പൊലീസ് പരിഷ്‌കരണം: ഏകാംഗ കമ്മിഷനില്‍ നിന്ന് പണം തിരിച്ചുപിടിക്കണമെന്ന് ശുപാര്‍ശ

തിരുവനന്തപുരം: പൊലീസ് പരിഷ്‌കരണത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ വീഴ്ചവരുത്തിയ ഏകാംഗ കമ്മിഷനില്‍നിന്നു പണം തിരിച്ചുപിടിക്കണമെന്ന് ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശ. പൊലീസ് നവീകരണം പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച മുന്‍ ഡിജിപി പ്രേംശങ്കര്‍ കമ്മീഷനില്‍ നിന്നാണ് ശമ്പളവും ആനുകൂല്യങ്ങളും തിരിച്ചുവാങ്ങാനാണ് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരിക്കുന്നത്.

പൊലീസ് സേനയുടെ പരിഷ്‌കരണത്തെക്കുറിച്ചു പഠിച്ച് ആറുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു ഏകാംഗ കമ്മിഷനു സര്‍ക്കാര്‍ നല്‍കിയിരുന്ന നിര്‍ദ്ദേശം. മുന്‍ ഡിജിപി കെ.ജി. പ്രേം ശങ്കറിനെ ഏകാംഗ കമ്മിഷനാക്കി നിയമിച്ച് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് കൈമാറിയില്ല.

2012 ഓഗസ്റ്റ് 24ന് നിയോഗിച്ച കമ്മിഷന്‍ ആറുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനാല്‍ കാലാവധി മൂന്നുമാസം കൂടി നീട്ടി. ഇതിനിടെ പ്രേംശങ്കര്‍ സര്‍വീസില്‍ നിന്നും വിരമിച്ചു. വിരമിച്ച ശേഷവും കമ്മിഷന്‍ എന്ന നിലിയില്‍ മൂന്നുമാസം കൂടി ഡിജിപി റാങ്കിലുള്ള ശമ്പളവും ആനുകൂല്യങ്ങളും പ്രേംശങ്കര്‍ കൈപ്പറ്റി.

റിപ്പോര്‍ട്ട് ഉടന്‍ കൈമാറണമെന്ന് ആഭ്യന്തരസെക്രട്ടറി നളിനി നെറ്റോ ഈ മാസം വീണ്ടും കത്തയച്ചു. ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ റിപ്പോര്‍ട്ട് വൈകുമെന്നായിരുന്നു മറുപടി. ഇതേത്തുടര്‍ന്നാണ് പ്രേംശങ്കര്‍ വിമരിച്ചശേഷം കമ്മിഷന്‍ എന്ന നിലയില്‍ സര്‍ക്കാരില്‍ നിന്നും ഈടാക്കിയ ശമ്പളവും മറ്റാനുകൂല്യങ്ങളും ഈടാക്കണമെന്നും മറ്റൊരു സമിതിയെ നിയോഗിക്കണമെന്നും നളിനിനെറ്റോ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്.

ആറു ലക്ഷത്തിലധികം രൂപ തിരിച്ചുപിടിക്കേണ്ടവരുമെന്നാണ് ആഭ്യന്തരവകുപ്പിന്റെ കണക്ക്. ഒരു കമ്മിഷന്‍ ഉത്തരവാദിത്വം നിര്‍വ്വഹിക്കാത്തതിനാല്‍ പണം തിരികെ പിടിക്കണമെന്ന് ആഭ്യന്തരസെക്രട്ടറി ശുപാര്‍ശ നല്‍കുന്നത് ഇതാദ്യമാണ്.

Top