പേഴ്‌സണ്‍ ഓഫ് ദ ഇയര്‍; മുഖ്യമന്ത്രിമാരെ പിന്‍തള്ളി ഐ.പി.എസുകാരന്റെ കുതിപ്പ്

തിരുവനന്തപുരം:പ്രമുഖ ദേശീയ വാര്‍ത്താ ചാനലായ സി.എന്‍.എന്‍-ഐ.ബി.എന്നിന്റെ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ 2014ന്റെ ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ മുഖ്യമന്ത്രിമാരെയും താരങ്ങളെയും പിന്നിലാക്കി ഡി.ഐ.ജി വിജയന്റെ മുന്നേറ്റം.

ഏറ്റവും ഒടുവിലായി കിട്ടുന്ന റിപ്പോര്‍ട്ട് പ്രകാരം 24 ശതമാനം വോട്ട് നേടി പി.വിജയനാണ് ഒന്നാമത്. രണ്ടാം സ്ഥാനത്തുള്ള തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന് ഇതുവരെ 17 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്.

പി.കെ സിനിമയിലൂടെ തരംഗമായ ബോളിവുഡ് സൂപ്പര്‍താരം അമീര്‍ ഖാന് എട്ട് ശതമാനവും, ഇന്ത്യന്‍ ആര്‍മിക്കും മൈക്രോ സോഫ്റ്റ് സി.ഇ.ഒ സത്യനാഥലെയ്ക്കും ആറ് ശതമാനം വീതം വോട്ടുകളും, ബി.ജെ.പി പ്രസിഡന്റ് അമിത് ഷായ്ക്ക് അഞ്ച് ശതമാനം വോട്ടുകളുമാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. പതിനെട്ടാം സ്ഥാനത്തുള്ള ഒറീസ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന് ഒരു ശതമാനവും മുപ്പതാം സ്ഥാനത്തുള്ള ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് പൂജ്യം ശതമാനം വോട്ടുമാണ് ലഭിച്ചിട്ടുള്ളത്.

പേഴ്‌സണ്‍ ഓഫ് ദ ഇയറിന് പുറമേ രാഷ്ട്രീയം, വിനോദം, സ്‌പോര്‍ട്‌സ്, ബിസിനസ്, പബ്ലിക് സര്‍വ്വീസ്, ഗ്ലോബല്‍ ഇന്ത്യന്‍ എന്നീ വിഭാഗങ്ങളിലായി വ്യക്തി മുദ്ര പതിപ്പിച്ചവര്‍ക്കായി ഇന്ത്യന്‍ ഓഫ് ദ ഇയര്‍ അവാര്‍ഡും സി.എന്‍.എന്‍-ഐ.ബി.എന്‍ ചാനല്‍ നല്‍കുന്നുണ്ട്. ഇതിനായി പ്രഗത്ഭര്‍ ഉള്‍പ്പെടെ പ്രത്യേക ജഡ്ജിംഗ് കമ്മിറ്റിയുമുണ്ട്. പേഴ്‌സണ്‍ ഓഫ് ദ ഇയറിനെ കണ്ടെത്താന്‍ മാത്രമാണ് ഓണ്‍ലൈന്‍ വോട്ടിംഗ്.

പബ്ലിക് സര്‍വീസ് വിഭാഗത്തിലെ ഇന്ത്യന്‍ ഓഫ് ദ ഇയര്‍ ആകുമെന്ന് കരുതപ്പെട്ടിരുന്ന സംസ്ഥാന ഇന്റലിജന്‍സ് ഡി.ഐ.ജി പി.വിജയന്‍ എല്ലാവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് പേഴ്‌സണ്‍ ഓഫ് ദ ഇയറിന്റെ വോട്ടിംഗില്‍ ഒന്നാമതെത്തിയിരിക്കുന്നത്.

രാജ്യത്തിനകത്തും പുറത്തും ഒരു പോലെ മാതൃകയായ സ്റ്റുഡന്റ്‌സ് പൊലീസ് സംവിധാനത്തിന് രൂപം കൊടുത്തതും ഔദ്യോഗിക ജീവിതത്തില്‍ നടപ്പാക്കിയ പുത്തന്‍ പരിഷ്‌കാരങ്ങളുമാണ് ഡി.ഐ.ജി വിജയനെ വോട്ടര്‍മാര്‍ക്ക് പ്രിയങ്കരനാക്കിയിരിക്കുന്നത്.

സങ്കീര്‍ണമായ ജീവിത സാഹചര്യങ്ങളോട് പടവെട്ടി മുന്നേറിയ ഐ.പി.എസുകാരനായ വിജയന്റെ അനുഭവങ്ങള്‍ ഏതു സാധാരണക്കാരന്റെയും സ്വപ്നങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.

നിയമപാലനത്തില്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാത്ത കാര്‍ക്കശ്യവും വിജയനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നു. ഈ യാഥാര്‍ത്ഥ്യങ്ങള്‍ തന്നെയാണ് ദേശീയ രംഗത്തെ വമ്പന്‍മാര്‍ അണി നിരന്ന മത്സരത്തില്‍ ഈ ഐ.പി.എസുകാരനെ ശ്രദ്ധേയനാക്കുന്നത്. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി, ദിലീപ്, മഞ്ജു വാര്യര്‍, കാവ്യ മാധവന്‍ തുടങ്ങിയ നിരവധി ജനപ്രിയ താരങ്ങള്‍ വിജയന്റെ വിജയത്തിനായി ഇതിനകം തന്നെ രംഗത്തിറങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ചങ്കൂറ്റമുള്ള മനസിനുള്ള അംഗീകാരം കൂടിയാണ് ഇപ്പോള്‍ ലഭിക്കുന്ന പിന്തുണ.

അതേസമയം, ഇനിയും എത്രനാള്‍ വോട്ടിംഗ് തുടരുമെന്ന് ചാനല്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും വോട്ടിംഗ് പ്രക്രിയയെ അത് ബാധിച്ചിട്ടില്ല. ആഴ്ച്ചയില്‍ ഒരു വട്ടം വോട്ട് ചെയ്തവര്‍ക്ക് വീണ്ടും അടുത്ത ആഴ്ച്ചയില്‍ വോട്ട് രേഖപ്പെടുത്താമെന്ന് അധികൃതര്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.

(താഴെ കൊടുത്ത ചുവന്ന അക്ഷരങ്ങളുടെ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്ത് പി. വിജയന് വോട്ട് രേഖപ്പെടുത്താം. ഇടതു വശത്തുള്ള സബ് മെനുവില്‍ പബ്ലിക് സര്‍വീസ് എന്ന കാറ്റഗറി വഴി അവിടെ കാണുന്ന ആറാം നമ്പറുകാരനായ പി.വിജയന്‍ ഐ.പി.എസിന്റെ പ്രൊഫൈലിന് താഴെയായുള്ള വോട്ട് ബൈ ഷെയറിംഗ് എന്ന ലിങ്കിലാണ് വോട്ട് ചെയ്യേണ്ടത്.)

സിഎന്‍എന്‍ – ഐബിഎന്‍ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിന് പി.വിജയന് വോട്ട് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Top