പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത അഡ്വ. സി കെ ശ്രീധരനെ വിമർശിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

കാസർഗോഡ്: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത മുൻ കോൺ​ഗ്രസ് നേതാവും ഇപ്പോൾ സിപിഐഎം അം​ഗവുമായ അഡ്വ. സി കെ ശ്രീധരനെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. മൃഗീയ കൊലപാതകത്തിന്റെ നാൾ വഴികൾ കൃത്യമായി അറിയുന്ന അഭിഭാഷകൻ ചെയ്തത് അക്ഷന്തവ്യമായ അപരാധമെന്ന് മുല്ലപ്പളളി പറഞ്ഞു.

കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബത്തോട് കാട്ടിയ കൊടും ക്രൂരതക്കപ്പുറം നീതിബോധമുള്ള കേരളീയ പൊതു സമൂഹത്തോട് കാട്ടിയ നിന്ദയും അവഹേളനവുമാണ്. അഭിഭാഷകനായാൽ മനഃസാക്ഷി പാടില്ലെന്ന് ഏത് നിയമ പുസ്തകത്തിൽ നിന്നാണ് താങ്കൾ വായിച്ചതെന്നും മുല്ലപ്പളളി ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.

‘പെരിയ ഇരട്ടക്കൊലപാതകക്കേസിൽ ഒന്നാം പ്രതി മുതൽ ഒമ്പത് പ്രതികൾക്ക് വേണ്ടി അഡ്വ: സി.കെ. ശ്രീധരൻ ഹാജരാവുന്നുവെന്ന വാർത്ത തീവ്ര ദു:ഖത്തോടെയാണ് കേട്ടത്. രാജാവിനേക്കാൾ രാജഭക്തി കാണിക്കാനുള്ള വ്യഗ്രതക്കുപരി, പെരിയ കേസ് പ്രതികൾക്ക് വേണ്ടി ഹാജരാകാൻ താങ്കളെ പ്രേരിപ്പിച്ചതെന്താണ് ? താങ്കൾ ഇപ്പോൾ ചെയ്തത് കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബത്തോട് കാട്ടിയ കൊടും ക്രൂരതക്കപ്പുറം നീതിബോധമുള്ള കേരളീയ പൊതു സമൂഹത്തോട് കാട്ടിയ നിന്ദയും അവഹേളനവുമാണ്. കാലവും ചരിത്രവും താങ്കൾക്ക് മാപ്പു തരില്ല,’ മുല്ലപ്പളളി കുറിച്ചു.

 

Top