പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കാന്‍ നീക്കം; അണിയറയില്‍ സര്‍വീസ് സംഘടനകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 55 ല്‍ നിന്ന് 58 ആക്കണമെന്ന നിര്‍ദേശം നടപ്പാക്കണമെന്ന് വീണ്ടും ധനകാര്യ വകുപ്പ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കില്ലെന്ന നിലപാട് പ്രഖ്യാപിച്ചിട്ടും ഇത് ചെവികൊള്ളാതെയാണ് ധനകാര്യ വകുപ്പ് നിലപാട് ശക്തമാക്കുന്നത്.

ബാര്‍ കോഴ വിവാദത്തില്‍ നിന്ന് തല്‍ക്കാലം തലയൂരിയ ധനകാര്യമന്ത്രി കെഎം മാണി പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത യുഡിഎഫ് യോഗത്തില്‍ വ്യക്തമാക്കുമെന്നാണ് സൂചന.

പ്രതിപക്ഷത്തേയും ഭരണപക്ഷത്തെയും പ്രതിഷേധം പേടിച്ച് തീരുമാനം മാറ്റിവെച്ചാല്‍ ധനകാര്യവകുപ്പ് മന്ത്രി എന്ന നിലയില്‍ മുന്നോട്ട് പോകാന്‍ ബുദ്ധിമുട്ടാകുമെന്ന തിരിച്ചറിവിലാണ് മാണി നിലപാട് കടുപ്പിക്കാനൊരുങ്ങുന്നത്.

വരുന്ന മാര്‍ച്ചില്‍ നല്ലൊരു ശതമാനം ജീവനക്കാര്‍ വിരമിക്കുന്നത് സംസ്ഥനത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ക്കുമെന്നാണ് ധനകാര്യവകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

പ്രതിപക്ഷ – ഭരണപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രി പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കില്ലെന്ന് പറഞ്ഞതെന്നാണ് യുഡിഎഫ് അനുകൂല സര്‍വീസ് സംഘടനാ നേതാക്കളും വ്യക്തമാക്കുന്നത്. പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കാതെ മുന്നോട്ട് പോകാന്‍ സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തികസ്ഥിതി അനുവദിക്കാത്തതിനാല്‍ നിലവിലെ വിരമിക്കല്‍ പ്രായം 55 എന്നുള്ളത് 58 എങ്കിലും ആക്കണമെന്നതാണ് ധനകാര്യ വകുപ്പിന്റെ ശുപാര്‍ശ. യുഡിഎഫ് സര്‍വീസ് സംഘടനകളും ഇതിനായി അണിയില്‍ ചരടുവലി തുടങ്ങിയിട്ടുണ്ട്.

കേന്ദ്രത്തില്‍ നിന്ന് കാര്യമായ സഹായം ലഭിക്കില്ലെന്ന് വ്യക്തമായ സ്ഥിതിയ്ക്ക് മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ഘടക കക്ഷികളുമെല്ലാം മുന്‍ നിലപാട് പുന:പരിശോധിക്കുമോ എന്നാതാണ് ഇനി കണ്ടറിയേണ്ടത്.

Top