പൊലീസ് ആസ്ഥാനത്ത് രണ്ട് ഡിജിപിമാരെ പ്രതിഷ്ഠിച്ച സര്‍ക്കാരിന്റെ നാടകം വ്യക്തമായി

തിരുവനന്തപുരം: മാര്‍ച്ച് 31ന് ശേഷം നല്‍കേണ്ട ഉദ്യോഗക്കയറ്റം നേരത്തെ നല്‍കി വിജിലന്‍സ് എഡിജിപി ജേക്കബ് തോമസിനെ സര്‍ക്കാര്‍ ‘പറത്താന്‍’ നോക്കിയത് ഗൂഢലക്ഷ്യത്തോടെ. നിലവിലെ ചട്ടങ്ങളും നടപടിക്രമങ്ങളും മറികടന്നാണ് ജേക്കബ് തോമസ് അടക്കം നാല് പേര്‍ക്ക് ഉദ്യോഗക്കയറ്റം നല്‍കാന്‍ തീരുമാനമെടുത്തിരുന്നത്. മന്ത്രിസഭാ യോഗമെടുത്ത തീരുമാനം വിവാദമായതോടെ സ്‌ക്രീനിംഗ് കമ്മിറ്റി നല്‍കിയ ശുപാര്‍ശ അംഗീകരിക്കുക മാത്രമാണ് ചെയ്തതെന്ന വിശദീകരണവുമായി ആഭ്യന്തര വകുപ്പ് രംഗത്ത് വന്നിട്ടുണ്ടെങ്കിലും ഇത് സംബന്ധമായ ആശങ്ക അകന്നിട്ടില്ല.

സംസ്ഥാനത്ത് അധികമായി ഉദ്യോഗക്കയറ്റം നല്‍കിയിരുന്ന വിന്‍സണ്‍ എം പോള്‍, എന്‍. കൃഷ്ണമൂര്‍ത്തി, പി. ചന്ദ്രശേഖരന്‍ എന്നിവരുടെ ഡിജിപി തസ്തിക അംഗീകരിക്കാതെ ഇതുസംബന്ധമായ ഫയല്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം തിരിച്ചയച്ച സാഹചര്യം നിലനില്‍ക്കെയാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.

ഇനി സര്‍ക്കാരിന്റെ വിവേചനാധികാരം ഉപയോഗിച്ച് ജേക്കബ് തോമസിനെ പ്രമോട്ട് ചെയ്യണമെങ്കില്‍ തന്നെ അത് മാര്‍ച്ച് 31ന് അഡ്മിനിസ്‌ട്രേഷന്‍ ഡിജിപിയായ കൃഷ്ണമൂര്‍ത്തി വിരമിച്ച ഒഴിവിലാണ് ആകേണ്ടിയിരുന്നത്. നിലവിലെ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കൃഷ്ണ മൂര്‍ത്തി റിട്ടയര്‍ ചെയ്തതിന് ശേഷം മാത്രമെ ഇനി ജേക്കബ് തോമസിനെ മാറ്റി നിയമിക്കാന്‍ കഴിയു.

നേരത്തെ പ്രമോഷന്‍ ലഭിച്ച വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം. പോള്‍, ഫയര്‍ ഫോഴ്‌സ് മേധാവി ചന്ദ്രശേഖരന്‍, അഡ്മിനിസ്‌ട്രേഷന്‍ ഡിജിപി കൃഷ്ണമൂര്‍ത്തി എന്നീ ഡിജിപിമാര്‍ക്ക് കേന്ദ്രത്തിന്റെ ഉടക്കിനെ തുടര്‍ന്ന് ഇപ്പോള്‍ എഡിജിപിയുടെ ശമ്പളം മാത്രമാണ് ലഭിക്കുന്നത്. ഈ പട്ടികയിലാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗക്കയറ്റം നല്‍കാന്‍ തീരുമാനിച്ച ജേക്കബ് തോമസ്, ഋഷിരാജ് സിംഗ്, ലോക് നാഥ് ബഹ്‌റ, അരുണ്‍ കുമാര്‍ സിന്‍ഹ എന്നിവരും ഉള്‍പ്പെടുന്നത്.

