പ്രധാനമന്ത്രിയെ നിയമം പഠിപ്പിച്ച ധീരതയും അഴിമതിക്കാരുടെ പേടിസ്വപ്നവും നേര്‍ക്കുനേര്‍

ന്യൂഡല്‍ഹി:സിവില്‍ സര്‍വ്വീസ് മേഖലയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച് രാജ്യത്തിന് മാതൃകയായ കിരണ്‍ ബേദിയും അരവിന്ദ് കെജ്‌രിവാളും പരസ്പരം നടത്തുന്ന സംവാദം തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും.

നോ പാര്‍ക്കിംഗ് മേഖലയില്‍ പാര്‍ക്ക് ചെയ്തിരുന്ന മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കാര്‍ ക്രെയിന്‍ ഉപയോഗിച്ച് പൊക്കി മാറ്റി നിയമത്തിന്റെ തുല്യത രാജ്യത്തെ ബോധ്യപ്പെടുത്തിയ മുന്‍ ഐപിഎസ് ഓഫീസറായ കിരണ്‍ ബേദിയും കോടികളുടെ ക്രമക്കേട് നടത്തിയ രാഷ്ട്രീയ – ബിസിനസ് കേന്ദ്രങ്ങളെ വിറപ്പിച്ച ഐആര്‍എസ് ഉദ്യോഗസ്ഥനായ അരവിന്ദ് കെജ്‌രിവാളും തുറന്ന സംവാദത്തില്‍ ഏര്‍പ്പെടുമ്പോള്‍ അത് രാഷ്ട്രീയ ഇന്ത്യക്ക് തന്നെ പുതിയ അനുഭവമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കിരണ്‍ ബേദിയും അരവിന്ദ് കെജ്‌രിവാളും നിലവിലുള്ള വ്യവസ്ഥിതിയോടുള്ള എതിര്‍പ്പുകൊണ്ട് കൂടിയാണ് സര്‍വ്വീസ് കാലയളവ് പൂര്‍ത്തിയാക്കാതെ സിവില്‍ സര്‍വ്വീസിനോട് ഗുഡ്‌ബൈ പറഞ്ഞത്. ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ കിരണ്‍ ബേദിക്കം ആം ആദ്മി പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ അരവിന്ദ് കെജ്‌രിവാളിനും രാഷ്ട്രീയത്തില്‍ ഹിഡണ്‍ അജണ്ടകള്‍ ഇല്ലെന്നതും ശ്രദ്ധേയമാണ്.

കെജ്‌രിവാളിന്റെയും ആം ആദ്മി പാര്‍ട്ടിയുടേയും കുതിപ്പ് തടയാനാണ് അഭിപ്രായഭിന്നതയുണ്ടായിട്ടും കിരണ്‍ ബേദിയെ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.

49 ദിവസത്തെ ഡല്‍ഹി ഭരണത്തിലെ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടുന്നതോടൊപ്പം തന്നെ രാജിവച്ച് ഇടക്ക് ഇറങ്ങിപ്പോയത് തെറ്റാണെന്ന് സ്വയം സമ്മതിക്കാനും പ്രചാരണ യോഗങ്ങളില്‍ കെജ്‌രിവാള്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ചേരി നിവാസികള്‍, ഓട്ടോ റിക്ഷ തൊഴിലാളികള്‍, മധ്യവര്‍ഗ്ഗ വിഭാഗം എന്നിവരുടെ വോട്ട് ലക്ഷ്യമിട്ടാണ് പ്രധാനമായും ആം ആദ്മിയുടെ പ്രചാരണം.

