പോലീസില്‍ വന്‍ അഴിച്ചുപണി; എസ്ഐ മുതല്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ വരെ മാറും

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പോലീസ് ഉദ്യോഗസ്ഥ തലത്തില്‍ വന്‍ അഴിച്ച് പണി വരുന്നു. എസ്.ഐ തലം മുതല്‍ ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥ തലം വരെ വ്യാപകമായ മാറ്റമുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുന്‍പ് പോലീസില്‍ അഴിച്ച് പണി അനിവാര്യമായതിനാല്‍ വേണ്ടപ്പെട്ടവരെ തന്ത്രപ്രധാനമായ സ്ഥാനങ്ങളില്‍ നിയോഗിക്കാനാണ് നീക്കം.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഉത്തരവില്‍ തിരൂര്‍ മലപ്പുറം ഡിവൈഎസ്പിമാരെ സ്ഥലംമാറ്റിയപ്പോള്‍ പകരം ലീഗ് നല്‍കിയ ലിസ്റ്റില്‍ നിന്ന് തന്നെയാണ് നിയമനം നല്‍കിയിട്ടുള്ളത്. ഇനി നടത്താന്‍ പോകുന്ന മറ്റ് സ്ഥലംമാറ്റങ്ങളിലും ഇതേമാതൃകയാണ് പിന്‍തുടരുക.

മലബാര്‍ മേഖലയില്‍ മുസ്ലീംലീഗിന്റെയും മധ്യമേഖലയില്‍ കേരള കോണ്‍ഗ്രസിന്റെയും ശുപാര്‍ശകള്‍ ഉദ്യോഗസ്ഥ നിയമനത്തില്‍ ആഭ്യന്തരവകുപ്പിന് പരിഗണിക്കേണ്ടിവരും.

ഇരുപാര്‍ട്ടികളും തങ്ങള്‍ക്ക് വേണ്ടപ്പെട്ട ഉദ്യോഗസ്ഥരുടെ ലിസ്റ്റും നിയമിക്കേണ്ട സ്ഥലങ്ങളും ഇതിനകം തന്നെ കൈമാറിയിട്ടുണ്ട്.

എസ്.ഐ തലംമുതല്‍ ഡിവൈഎസ്പി വരെയുള്ള തസ്തികകകളിലെ നിയമനങ്ങളില്‍ ഐ ഗ്രൂപ്പിന്റെയും ഘടകകക്ഷികളുടെയും മേധാവിത്വം തകര്‍ക്കാന്‍ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ വരുന്ന ഐപിഎസുകാര്‍ വഴി കഴിയുമെന്ന കണക്കുകൂട്ടലിലാണ് എ ഗ്രൂപ്പ്.

ആഭ്യന്തര മന്ത്രിയുമായി കൂടിയാലോചിക്കുമെങ്കിലും എസ്പി മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥ നിയമനത്തില്‍ പൊതു ഭരണ വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ താല്‍പര്യമാണ് ആത്യന്തികമായി നടപ്പാവുക.

പരിശീലനം പൂര്‍ത്തിയാക്കിയ പുതിയ ബാച്ച് എസ്.ഐ മാര്‍ക്ക് അവരുടെ കഴിവ് പരിഗണിച്ച് സ്വന്തം ജില്ലകളില്‍പോലും നിയമനം നല്‍കിയ സാഹചര്യമുള്ളതിനാല്‍ അത്തരക്കാരെ വീണ്ടും ജില്ല മാറ്റേണ്ടി വരും.

തിരഞ്ഞെടുപ്പ് വരുന്നതിനാല്‍ പ്രാദേശിക പാര്‍ട്ടി നേതൃത്വങ്ങള്‍ക്ക് താല്‍പ്പര്യം പഴയ പ്രമോട്ടി എസ്.ഐ മാരോട് തന്നെയാണെന്നതാണ്‌ യാഥാര്‍ത്ഥ്യം. യാതൊരു രാഷ്ട്രീയ ശുപാര്‍ശയുമില്ലാതെ സ്റ്റേഷന്‍ ഭരണം കയ്യാളാന്‍ അവസരം ലഭിച്ച പുതിയ സംഘം എസ്.ഐ മാര്‍ ‘ചതിക്കുമോ’ എന്ന ഭയം പ്രാദേശിക യു.ഡി.എഫ് നേതാക്കള്‍ക്കിടയിലും ശക്തമാണ്.

അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ഭാഗമായി നടക്കുന്ന സ്ഥലമാറ്റത്തില്‍ തങ്ങള്‍ക്ക് സ്വീകാര്യമായ ‘പ്രമോട്ടി’ കളുടെ പേരാണ് ഇവര്‍ പ്രധാനമായും മുന്നോട്ട് വയ്ക്കുന്നത്.

