പൊലീസ് ഭരണത്തില്‍ കരുണാകരന്റെ പിന്‍ഗാമിയായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഐപിഎസ് ഉദ്യോഗസ്ഥര്‍ മുതല്‍ താഴെതലംവരെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ വിരല്‍ തുമ്പില്‍ നിര്‍ത്തി ഭരണം നടത്തിയ കെ. കരുണാകരന്റെ പാരമ്പര്യത്തിന് ചെന്നിത്തലയുടെ പിന്‍തുടര്‍ച്ച.

പൊലീസ് ഭരണത്തില്‍ താഴെതലം തൊട്ട് സജീവമായി ഇടപെടുന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമനങ്ങളില്‍ മാത്രമല്ല നിലപാടുകളിലും പൊലീസ് ഉന്നതരെ തിരുത്തുകയാണ്. ക്രിമിനല്‍ കേസില്‍ പ്രതിയായ വ്യക്തിയെ എസ്.ഐ ആയി നിയമിക്കുന്നതിനെ എതിര്‍ത്ത് ഡി.ജി.പി നല്‍കിയ റിപ്പോര്‍ട്ട് തള്ളിയ ആഭ്യന്തര മന്ത്രി ഡി.ജി.പിയുടെ നിലപാടെന്തായാലും സര്‍ക്കാരിന് ശരിയെന്ന് തോന്നുന്നത് ചെയ്യുമെന്ന് തുറന്നടിച്ചത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള താക്കീത് കൂടിയാണ്.

ദീര്‍ഘകാലം മുഖ്യമന്ത്രിയായി ആഭ്യന്തര വകുപ്പ് കൈയാളിയിരുന്ന കെ.കരുണാകരന്റെ ശൈലി തന്നെയാണിത്. ആശ്രിതവത്സരായ ഉദ്യോഗസ്ഥരെ നിര്‍ണായക ഘട്ടങ്ങളില്‍ എന്ത് വിലകൊടുത്തും സംരക്ഷിക്കുന്നതോടൊപ്പം സ്വന്തമായ നിലപാട് അടിച്ചേല്‍പ്പിക്കുന്നതിലും കരുണാകരന്‍ മിടുക്ക് കാട്ടിയിരുന്നു. ഇതേ പാത തന്നെയാണ് ഇപ്പോള്‍ ചെന്നിത്തലയും പിന്‍തുടരുന്നത്.

വകുപ്പ് തല വിജിലന്‍സ് സെല്ലുകള്‍ മടിയന്മാരായ ഉദ്യോഗസ്ഥരുടെ ഇടത്താവളമാക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയ ചെന്നിത്തല അന്വേഷണ റിപ്പോര്‍ട്ടുകള്‍ യഥാസമയം കൈമാറാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പ്രഖ്യാപിച്ചത് നിലവിലെ കെട്ടിക്കിടക്കുന്ന ഫയലുകള്‍ക്ക് മോചനത്തിനാണ് വഴി തുറന്നിരിക്കുന്നത്.

സംസ്ഥാന പൊലീസിനെ ആധുനിക വല്‍ക്കരിക്കുന്നതോടൊപ്പം തന്നെ കമ്മ്യൂണിറ്റി പൊലീസിങിനും, സ്റ്റുഡന്റ് പൊലീസിനും വലിയ പ്രാധാന്യമാണ് ആഭ്യന്തര വകുപ്പ് നല്‍കുന്നത്.

പൊലീസ് ഭരണത്തിലെ രാഷ്ട്രീയ ഇടപെടല്‍ ഒരു പരിധിവരെ അവസാനിപ്പിച്ച് പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനാണ് ചെന്നിത്തലയുടെ ഇപ്പോഴത്തെ ശ്രമം. എസ്.ഐ തലം മുതലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ നിയമനങ്ങള്‍ പോലും ആഭ്യന്തര വകുപ്പ് മന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള നിര്‍ദേശത്തിലാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. നേരത്തെ എസ്.ഐമാരെ ജില്ലയില്‍ എസ്.പിക്കും റേഞ്ചില്‍ ഡി.ഐ.ജി/ഐ.ജിമാര്‍ക്കും സോണലില്‍ എ.ഡി.ജി.പിമാര്‍ക്കും സ്ഥലംമാറ്റാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പൊലീസ് ആസ്ഥാനത്തെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡി.ജി.പി കൃഷ്ണമൂര്‍ത്തി വഴിയാണ് ഇത്തരം സ്ഥലംമാറ്റങ്ങള്‍ നടപ്പാക്കുന്നത്.

