സെന്‍കുമാറിന്റെ ‘വഴിമുടക്കികള്‍’ വീണ്ടും… യാത്രയയപ്പും വിവാദമാക്കാന്‍ ഗൂഢ നീക്കം

തിരുവനന്തപുരം: ടി.പി സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയാക്കാതിരിക്കാന്‍ നാണംകെട്ട ഇടപെടലുകള്‍ നടത്തി പരാജയപ്പെട്ട ബാഹ്യ ശക്തികള്‍ സെന്‍കുമാര്‍ സംസ്ഥാന പൊലീസ് ചീഫ് ആയി ചാര്‍ജെടുക്കുന്നതിന് മുന്‍പ് അപമാനിക്കാനും ശ്രമം തുടങ്ങി.

ജയില്‍ മേധാവി സ്ഥാനത്ത് നിന്ന് മാറുന്ന സെന്‍കുമാറിന് നാളെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ജയില്‍ ജീവനക്കാരും ഉദ്യോഗസ്ഥരും നല്‍കുന്ന യാത്രയയപ്പ് വിവാദമാക്കി നാണം കെടുത്താനാണ് ശ്രമം.

സംസ്ഥാനത്തെ 55 ജയില്‍ സൂപ്രണ്ടുമാരില്‍ നിന്നായി 55,000 രൂപ യാത്രയയപ്പിനായി പിരിച്ചെടുക്കുന്നതായ പ്രചാരണം അഴിച്ചുവിട്ട് താറടിക്കാനാണ് ശ്രമം.

സെന്‍കുമാറിന് ഒരു ബന്ധവുമില്ലാത്ത ഈ കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ പേര് വലിച്ചിഴച്ച് പ്രചാരണം നടത്തുന്നത് ‘ഹിഡന്‍ അജണ്ട’ പൊളിഞ്ഞതിന്റെ നൈരാശ്യമാണെന്നാണ് ലഭിക്കുന്ന സൂചന.

സാധാരണ ഗതിയില്‍ ഏത് സര്‍ക്കാര്‍ ജീവനക്കാരന്‍ സ്ഥലംമാറി പോകുമ്പോഴും യാത്രയയപ്പ് നല്‍കുന്നത് പതിവ് രീതിയാണ്. അതിനുവേണ്ടി ജീവനക്കാര്‍ സ്വയം കൈയില്‍ നിന്ന് കാശെടുത്ത് സ്വരൂപിച്ച് തന്നെയാണ് സഹപ്രവര്‍ത്തകര്‍ക്ക് യാത്രയയപ്പ് നല്‍കാറുള്ളത്. അല്ലാതെ സര്‍ക്കാര്‍ ഫണ്ട് കൊള്ളയടിച്ചല്ല.

ജൂനിയര്‍ ജീവനക്കാരന്‍ മുതല്‍ സീനിയര്‍ ഉദ്യോഗസ്ഥര്‍ വരെ എല്ലാ തട്ടിലുള്ള ജീവനക്കാര്‍ക്കും സര്‍ക്കാര്‍ – പൊതുമേഖലാ സ്ഥാപനങ്ങളില്‍ മാത്രമല്ല സ്വകാര്യ സ്ഥാപനങ്ങളില്‍ പോലും യാത്രയയപ്പ് നല്‍കുന്നത് അവര്‍ ജോലി ചെയ്ത വിഭാഗത്തിലെ പ്രവര്‍ത്തന മികവിനുള്ള അംഗീകാരവും വ്യക്തിപരമായ സന്തോഷവും കൂടി മുന്‍നിര്‍ത്തിയാണ്.

കുത്തഴിഞ്ഞ ജയില്‍ വകുപ്പിനെ കാര്യക്ഷമമാക്കിയ സെന്‍കുമാറിന് ജയില്‍ ജീവനക്കാര്‍ നല്‍കുന്ന യാത്രയയപ്പിനെ അഭിനന്ദിക്കേണ്ടതിന് പകരം ‘സങ്കുചിത’ താല്‍പര്യത്തിനായി ഉപയോഗപ്പെടുത്തുന്നത് നല്ല പ്രവണതയല്ലെന്ന വികാരമാണ് ജയില്‍ ജീവനക്കാര്‍ക്കിടയിലുള്ളത്.

തങ്ങള്‍ വ്യക്തിപരമായി സന്തോഷത്തോടെ സംഘടിപ്പിക്കുന്ന യാത്രയയപ്പ് ചടങ്ങില്‍ ബലമായ പണപ്പിരിവ് എന്ന രൂപത്തില്‍ വാര്‍ത്തകള്‍ പുറത്ത് വരുന്നത് വസ്തുതാ വിരുദ്ധമാണെന്ന നിലപാടിലാണവര്‍.

കര്‍ക്കശക്കാരനായ സെന്‍കുമാര്‍ ഡിജിപിയായി വരുന്നതിനോട് താല്‍പര്യമില്ലാതിരുന്ന സര്‍ക്കാരിലെയും പൊലീസിലെയും ‘ചിലര്‍’ നടത്തുന്ന ഗൂഢ നീക്കങ്ങളുടെ ഭാഗമാണ് ‘യാത്രയയപ്പ് വിവാദത്തിന്’പിന്നിലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

സംസ്ഥാനത്തെ പ്രമുഖ സമുദായ നേതാവിന്റെ അടുപ്പക്കാരായ രണ്ട് വിവാദ ഐപിഎസ് ഓഫീസര്‍മാര്‍ മഹേഷ് കുമാര്‍ സിംഗ്ലയെ മുന്‍നിര്‍ത്തി സെന്‍കുമാറിന്റെ വഴിമുടക്കാന്‍ നോക്കിയത് നേരത്തെ തന്നെ പുറത്തായിരുന്നു.

ഇതില്‍ ഒരു ഉദ്യോഗസ്ഥന്‍ സുഹൃത്തിന്റെ എറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിന് സമീപമുള്ള ഫ്‌ളാറ്റില്‍ ‘ബ്ലാക്ക് മാജിക്ക്’ തന്നെ നടത്തിയതായി വിവരവുമുണ്ട്. ഗുരുതര കുറ്റത്തിന് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഈ ഉദ്യോഗസ്ഥനെ വെള്ള പൂശുന്നവരാണ് ഇപ്പോള്‍ സെന്‍കുമാറിനെ താറടിക്കാന്‍ രംഗത്ത് വന്നിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

ഇദ്ദേഹത്തിനെതിരെ വകുപ്പ് തല നടപടിക്ക് കാരണമായിരുന്നത് സെന്‍കുമാര്‍ ഇന്റലിജന്‍സ് മേധാവിയായിരിക്കുമ്പോള്‍ ആഭ്യന്തര വകുപ്പിന് നല്‍കിയ റിപ്പോര്‍ട്ടാണ്.

Top