പേയ്‌മെന്റ് ബാങ്കുകള്‍ക്ക് പ്രാഥമിക അനുമതി നല്‍കി; തപാല്‍ വകുപ്പ് ഉള്‍പ്പെടെ 11 സ്ഥാപനങ്ങള്‍

മുംബൈ: രാജ്യത്ത് ആദ്യമായി പേയ്‌മെന്റ് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് പ്രാഥമിക അനുമതി നല്‍കി. തപാല്‍ വകുപ്പ് ഉള്‍പ്പെടെ 11 സ്ഥാപനങ്ങള്‍ക്കാണ് പേയ്‌മെന്റ് ബാങ്ക് തുടങ്ങാന്‍ തത്ത്വത്തില്‍ അനുമതി നല്‍കിയത്.

കൂടുതല്‍ ജനങ്ങളിലേക്ക് ബാങ്കിങ് സേവനം എത്തിക്കുക എന്ന ലക്ഷ്യവുമായാണ് ഇത്. 18 മാസത്തേക്കാണ് തത്ത്വത്തിലുള്ള അനുമതി നല്‍കിയിരിക്കുന്നത്.

ഈ കാലയളവില്‍ റിസര്‍വ് ബാങ്കിന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അന്തിമ അനുമതിയും ലൈസന്‍സും നല്‍കും. ആര്‍.ബി.ഐ.ക്ക് ലഭിച്ച 41 അപേക്ഷകളില്‍ നിന്നാണ് 11 എണ്ണം തിരഞ്ഞെടുത്തത്.

വിവിധ മേഖലകളിലെ പ്രവര്‍ത്തന പരിചയം കണക്കിലെടുത്താണ് വ്യത്യസ്ത രംഗങ്ങളില്‍ നിന്നുള്ള സ്ഥാപനങ്ങളെ ആര്‍.ബി.ഐ.യുടെ പ്രത്യേക സമിതി പേയ്‌മെന്റ് ബാങ്കുകള്‍ക്കായി തിരഞ്ഞെടുത്തത്.

താരതമ്യേന ചെറിയ ബാങ്കുകളായിരിക്കും പേയ്‌മെന്റ് ബാങ്കുകള്‍. വായ്പ നല്‍കുന്ന കാര്യത്തില്‍ പേയ്‌മെന്റ് ബാങ്കുകള്‍ക്ക് വിലക്കുണ്ട്. അതിനാല്‍, നിലവിലുള്ള വാണിജ്യ ബാങ്കുകളുടേതു പോലുള്ള നഷ്ടസാധ്യത ഇത്തരം ബാങ്കുകള്‍ക്കുണ്ടാവില്ല.

ഓരോ ഇടപാടുകാരില്‍ നിന്നും ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ പേയ്‌മെന്റ് ബാങ്കുകള്‍ക്ക് സ്വീകരിക്കാം. കറന്റ് അക്കൗണ്ട്, സേവിങ്‌സ് അക്കൗണ്ട് നിക്ഷേപങ്ങള്‍ക്ക് അനുമതിയുണ്ട്.

എ.ടി.എം.ഡെബിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യങ്ങളും ഉപഭോക്താക്കള്‍ക്ക് ഒരുക്കാം. മ്യൂച്വല്‍ ഫണ്ട്, ഇന്‍ഷുറന്‍സ് പോളിസികള്‍ എന്നിവയുടെ വിപണനവും നിര്‍വഹിക്കാം. എന്നാല്‍, വായ്പ നല്‍കാനോ ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യാനോ കഴിയില്ല.

പേയ്‌മെന്റ് ബാങ്കിന് അനുമതി കിട്ടിയ സ്ഥാപനങ്ങളില്‍ ടെലികോം കമ്പനികള്‍ മുതല്‍ ഐ.ടി. കമ്പനികള്‍ വരെ ഉള്‍പ്പെടുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എയര്‍ടെല്‍ എം കൊമേഴ്‌സ്, വോഡഫോണ്‍ എംപെസ, ആദിത്യ ബിര്‍ള നുവോ, ചോളമണ്ഡലം ഡിസ്ട്രിബ്യൂഷന്‍ സര്‍വീസസ്, ഫിനോ പേടെക്, നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ് (എന്‍.എസ്.ഡി.എല്‍.), ദിലീപ് സാങ്‌വി (സണ്‍ ഫാര്‍മ), വിജയ് ശേഖര്‍ ശര്‍മ (പേയ്ടിഎം), ടെക് മഹീന്ദ്ര എന്നിവയ്ക്കാണ് തപാല്‍ വകുപ്പിന് പുറമെ അനുമതി ലഭിച്ചത്.

Top