സെന്‍സിറ്റീവ് വിഷയങ്ങളില്‍ പെട്ടെന്ന് തന്നെ നേരിട്ട് ഇടപെട്ട് തീരുമാനമെടുക്കുന്ന ചെന്നിത്തലയുടെ നിലപാട് കോണ്‍ഗ്രസിലെ എ ഗ്രൂപ്പിലെ പല നേതാക്കള്‍ക്കും ഇപ്പോള്‍ തന്നെ രസിക്കുന്നില്ല. മന്ത്രിസഭാ പു:ന സംഘടന മൂലം എ ഗ്രൂപ്പിന് നഷ്ടപ്പെട്ട ആഭ്യന്തര വകുപ്പ് ഉപയോഗിച്ച് പ്രതിച്ഛായ വര്‍ദ്ധിപ്പിച്ച് ചെന്നിത്തല രംഗത്തത് വരുന്നത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടാണെന്നാണ് എ ഗ്രൂപ്പിലെ ഒരു വിഭാഗത്തിന്റെ ആരോപണം.

അതേസമയം ഈ പോക്ക് പോവുകയാണെങ്കില്‍ സംസ്ഥാന പൊലീസ് സേനയില്‍ മുന്‍ മുഖ്യമന്ത്രി കരുണാകരന് ശേഷം ശക്തമായ സ്വാധീനമുണ്ടാക്കുന്ന വ്യക്തി ചെന്നിത്തല ആയിരിക്കുമെന്നാണ് സേനക്കുള്ളിലെ സംസാരം. സംസ്ഥാനത്തെ ഡി.ജി.പി തസ്തികകളുടെ വര്‍ദ്ധനയുമായി ബന്ധ്‌പ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ എടുത്ത തീരുമാനം ഐ.പി.എസ് ഉദ്യോഗസ്ഥരില്‍ നല്ല പ്രതികരണമാണ് ഉണ്ടാക്കിയിരുന്നത്.

കേന്ദ്രം കൂടുതല്‍ ഡി.ജി.പി തസ്തികകള്‍ അനുവദിക്കാതിരുന്നതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ വിവേചനാധികാരമുപയോഗിച്ചാണ് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോളിന് ഡി.ജി.പി പ്രമോഷന്‍ സര്‍ക്കാര്‍ നല്‍കിയിരുന്നത്. ഇക്കാര്യത്തില്‍ ശക്തമായി ഇടപെട്ടത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയായിരുന്നു. ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരിച്ച് വന്ന അരുണ്‍കുമാര്‍ സിന്‍ഹക്ക് എ.ഡി.ജി.പി പ്രമോഷന്‍ നല്‍കുന്നത് നിലവിലെ സൗത്ത് സോണ്‍ എ.ഡി.ജി.പി പത്മകുമാറിന്റെ നിലനില്‍പ്പ് തന്നെ പരുങ്ങലിലാക്കിയിരുന്നു. ഇദ്ദേഹത്തെ ഐ.ജിയായി തരംതാഴ്‌ത്തേണ്ട സാഹചര്യവും ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ഭോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് ഒഴിവായി പോയത്.

ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ നല്ല മതിപ്പുണ്ടാക്കിയ ഈ തീരുമാനങ്ങളെല്ലാം ചെന്നിത്തലക്ക് ഇപ്പോള്‍ ഗുണകരമാവുകയാണ്. കരുണാകരനു ശേഷം പൊലീസ് സേനയ്ക്കകത്ത് ശക്തമായി പിടിമുറുക്കുന്ന പൊലീസ് മന്ത്രി എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ബാര്‍ കോഴക്കേസിലും എ.ഡി.ജി.പി പത്മകുമാറിനെതിരായ സരിതയുടെ പരാതിയിലും ഉന്നതതല അന്വേഷണം പെട്ടെന്ന് പ്രഖ്യാപിച്ചതും ചെന്നിത്തലയുടെ തന്ത്രപരമായ നീക്കമായിട്ടാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

അതേസമയം നിയമ വിരുദ്ധ പ്രവര്‍ത്തി നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രി തയ്യാറാവണമെന്ന ആവശ്യവും സേനക്കുള്ളില്‍ ശക്തമാണ്. ക്രിമിനല്‍ പ്രവര്‍ത്തനം നടത്തിയതിന് സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരുന്ന ഡി.ഐ.ജിക്കെതിരായ നടപടികള്‍ ഓരോന്നായി അവസാനിപ്പിക്കാന്‍ സര്‍ക്കാരിലെ ചില ഉന്നതര്‍ നടത്തുന്ന നീക്കങ്ങളാണ് ഈ ആക്ഷേപത്തിന് ഇപ്പോള്‍ കാരണമായിരിക്കുന്നത്.

Top