പൊതുസ്ഥലങ്ങളിലെ യുഎസ്ബി ചാര്‍ജിംഗ് സൂക്ഷിക്കുക; ഹാക്കര്‍മാര്‍ സജീവം

പൊതുസ്ഥലങ്ങളിലെ യുഎസ്ബി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വഴി മൊബൈല്‍ ചാര്‍ജ് ചെയ്താല്‍ മാല്‍വെയര്‍ സ്മാര്‍ട്ട്‌ഫോണിലേക്ക് കയറുന്നതായി അധികൃതരുടെ മുന്നറിയിപ്പ്. ദീര്‍ഘ ദൂര ബസുകളിലും മറ്റ് പൊതു ഇടങ്ങളിലും ഇത്തരത്തിലുള്ള യുഎസ്ബി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സാധാരണമായി തീര്‍ന്നിരിക്കുകയാണ്.

ഇത്തരം സ്ഥലങ്ങളില്‍ യുഎസ്ബി പോര്‍ട്ടുകളില്‍ കണക്ട് ചെയ്ത് ചാര്‍ജ്ജ് ചെയ്യുമ്പോള്‍ സ്മാര്‍ട്ട്‌ഫോണിലേക്ക് മാല്‍വെയര്‍ കയറുകയും അത് ഉപയോഗിച്ച് ഹാക്കര്‍മാര്‍ക്ക് വളരെ വേഗത്തില്‍ ഫോണ്‍ ഹാക്ക് ചെയ്യാനും സാധിക്കും.

സാധാരണയായി ‘ജ്യൂസ് ജാക്കിംഗ്’ എന്നറിയപ്പെടുന്ന രീതിയിലൂടെ ഹാക്കര്‍മാര്‍ക്ക് സ്വന്തം ഫോണുകളില്‍ നിന്നോ ലാപ്ടോപ്പുകളില്‍ നിന്നോ യുഎസ്ബി പോര്‍ട്ട് വഴി ചാര്‍ജിംഗ് സ്റ്റേഷന്‍ ഹാര്‍ഡ്വെയറുകളിലേക്ക് മാല്‍വെയര്‍ പ്രോഗ്രാമുകള്‍ അയയ്ക്കാന്‍ കഴിയും, അതിനുശേഷം ഈ സ്റ്റേഷനുളിലെ യുഎസ്ബി വഴി കണക്ട് ചെയ്യുന്ന സ്മാര്‍ട്ട്‌ഫോണുകളിലേക്ക് ഈ മാല്‍വെയറുകള്‍ കടക്കുന്നു.

ഇത്തരം മാല്‍വെയറുകള്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ കയറാതിരിക്കാനുള്ള മുന്‍ കരുതല്‍ എന്ന നിലയില്‍ പൊതു സ്ഥലങ്ങളില്‍ ചാര്‍ജ്ജ് ചെയ്യാന്‍ യുഎസ്ബി പോര്‍ട്ടുകളേക്കാള്‍ എസി അഡാപ്റ്റര്‍ ഉപയോഗിക്കുന്നതാവും നല്ലത്. എസി അഡാപ്റ്ററുകള്‍ ഉപയോഗിച്ച് ഫോണ്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാവില്ല എന്നാണ് സാങ്കേതിക വിദഗ്ദര്‍ കണക്കാക്കുന്നത്. അമേരിക്കയിലാണ് ഇത്തരം സുരക്ഷാ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് എങ്കിലും ഇന്ത്യപോലൊരു രാജ്യത്ത് ഇത് ഉണ്ടായിരിക്കാനുള്ള സാധ്യത തള്ളിക്കളയനാവില്ല എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Top