വേദിയില്‍ സ്ത്രീ സാന്നിധ്യം ഉണ്ടാവരുതെന്ന്‌ ആവശ്യപ്പെട്ടിട്ടില്ലെന്ന് ആശ്രമം അധികൃതര്‍

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിന്റെ പുസ്തക പ്രകാശന ചടങ്ങില്‍ സ്ത്രീകള്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് സ്വാമി നാരായന്‍ സന്യാസ സന്‍സ്ഥാന്‍ ആശ്രമ അധികൃതര്‍ വ്യക്തമാക്കി.

സന്യാസ സമൂഹം ആദരണീയതയോടെ കാണുന്ന കലാമിന്റെ ആത്മീയ ഗുരുവായ പ്രമുഖ് സ്വാമിജിയേക്കുറിച്ചും മഠത്തേക്കുറിച്ചും വിശദമായി പ്രതിപാതിക്കുന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയുടെ പ്രകാശനത്തില്‍ പങ്കെടുക്കാന്‍ ഒരു ഡിമാന്‍ഡും സംഘാടകര്‍ക്ക് മുന്നില്‍ വച്ചിരുന്നില്ല.

തങ്ങള്‍ ആവശ്യപ്പെടാത്ത കാര്യങ്ങള്‍ ഉന്നയിച്ച് ആശ്രമത്തേയും സ്വാമി ബ്രഹ്മ വിഹാരി ദാസിനെയും വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നതില്‍ ആശ്രമ അധികൃതര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്.

വിവാദങ്ങള്‍ ഉണ്ടാക്കിയവര്‍ തന്നെ യഥാര്‍ത്ഥ വസ്തുത പരിശോധിച്ച് അത് അവസാനിപ്പിക്കണമെന്ന നിലപാടിലാണ് ആശ്രമം അധികൃതര്‍.

സെപ്തംബര്‍ രണ്ടിന് ലണ്ടനില്‍ വച്ച് നടന്ന ഇതേ പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പിന്റെ പ്രകാശന ചടങ്ങില്‍ സ്ത്രീകള്‍ അടക്കമുള്ള നിരവധിപേര്‍ പങ്കെടുത്തിരുന്നതായും അധികൃതര്‍ ചൂണ്ടിക്കാട്ടി.

പുസ്തക പ്രസാധകരും പരിഭാഷകയും ‘കച്ചവടതാല്‍പര്യം’ മുന്‍ നിര്‍ത്തി ഒത്തുകളിക്കുകയായിരുന്നുവെന്ന വാദത്തിന് ബലമേകുന്നതാണ് ആശ്രമം അധികൃതരുടെ ഈ നിലപാട്.

സ്വാമിജി ആവശ്യപ്പെട്ടതുകൊണ്ടാണ് കറന്റ് ബുക്‌സ് അധികൃതര്‍ തന്നോട് ചടങ്ങിന് വരേണ്ടെന്ന് പറഞ്ഞതെന്നായിരുന്നു പരിഭാഷക ശ്രീദേവി കര്‍ത്തയുടെ വാദം.

കേട്ടപാതി കേള്‍ക്കാത്ത പാതി എടുത്ത് ചാടിയ പ്രതിഷേധക്കാരും വിവാദത്തിന് പുറകെപോയ മാധ്യമങ്ങളും പുറത്ത് വരുന്ന പുതിയ വെളിപ്പെടുത്തലുകളില്‍ ആശയക്കുഴപ്പത്തിലാണ്.

പ്രതിഷേധക്കാരുടെ ഇടയിലേക്ക് സ്വാമിജി വന്നിരുന്നെങ്കില്‍ വലിയ സംഘര്‍ഷാവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുമായിരുന്നുവെന്നാണ് പൊലീസും പറയുന്നത്.

അതേസമയം മന:പൂര്‍വ്വം സാമുദായിക സ്പര്‍ദ്ദ ഉണ്ടാക്കാന്‍ ശ്രമം നടത്തിയവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസടുക്കണമെന്ന ആവശ്യവും ഇപ്പോള്‍ ശക്തമായി ഉയര്‍ന്നിട്ടുണ്ട്.

