പെണ്‍ഭ്രൂണഹത്യ തടയാന്‍ പഞ്ചാബ് സര്‍ക്കാര്‍ ഡിക്ടറ്റീവുകളുടെ സഹായം തേടുന്നു

ചണ്ഡിഗഡ് : അനധികൃതമായി ലിംഗനിര്‍ണയം നടത്തുന്ന സ്വകാര്യ ക്ലിനിക്കുകള്‍ കണ്ടെത്താന്‍ പഞ്ചാബ് സര്‍ക്കാര്‍ സ്വകാര്യ ഡിക്ടറ്റീവുകളുടെ സഹായം തേടുന്നു. ആരോഗ്യമന്ത്രി സുര്‍ജിത് ബയാണി ആണ് ഇക്കാര്യം അറിയച്ചത്.

സംസ്ഥാന സൂപ്പര്‍വൈസറി ബോര്‍ഡിന്റെ കൂടിക്കാഴ്ചക്കിടയിലാണ് അദ്ദേഹം പെണ്‍ഭ്രൂണഹത്യ തടയുന്നതിനായി സര്‍ക്കാര്‍ കൈക്കൊണ്ട പുതിയ തീരുമാനത്തെക്കുറിച്ച് പറഞ്ഞത്. പഞ്ചാബില്‍ പി.എന്‍.ഡി.റ്റി ആക്ട് നടപ്പാക്കിയത് സംസ്ഥാന സൂപ്പര്‍ വൈസറി ബോര്‍ഡായിരുന്നു.

പി.എന്‍.ഡി.റ്റി ആക്ട് ലംഘിച്ച് ലിംഗനിര്‍ണയം നടത്തുന്ന സ്വകാര്യ അള്‍്ട്രാസൗണ്ട് സ്‌കാനിംഗ് സെന്ററുകള്‍ നിരീക്ഷിക്കാന്‍ സിവില്‍ സര്‍ജന്‍മാര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അനധികൃതമായി ലിംഗനിര്‍ണയം നടത്തുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ ബന്ധപ്പെട്ടവരെ വിവരമറിയിക്കണം. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

അനധികൃതമായി ലിംഗനിര്‍ണയം നടത്തുന്ന സെന്ററുകളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരുലക്ഷം മുതല്‍ ഇരുപതിനായിരം രൂപ വരെ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

Top