പ്രതിപക്ഷത്തിന്റെ അതിക്രമം മലയാളികള്‍ക്കാകെ നാണക്കേടുണ്ടാക്കി: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷം കാണിച്ച അതിക്രമം മലയാളികള്‍ക്കാകെ നാണക്കേടുണ്ടാക്കിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അനുചിതമായി പ്രവര്‍ത്തിച്ച എംഎല്‍എമാര്‍കക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ ജനം തങ്ങളെ കുറ്റക്കാരാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭ പിരിഞ്ഞ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷ എംഎല്‍എമാര്‍ നിയമവും ചട്ടവും മറന്നുപോയെന്നും ഇതിനാലാണ് യുഡിഎഫുകാരെ കുറ്റം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ പ്രസംഗം പദവിക്കു ചേരാത്തതാണെന്നും അദ്ദേഹത്തിനു സമനിലതെറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ച്ചയായ തിരിച്ചടികളാണ് സമനിലതെറ്റാന്‍ കാരണം. യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരെ സംഭവദിവസം പരാതി നല്‍കിയിരുന്നില്ല. സ്ത്രീകളെ അപമാനിച്ചു എന്നുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ഒന്നിച്ചിരുന്നു ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തയ്യാറാണ്. പക്ഷെ പ്രതിപക്ഷം അതിനു തയ്യാറാകുന്നില്ല. അതെന്തുകൊണ്ടാണെന്നു മുഖ്യമന്ത്രി ചോദിച്ചു.

സമരം തുടങ്ങാന്‍ മാത്രമറിയാവുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളതെന്നും മുഖ്യമന്ത്രി പരിഹസിച്ചു. ഒരു കാരണവശാലും വ്യാജ ആരോപണങ്ങളുടെ പേരില്‍ യുഡിഎഫ് എംഎല്‍എമാരെ ബലിയാടാക്കാന്‍ അനുവദിക്കില്ല. ബജറ്റില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകളെ മുന്നില്‍ നിര്‍ത്തി ബജറ്റ് തടയാന്‍ ശ്രമമുണ്ടെന്ന സൂചനയെത്തുടര്‍ന്നാണ് കെ. എം മാണിയുടെ സീറ്റ് രണ്ടാം നിരയിലേക്കു മാറ്റിയതെന്നു മുഖ്യമന്ത്രി പറഞ്ഞു. ആടിനെ പട്ടിയാക്കുന്ന സമീപനമാണ് പ്രതിപക്ഷത്തിന്റേതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Top