മത സൗഹാര്‍ദ്ദം തകര്‍ക്കുന്നതിനിടയാക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ ഐപിസി 153 (A) ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്നാണ് ഉയര്‍ന്ന് വരുന്ന ആവശ്യം.

സ്ത്രീകള്‍ വേദിയില്‍ വരരുതെന്ന ഡിമാന്‍ഡ് വച്ചിട്ടില്ലെന്ന് രേഖാമൂലം പൊലീസിന് ആശ്രമം അധികൃതര്‍ മറുപടി നല്‍കിയാല്‍ വിവര്‍ത്തകയും പുസ്തക പ്രസാധകരും പ്രതികളാകുന്ന സാഹചര്യമുണ്ടാകുമെന്നാണ് നിയമ വിദഗ്ദ്ധരും ചൂണ്ടിക്കാട്ടുന്നത്.

രാജ്യത്തിന് അകത്തും പുറത്തും ലക്ഷക്കണക്കിന് അനുയായികളുള്ള സ്വാമി നാരായന്‍ സന്യാസ സന്‍സ്ഥാന്‍ എന്ന ആത്മീയ സംഘടനയുടെ ഭാഗമായ സന്യാസിക്കെതിരെ എന്തെങ്കിലും നടപടി ഉണ്ടായിരുന്നെങ്കില്‍ അത് വലിയ കലാപത്തിന് തന്നെ വഴിയൊരുക്കുമായിരുന്നുവെന്ന അഭിപ്രായത്തിലാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍.

ഗുജറാത്തിലെ വഡോദരയിലുള്ള പ്രമുഖ് സ്വാമിയുമായി ഇടപഴകിയ കലാമിനെ സ്വാധീനിച്ച ചില കാര്യങ്ങളെ ആധാരമാക്കിയുള്ള ദര്‍ശനങ്ങളാണ് ‘കാലാതീതത്തില്‍’ വിശദീകരിക്കുന്നത്.

‘ ഞാന്‍, എന്റെമാത്രം’ എന്ന ചിന്ത അരുതെന്ന് കലാം പഠിച്ചത് സ്വാമിജിയില്‍ നിന്നാണെന്ന് കലാമിനൊപ്പം ഗ്രന്ഥകാരനായിരുന്ന അരുണ്‍ തിവാരി വ്യക്തമാക്കി.

നല്ല മനുഷ്യനെന്ന സങ്കല്‍പ്പത്തെക്കുറിച്ചുള്ള ജ്ഞാനം സ്വാമിയില്‍ നിന്നാണ് കലാമിന് ലഭിച്ചതെന്ന് പുസ്തകത്തില്‍ അടിവരയിടുന്നുണ്ട്.

ഭൗതിക വളര്‍ച്ച കൈവരിക്കുന്നതിനേക്കാള്‍ നല്ല മനുഷ്യനെ വളര്‍ത്തിയെടുക്കുന്നതിന് പ്രാധാന്യമുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു.

രാഷ്ട്രപതി പദവിയില്‍ നിന്ന് വിരമിച്ച ശേഷം അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്കും കുട്ടികള്‍ക്കും മാര്‍ഗ്ഗദര്‍ശനങ്ങള്‍ നല്‍കുന്നതിനായി ജീവിതം ഉഴിഞ്ഞുവച്ചത്‌ അതുകൊണ്ടു തന്നെയാണെന്നാണ് പുസ്തകത്തില്‍ പ്രതിപാതിച്ചിരിക്കുന്നത്.

ഇപ്പോഴത്തെ വിവാദങ്ങളിലെ ‘ദുരൂഹത’ സംബന്ധിച്ച് കേന്ദ്രസംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികള്‍ വിശദമായ അന്വേഷണം തന്നെ ഇതിനകം തുടങ്ങിയിട്ടുണ്ട്.

(ബ്രിട്ടനില്‍ ‘കാലാതീതത്തിന്റെ’ ഇംഗ്ലീഷ് പതിപ്പായ ‘Transcendence My Spiritual Experience with Pramukh Swamiji’ പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സന്യാസിമാര്‍ക്കൊപ്പം പങ്കെടുത്ത നൂറുകണക്കിന് സ്ത്രീകളടങ്ങുന്ന സദസ്സ്)
sdsd

Top