പ്രത്യയശാസ്ത്ര നിലപാട് സ്വന്തം കുടുംബത്തില്‍ നടപ്പിലാക്കി എം.എ ബേബി മാതൃകയായി

തിരുവനന്തപുരം: മരണാനന്തരമുള്ള സ്വര്‍ഗ്ഗത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന മതങ്ങളേക്കാള്‍, ജീവിക്കുന്ന ഭൂമിയെ സ്വര്‍ഗ്ഗമാക്കാന്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രം മുറുകെ പിടിച്ച് എം.എ ബേബി.

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെയുള്ള തന്റെ പ്രത്യയശാസ്ത്രപരമായ നിലപാട് സ്വന്തം കുടുംബത്തില്‍ തന്നെ നടപ്പാക്കിയാണ് മറ്റ് രാഷ്ട്രീയ നേതാക്കള്‍ക്ക് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി മാതൃകയായത്.

മുന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനും മകനുമായ അപ്പുവെന്ന അശേകന്റെ വിവാഹം രാഹു കാലത്തില്‍ നടത്തിയാണ് വിശ്വാസപ്രമാണങ്ങളെ ബേബിയുടെ കുടുംബം തിരസ്‌കരിച്ചത്.

ആചാരപ്രകാരം വിവാഹങ്ങള്‍ രാഹുകാലത്തിന് മുന്‍പ് നടത്തണമെന്നതാണ് കീഴ്‌വഴക്കം. ഈ ചട്ടക്കൂടാണ് ബേബിയുടെ കുടുംബം തകര്‍ത്തത്.

വാകത്താനം കൂലിപ്പുരയ്ക്കല്‍ ആന്റണി ജോസഫിന്റെയും അന്നമ്മയുടെയും മകള്‍ സനിധയാണ് അശോകന്റെ വധു. രാവിലെ പത്തരയോടെ കോട്ടയ്ക്കകത്തെ സബ് രജിസ്ട്രാര്‍ ഓഫീസിലാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്.

വൈകീട്ട് മൂന്നരയോടെ രാഹുകാലം നോക്കിയാണ് മാലയിടല്‍ ചടങ്ങ് നടന്നത്.

എ.കെജി ഹാളില്‍ ആര്‍ക്കിടെക്ട് ജി ശങ്കര്‍ തയ്യാറാക്കിയ വേദിയില്‍ വധു വരന്മാര്‍ പരസ്പരം തുളസിമാല കൈമാറി. തുടര്‍ന്ന് കുംടുംബശ്രീ വക ലളിതമായ വിരുന്നും നടന്നു.

ബേബിയുടെയും ഭാര്യ ബെറ്റി ബേബിയുടെയും വരന്റെയും നിലപാടുകള്‍ക്ക് ഭാര്യ വീട്ടുകാരും പൂര്‍ണ്ണ സന്തോഷത്തോടെയാണ് പിന്‍തുണ നല്‍കിയത്.

പ്രസംഗവും പ്രവര്‍ത്തിയും ജീവിത്തില്‍ രണ്ടായി പ്രാവര്‍ത്തികമാക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് ഒരു മാതൃകയാണ് ഈ സിപിഎം കുടുംബത്തിന്റെ വേറിട്ട നിലപാട്.

നേരത്തെ നിര്‍ഭാഗ്യ നമ്പരെന്ന് കരുതപ്പെടുന്ന പതിമൂന്ന്,എംഎല്‍എ ഹോസ്റ്റലിലെ മുറിക്കും സ്‌റ്റേറ്റ് കാറിനുമായി തെരഞ്ഞെടുത്തും ബേബി വ്യത്യസ്തത പുലര്‍ത്തിയിരുന്നു.

Top