സ്വന്തം ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഓഫീസര്‍മാരെയും തിരഞ്ഞെടുപ്പിന്റെ ഭാഗമായി മാറ്റിയാല്‍ ഫലപ്രഖ്യാപനം കഴിഞ്ഞാല്‍ തിരിച്ച് അതേ സ്ഥലത്ത് തന്നെ നിയമിക്കണമെന്നാണ് നിയമമെങ്കിലും അത് പലപ്പോഴും പാലിക്കപ്പെടാറില്ല.

പോലീസ് ഉദ്യോഗസ്ഥരായതിനാല്‍ പ്രതികാര നടപടി ഭയന്ന് ആരും ഇക്കാര്യത്തില്‍ വാശി പിടിക്കാത്തതിനാല്‍ തങ്ങളുടെ ‘അജണ്ട’ സര്‍ക്കാര്‍ നടപ്പാക്കുകയാണ് ചെയ്യാറുള്ളത്. ജില്ലാ പോലീസ് സൂപ്രണ്ടുമാരടക്കമുള്ള ഐ.പി.എസ്. ഉദ്യോഗസ്ഥരെയും തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി സ്ഥലം മാറ്റുന്നുണ്ട്.

തൃശൂര്‍ ഉള്‍പ്പെടെയുള്ള റേഞ്ചില്‍ പുതിയ ഐ.ജി വരും. നിലവില്‍ പൊലീസ് അക്കാദമിയിലെ ഐ.ജി. സുരേഷ് രാജ് പുരോഹിതിനാണ് ഇവിടെ ചുമതല.

എറണാകുളം കമ്മീഷണര്‍ ജയിംസ് സര്‍വ്വീസില്‍ നിന്ന് വിരമിക്കാന്‍ പോവുന്നതിനാല്‍ വ്യാവസായിക തലസ്ഥാനത്തും പുതിയ കമ്മീഷണറെ കണ്ടെത്തേണ്ടിവരും. നിലവില്‍ പ്രധാനപ്പെട്ട ജില്ലകളുടെ ഭരണം കയ്യാളുന്ന പല എസ്പിമര്‍ക്കും സ്ഥാനം നഷ്ടപ്പെടും.

ഡിപ്പാര്‍ട്‌മെന്റില്‍ ക്ലീന്‍ ഇമേജുകാരായ ഐ.ജി മഹിപാല്‍ യാദവ്, ഡിഐജി പി വിജയന്‍ എന്നിവരെ ക്രമസമാധാന ചതുമതലയില്‍ മടക്കിക്കൊണ്ടുവരാനും അണിയറയില്‍ ആലോചനയുണ്ട്.

എ.ഡി.ജി.പി ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സിലേക്ക് മാറ്റാന്‍ തീരുമാനിച്ച മുന്‍ തീരുമാനം താല്‍ക്കാലികമായി വേണ്ടെന്ന് വച്ച സര്‍ക്കാര്‍, തീരുമാനം പുനഃപരിശോധിച്ചാല്‍ നോര്‍ത്ത് സോണില്‍ പുതിയ എ.ഡി.ജി.പിയെ കണ്ടെത്തേണ്ടി വരും.

പോലീസ് നവീകരണത്തിന്റെ ചുമതലയുള്ള സന്ധ്യയെ നോര്‍ത്ത് സോണില്‍ നിയമിക്കാനാണ് ആഭ്യന്തര വകുപ്പിന് താല്‍പ്പര്യമെങ്കിലും ഐ.പി.എസ് ഉദ്യോഗസ്ഥരുടെ നിയമനത്തില്‍ മുഖ്യമന്ത്രിയുടെ താല്‍പര്യം പ്രധാന ഘടകമാകും. ഇക്കാര്യത്തില്‍ ഡിജിപി സെന്‍കുമാറിന്റെ അഭിപ്രായവും മുഖ്യമന്ത്രി തേടിയേക്കും.

സൗത്ത് സോണ്‍ എ.ഡി.ജി.പി പത്മകുമാറിനെ മാറ്റണമെന്ന അഭിപ്രായം കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ ശക്തമാണെങ്കിലും പ്രമുഖ സമുദായ നേതാവിന്റെ നിലപാടാണ് സര്‍ക്കാരിന് വെല്ലുവിളിയാകുന്നത്.

ക്രിമിനല്‍ – വിജിലന്‍സ് കേസുകളില്‍ പ്രതികളായവരും അന്വേഷണം നേരിടുന്നവരും ക്രമസമാധാന ചുമതലയില്‍ തുടരരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശമുള്ളതിനാല്‍ സരിതയുടെ പരാതിയില്‍ നടക്കുന്ന അന്വേഷണം ചൂണ്ടിക്കാണിച്ച് ആരെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയാല്‍ അത് പത്മകുമാറിന് തിരിച്ചടിയാകും.

ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണോ സര്‍ക്കാര്‍ സ്ഥലംമാറ്റ ഉത്തരവ് നടപ്പാക്കുക എന്നത് കണ്ടറിയേണ്ട കാര്യമാണ്.

Top