പൊട്ടിച്ചിരിച്ച് കെ.എം മാണിയും ഉമ്മന്‍ ചാണ്ടിയും; അണികള്‍ക്കും ആവേശം

തിരുവനന്തപുരം: വി.എസിനെതിരായ സിപിഎം സംസ്ഥാന സമ്മേളനത്തിലെ ‘നടപടി’ ആരോപണങ്ങളില്‍ പെട്ട് പിടയുന്ന യുഡിഎഫ് സര്‍ക്കാരിന് ജീവശ്വാസമാകുന്നു.

ബാര്‍കോഴ വിവാദത്തില്‍പ്പെട്ട മന്ത്രി കെ.എം മാണിയെക്കൊണ്ട് ബജറ്റ് അവതരിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും സിപഎമ്മിനും ഇനി ഇക്കാര്യത്തില്‍ എങ്ങനെ മുന്നോട്ട് പോകാന്‍ കഴിയുമെന്നാണ് യുഡിഎഫ് നേതാക്കള്‍ ചോദിക്കുന്നത്.

പാര്‍ട്ടി ഒറ്റുകാരനെന്ന് പരസ്യമായി പറഞ്ഞ വി.എസ് അച്യുതാനന്ദന് പ്രതിപക്ഷ നേതാവിന്റെ റോളില്‍ എങ്ങനെ നിയമസഭയില്‍ ഇരിക്കാന്‍ കഴിയുമെന്ന ചോദ്യത്തിന് സിപിഎം നേതാക്കള്‍ക്കും വ്യക്തമായ മറുപടിയില്ല. നിയമസഭാ സമ്മേളനത്തിന് മുന്‍പ് വി.എസ് പ്രതിപക്ഷ സ്ഥാനത്ത് നിന്ന് രാജി വയ്ക്കുകയോ അല്ലെങ്കില്‍ സിപിഎം നേതൃത്വം അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്ന് നീക്കംചെയ്യുകയൊ ചെയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷരുടെയും വിലയിരുത്തല്‍.

സിപിഎം കേന്ദ്ര നേതൃത്വത്തിലെ നേതൃമാറ്റം വരെ കാത്ത് നില്‍ക്കാന്‍ വി.എസ് ഇനി തയ്യാറായാല്‍ അധികാരത്തിന് വേണ്ടിയായിരുന്നു ഇതുവരെയുള്ള സമ്മര്‍ദങ്ങളെല്ലാം എന്ന് വിലയിരുത്തപ്പെടുമെന്നതിനാല്‍ വി.എസ് ഉടന്‍ രാജിവയ്ക്കണമെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ ഇതിനകം തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.

യുഡിഎഫ് സര്‍ക്കാരിനെതിരെ ശക്തമായ സമരം നടത്താന്‍ തീരുമാനിച്ച് പിരിഞ്ഞ സിപിഎം, സംസ്ഥാന സമ്മേളന തീരുമാനം നടപ്പാക്കാന്‍ അക്രമാസക്തമായ പ്രവര്‍ത്തകരെ രംഗത്തിറക്കുമെന്ന വിവരവും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്.

എന്നാല്‍ നിലവിലെ സിപിഎമ്മിലെ ആഭ്യന്തര പ്രശ്‌നം ഒരു സമരം നടത്തി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ തക്ക ശേഷിയുള്ളതായിരിക്കില്ലെന്ന നിഗമനത്തിലാണ് യുഡിഎഫ്.

സിപിഎം അണികള്‍ക്കിടയിലെയും പിന്‍തുണയ്ക്കുന്ന ജനവിഭാഗങ്ങള്‍ക്കിടയിലെയും അസംതൃപ്തി പരമാവധി ഉപയോഗപ്പെടുത്താനാണ് സര്‍ക്കാരിന്റെയും യുഡിഎഫിന്റെയും നീക്കം. സിപിഎം അനുഭാവികളെ ലക്ഷ്യമാക്കി പ്രവര്‍ത്തനം ശക്തമാക്കാന്‍ ബിജെപിയും കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സിപിഎമ്മില്‍ നിന്ന് പുറത്തേക്ക് വരുവാന്‍ വി.എസ് നിര്‍ബന്ധിക്കപ്പെട്ട സാഹചര്യത്തില്‍ അദ്ദേഹം ഉന്നയിക്കുന്ന ആരോപണങ്ങളില്‍ കയറിപിടിക്കാനാണ് യുഡിഎഫിന്റെയും ബിജെപിയുടെയും നീക്കം.

ബാര്‍ കോഴ വിവാദത്തില്‍ ഏറെ പ്രതിരോധത്തിലായ മന്ത്രി കെ.എം മാണിക്കും ആരോപണങ്ങളില്‍പ്പെട്ട് പിടയുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുമാണ് സിപിഎമ്മിലെ സംഭവ വികാസങ്ങള്‍ ഏറെ സന്തോഷം പകരുന്നത്. സര്‍ക്കാരിനെ ആക്രമിക്കുന്നവര്‍ തന്നെ ഇപ്പോള്‍ മുള്‍മുനയില്‍ നില്‍ക്കുന്നത് യുഡിഎഫ് അണികളെയും ആവേശഭരിതരാക്കിയിട്ടുണ്ട്.

Top