പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയ്ക്ക് ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ചെലവുകള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വന്‍ ഓഹരി വില്‍പ്പനയ്‌ക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയ്ക്കുള്ള നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കമിട്ടു. ഒരു ഡസനോളം കമ്പനികളുടെ ഓഹരികള്‍ വിറ്റഴിക്കാനാണ് നീക്കം.

ഓഹരി വില്‍പ്പനയ്ക്ക് മന്ത്രിസഭയുടെ അനുവാദം ലഭ്യമാക്കാനുള്ള തിരക്കിട്ട നടപടികളിലാണ് ധനമന്ത്രാലയം. മൊത്തം 69,500 കോടി രൂപയാണ് ഓഹരി വില്‍പ്പനയിലൂടെ സര്‍ക്കാര്‍ ഈ വര്‍ഷം ലക്ഷ്യമിടുന്നത്. ഇതില്‍ 41,000 കോടി രൂപ മറ്റ് ആസ്തി വില്‍പ്പനയിലൂടെ സമാഹരിക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു.

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട പൊതുമേഖലാ കമ്പനികള്‍ കുറഞ്ഞത് 25 ശതമാനം ഓഹരികള്‍ 2017 ഓടെ വിറ്റഴിക്കണമെന്ന് സെബി നിര്‍ദ്ദേശം നല്‍കിയിരുന്നു. ആസ്തിവില്‍പ്പന നടപ്പിലാക്കാത്ത 30 പൊതുമേഖലാ കമ്പനികളുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കൂടുതല്‍ കമ്പനികള്‍ ആസ്തി വില്‍പ്പനയ്ക്കു തയാറാകണമെന്ന് ഡിസിന്‍വെസ്റ്റ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ആവശ്യപ്പെട്ടു.

നാഷനല്‍ ബില്‍ഡിങ്‌സ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍, എസ്ടിസി, എംഎംടിസി, എന്‍എല്‍സി തുടങ്ങി 12ലേറെ കമ്പനികളുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിനുള്ള നീക്കങ്ങളാണ് നടക്കുന്നത്. വിവിധ മന്ത്രാലയങ്ങളുടെ ഭരണ വിഭാഗങ്ങളുമായി ഊര്‍ജ്ജിത ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും പല വെല്ലുവിളികളും മറികടന്നു കഴിഞ്ഞെന്നും ധനമന്ത്രാലയം അറിയിച്ചു

Top