പോസ്റ്റല്‍ ബാങ്കിന്റെ പ്രവര്‍ത്തനം അടുത്ത വര്‍ഷമാദ്യം ആരംഭിക്കും

ന്യൂഡല്‍ഹി: പോസ്റ്റല്‍ വകുപ്പിന്റെ പോസ്റ്റല്‍ ബാങ്കിന് ഈ വര്‍ഷം അവസാനത്തോടെ സര്‍ക്കാര്‍ രജിസ്‌ട്രേഷന്‍ ലഭിച്ചേക്കും. 2017 ജനവരിയില്‍ ആദ്യഘട്ട പ്രവര്‍ത്തനം തുടങ്ങാനാകുമെന്നാണ് കരുതുന്നത്. സ്വതന്ത്ര കമ്പനിയായിട്ടായിരിക്കും പോസ്റ്റല്‍ ബാങ്ക് പ്രവര്‍ത്തിക്കുക. 300 കോടിയുടെ മൂലധനം തുടക്കത്തില്‍ ഉണ്ടാകും.

ഒരാളില്‍ നിന്ന് പരമാവധി ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപമാണ് പേമെന്റ് ബാങ്കുകള്‍ക്ക് സ്വീകരിക്കാനാകുക. വിവിധ സേവനങ്ങള്‍ക്കായുള്ള പണം സ്വീകരിക്കാനാകുമെങ്കിലും പേമെന്റ് ബാങ്കുകള്‍ക്ക് വായ്പ നല്‍കാനാകില്ല. എ.ടി.എം., ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കാനാകും.

ഒക്ടോബറോടെ നീതി ആയോഗിന്റെയും പൊതു നിക്ഷേപ ബോര്‍ഡിന്റെയും അംഗീകാരം നേടണമെന്നാണ് ആര്‍.ബി.ഐ. നിര്‍ദേശം. നവംബറില്‍ മന്ത്രിസഭയുടെ അനുമതിയും നേടണം. ഇതിനുശേഷമേ ബാങ്കിങ് പ്രവര്‍ത്തനം തുടങ്ങുന്നതിനായുള്ള നീക്കങ്ങളുമായി മുന്നോട്ടുപോകാനാകൂ.

പേമെന്റ് ബാങ്ക് തുടങ്ങാന്‍ 11 സ്ഥാപനങ്ങള്‍ക്കാണ് റിസര്‍വ് ബാങ്ക് തത്ത്വത്തില്‍ അനുമതി നല്‍കിയത്. ആഗസ്തിലായിരുന്നു ഇത്.

Top