തിരക്കിട്ട ഈ ഉദ്യോഗക്കയറ്റം ബിജു രമേശ് വിജിലന്‍സിന് നല്‍കുന്ന തെളിവ് മുന്നില്‍ കണ്ടാണെന്ന് ആരോപണമുയര്‍ന്നിരുന്നു. നിലവില്‍ പാറ്റൂര്‍ ഭൂമി ഇടപാടും ബാര്‍ കോഴ കേസിനും മേല്‍നോട്ടം വഹിക്കുന്ന ജേക്കബ് തോമസിന്റെ നിര്‍ദേശ പ്രകാരമാണ് മാണിക്കെതിരേയും ഐഎഎസ് ഉദ്യോഗസ്ഥനായ ടി.ഒ സൂരജിനെതിരെയും വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

ബിജു രമേശ് ചാനല്‍ വഴി പുറത്തുവിടുകയും ഇന്ന് വിജിലന്‍സിന് കൈമാറുകയും ചെയ്യുന്ന സിഡിയിലെ വിവരങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനും, മൊഴി മാറ്റി പറഞ്ഞ ബാറുടമകളെ നുണപരിശോധനയ്ക്ക് വിധേയമാക്കാനും വിജിലന്‍സ് തലപ്പത്ത് ആലോചന നടക്കുന്ന ഘട്ടത്തിലാണ് സ്‌ക്രീനിംഗ് കമ്മിറ്റി ‘ശുപാര്‍ശ’യുമായി സര്‍ക്കാര്‍ രംഗത്ത് വന്നിരുന്നത്.

ഡിജിപി തസ്തികയിലുള്ള വിജിലന്‍സ് ഡയറക്ടര്‍ക്കൊപ്പം മറ്റൊരു ഡിജിപി റാങ്കില്‍ വിജിലന്‍സില്‍ തുടരാന്‍ ജേക്കബ് തോമസിന് കഴിയില്ല. ഈ യാഥാര്‍ത്ഥ്യം മനസിലാക്കിയാണ് സര്‍ക്കാര്‍ ധൃതിപിടിച്ച് തീരുമാനം എടുത്തതെങ്കിലും ഈ തീരുമാനം ഇപ്പോള്‍ സര്‍ക്കാരിന് തന്നെ കെണിയായിരിക്കുകയാണ്.

അതേസമയം പൊലീസ് ആസ്ഥാനത്ത് ഡിജിപി ബാലസുബ്രഹ്മണ്യത്തിന് പുറമെ അഡ്മിനിസ്‌ട്രേഷന്‍ എഡിജിപി തസ്തിക ഡിജിപി തസ്തികയാക്കി ഉയര്‍ത്തി കൃഷ്ണമൂര്‍ത്തിയെ പ്രതിഷ്ടിച്ച സര്‍ക്കാരിന് വിജിലന്‍സില്‍ രണ്ട് ഡിജിപി തസ്തിക സൃഷ്ടിക്കാന്‍ എന്താണ് തടസമെന്ന ചോദ്യവും ഇപ്പോള്‍ ഉയരുന്നുണ്ട്.

പൊലീസ് നിയമനങ്ങളിലും നടപടികളിലും സംസ്ഥാന പൊലീസ് മേധാവി ബാലസുബ്രഹ്മണ്യത്തേക്കാള്‍ സര്‍ക്കാര്‍ ഇപ്പോള്‍ ആശ്രയിക്കുന്നത് കൃഷ്ണമൂര്‍ത്തിയെ ആണ്. ഈ നടപടിക്രമം ശരിയല്ലെന്ന നിലപാടാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയിലുള്ളത്. ചരിത്രത്തില്‍ ആദ്യമായാണ് രണ്ട് ഡിജിപിമാര്‍ പൊലീസ് ആസ്ഥാനത്ത് വാഴുന്നത്.

Top