൊരു പെണ്‍കുട്ടിയുടെ വേഷമാണ് അവതരിപ്പിക്കുന്നതെന്ന് കീര്‍ത്തി പറഞ്ഞു. ചിത്രത്തില്‍ റാമാണ് നായകന്‍. ‘ഐന ഇഷ്ടം നുവ്വ്’ എന്ന തന്റെ ആദ്യ തെലുങ്ക് ചിത്രത്തില്‍ വളരെ പരമ്പരാഗതമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പാമ്പു സട്ടൈ എന്ന തമിഴ് ചിത്രത്തില്‍ ഒരു പാവപ്പെട്ട കുടുംബത്തില്‍ നിന്നുള്ള ബോള്‍ഡായൊരു പെണ്‍കുട്ടിയുടെ വേഷമാണ് കീര്‍ത്തിക്ക്. അടുത്തതായി ഇത് എന്ന മായം എന്ന തമിഴ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് കീര്‍ത്തി.

വ്യത്യസ്തമായ വേഷങ്ങളെ അവതരിപ്പിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് കീര്‍ത്തി വ്യക്തമാക്കി. ഇതു വരെ താനവതരിപ്പിച്ചതെല്ലാം അത്തരം കഥാപാത്രങ്ങളായിരുന്നു. ഗ്ലാമറസായ വേഷങ്ങള്‍ അവതരിപ്പിക്കാന്‍ താല്‍പര്യമില്ലെന്നും അടുത്ത വീട്ടിലെ പെണ്‍കുട്ടി ഇമേജിലുള്ള, തന്റെ അമ്മ അവതരിപ്പിച്ച തരം കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് താല്‍പര്യമെന്നും കീര്‍ത്തി കൂട്ടിച്ചേര്‍ത്തു.

Top