പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കില്ല: ഇടത് യുവജന സംഘടനകളുടെ സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കല്‍ ഇടതു യുവജനസംഘടനകള്‍ നാലുദിവസമായി നടത്തിവന്ന നിരാഹാര സമരം പിന്‍വലിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കുന്നതിനെതിരെ നടത്തിവന്ന സമരമാണ് പിന്‍വലിച്ചത്. പന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കില്ലെന്ന ഉറപ്പിന്മേലാണ് ഇപ്പോള്‍ സമരം പിന്‍വലിച്ചിരിക്കുന്നത്.

നിലവിലുള്ള തസ്തികകള്‍ വെട്ടിക്കുറയ്ക്കില്ലെന്നും പി.എസ്.സി.യുടെ അഡൈ്വസ് മെമ്മോ ലഭിച്ച എല്ലാവര്‍ക്കും ജോലി നല്‍കുമെന്നും ചര്‍ച്ചയില്‍ ഉറപ്പുലഭിച്ചതായി ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് ടി.വി. രാജേഷ് എം.എല്‍.എ. അറിയിച്ചു.

ചര്‍ച്ചകളില്‍ സര്‍ക്കാരിനെ പ്രതിനിധാനം ചെയ്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരും ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് ടി.വി. രാജേഷ് എം.എല്‍.എ, എ.ഐ.വൈ.എഫ്. സംസ്ഥാന പ്രസിഡന്റ് ജി. കൃഷ്ണപ്രസാദ് എന്നിവരും പങ്കെടുത്തു.

ചര്‍ച്ചയില്‍ യോജിപ്പുണ്ടായതിനെത്തുടര്‍ന്ന് നിരാഹാരം അനുഷ്ഠിച്ചിരുന്നവര്‍ക്ക് സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍, മുന്‍മന്ത്രിമാരായ സി. ദിവാകരന്‍, വി. സുരേന്ദ്രന്‍പിള്ള എന്നിവര്‍ നാരങ്ങാനീര് നല്‍കി സമരം അവസാനിപ്പിച്ചു.

ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എം. സ്വരാജ്, എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറി കെ. രാജന്‍, യുവജനതാദള്‍ നേതാവ് അരുണ്‍ചാണ്ടി, എല്‍.വൈ.സി. നേതാവ് ഷനില്‍രാജ്, യൂത്ത്ഫ്രണ്ട് നേതാവ് ജയ്‌സണ്‍ ജോസഫ്, യൂത്ത് കോണ്‍ഗ്രസ്എസ് നേതാവ് സന്തോഷ്‌കാല എന്നിവരാണ് നിരാഹാരം നടത്തിയിരുന്നത്.

Top