രാജ്യ തലസ്ഥാനത്തെ തിരഞ്ഞെടുപ്പ് ആയതിനാല്‍ അന്താരാഷ്ട്ര പ്രാധാന്യം കണക്കിലെടുത്ത് ബിജെപിയും സര്‍വ്വശക്തിയുമെടുത്ത് രംഗത്തിറങ്ങിയിരിക്കുകയാണ്. കിരണ്‍ ബേദിയെ മഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയത് ബിജെപി ക്യാമ്പില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ അടിതെറ്റിയാല്‍ അത് മോഡിക്കും കേന്ദ്ര സര്‍ക്കാരിനും വന്‍ തിരിച്ചടിയുണ്ടാകുമെന്നതിനാല്‍ സാധ്യമായ എല്ലാ വഴികളും തേടി പഴുതടച്ചാണ് ബിജെപി പ്രചാരണം.

ആംആദ്മി പാര്‍ട്ടിയില്‍ നിന്ന് വന്ന മുന്‍ എംഎല്‍എമാര്‍ അടക്കമുള്ളവര്‍ക്ക് ബിജെപി പ്രവേശനം നല്‍കിയതും വിജയം മാത്രം ലക്ഷ്യമിട്ടാണ്. മുന്‍ ഇന്ത്യന്‍ പൊലീസ് സര്‍വ്വീസ് ഉദ്യോഗസ്ഥയും ഇന്ത്യന്‍ റവന്യൂ സര്‍വ്വീസ് ഉദ്യോഗസ്ഥനും നേര്‍ക്ക് നേര്‍ സംവാദത്തില്‍ ഏര്‍പ്പെടുന്നതോടെ ജനങ്ങളുടെ അന്തിമ തീരുമാനം വ്യക്തമാകുമെന്ന പ്രതീക്ഷയില്‍ സംവാദത്തിനായി കാത്തിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകരും മാധ്യമ പടയും.

തുറന്ന സംവാദത്തിന് കിരണ്‍ ബേദിയെ വെല്ലുവിളിച്ച അരവിന്ദ് കെജ്‌രിവാളിന്റെ നടപടിയെ സംവാദത്തിന് തയ്യാറാണെന്ന മറുപടി നല്‍കിയാണ് കിരണ്‍ബേദി നേരിട്ടത്. ഇതുസംബന്ധമായി ബിജെപി നേതൃത്വം നിലപാട് വ്യക്തമാക്കുന്നതോടെ സംവാദം അരങ്ങേറുമെന്നാണ് സൂചന.

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാതൃകയില്‍ ഇരു വിഭാഗവും നേര്‍ക്ക് നേര്‍ ഒരേ വേദിയില്‍ ഏറ്റുമുട്ടിയാല്‍ അതിന്റെ പരിണിത ഫലം തന്നെയായിരിക്കും തിരഞ്ഞെടുപ്പ് ഫലമായി പുറത്ത് വരിക എന്നും ഉറപ്പാണ്.

ജന്‍ ലോക്പാല്‍ ബില്ലിനോടുള്ള ബിജെപി നിലപാടും കിരണ്‍ ബേദിയുടെ മുന്‍ നിലപാടും സംവാദത്തിലെ പ്രധാന വിഷയമായി ഉയര്‍ന്നുവരും. അണ്ണാഹസാരെയുമായി കെജ്‌രിവാള്‍ വേര്‍പിരിഞ്ഞ അവസരത്തിലും ഹസാരെയുമായി ബന്ധം നിലനിര്‍ത്തിയിരുന്ന കിരണ്‍ ബേദിയുടെ ബിജെപി പ്രവേശനം അണ്ണാഹസാരെക്ക് രസിച്ചിട്ടില്ലെന്നതും യാഥാര്‍ത്ഥ്യമാണ്.

അഴിമതിക്കെതിരായ പോരാട്ടത്തില്‍ അണ്ണാഹസാരെയുടെ ഇടതും വലതും കൈകളായി പ്രവര്‍ത്തിച്ച അനുയായികളില്‍ ആരാണ് ഡല്‍ഹി മുഖ്യമന്ത്രി പദത്തിലെത്തുക എന്നതാണ് ഇപ്പോള്‍ ഡല്‍ഹിയിലെ സംസാര വിഷയം.

Top