പുല്‍പ്പള്ളിയിലെ മാവോയിസ്റ്റ് വധഭീഷണി; കേന്ദ്രം ഐബിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: പുല്‍പ്പള്ളി പോലീസ് സ്റ്റേഷന്‍ തകര്‍ക്കുമെന്നും അഞ്ചു പോലീസുകാരെ കൊല്ലുമെന്നുമുള്ള മാവോയിസ്റ്റുകളുടെ പേരില്‍ വന്ന കത്ത് സംബന്ധമായി ഐബി അന്വേഷണം തുടങ്ങി. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശ പ്രകാരമാണ് അന്വേഷണം.

ഭീഷണിക്കത്ത് സംബന്ധമായി ഐബി നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടത്.

47 വര്‍ഷത്തിനു ശേഷം വീണ്ടും പുല്‍പ്പള്ളി പോലീസ് സ്‌റ്റേഷനില്‍ നക്‌സല്‍ ആക്രമണമെന്ന ഭീഷണി സംസ്ഥാന ആഭ്യന്തരവകുപ്പിനെ മാത്രമല്ല കേന്ദ്ര ആഭ്യന്തര വകുപ്പിനെയും ഞെട്ടിച്ചിരിക്കുകയാണ്. 1968 നവംബര്‍ 24നാണ് പുല്‍പ്പള്ളി പോലീസ് സ്റ്റേഷനില്‍ നക്‌സല്‍ ബാരി അക്രമിച്ച് വസന്തത്തിന്റെ ഇടിമുഴക്കം പ്രഖ്യാപിച്ചത്. അന്ന്  വയര്‍ലസ് ഓപ്പറേറ്ററായിരുന്ന കുഞ്ഞിക്കൃഷ്ണന്‍ നായര്‍ കൊല്ലപ്പെട്ടിരുന്നു. അതിനു ശേഷം കനത്തപോലീസ് നടപടിയിലൂടെ ഇല്ലായ്മ ചെയ്യപ്പെട്ട നക്‌സലേറ്റുകളുടെ പിന്‍ഗാമികളായ മാവോയിസ്റ്റുകളാണ് വീണ്ടും രക്തരൂക്ഷിത പോരാട്ടം പ്രഖ്യാപിച്ചിരിക്കുന്നത്.

പുല്‍പ്പള്ളി എസ്‌ഐക്ക് ലഭിച്ച ഭീഷണിക്കത്തിന്റെ പകര്‍പ്പ് ഐബി ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്. പുല്‍പ്പള്ളിയില്‍നിന്നുതന്നെ പോസ്റ്റ് ചെയ്തിട്ടുള്ള കത്തില്‍ വളരെ അവ്യക്തമായിട്ടാണ് വാചകങ്ങള്‍ എഴുതിയിരിക്കുന്നത്. ആരുടേയും പേരും അഡ്രസും രേഖപ്പെടുത്തിയിട്ടുമില്ല.

ആരൊയൊക്കെയാണ് ലക്ഷ്യമെന്നോ ആക്രമണം എന്നു നടത്തുമെന്നോ കത്തില്‍ പറഞ്ഞിട്ടില്ല. സാധാരണക്കാരെ വല്ലാതെ വിഷമിപ്പിക്കുകയും അഴിമതിക്ക് കൂട്ടുനില്‍ക്കുകയും വന്‍തോതില്‍ കൈക്കൂലി വാങ്ങുകയും ചെയ്യുന്ന ചില പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുമെന്നും അവരുടെ പ്രവര്‍ത്തികള്‍ക്ക് വിരാമം ഇടുമെന്നും കാണിച്ച് നേരത്തെ മാവോയിസ്റ്റുകളുടെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

മുന്‍പ് ജില്ലയിലെ അഞ്ച് പോലീസ് സ്റ്റേഷനുകള്‍ക്ക് മാവോയിസ്റ്റ് ഭീഷണിയുള്ളതായി സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുണ്ടായിരുന്നു. പുല്‍പ്പള്ളി, കേണിച്ചിറ, തിരുനെല്ലി, തലപ്പുഴ, മേപ്പാടി സ്റ്റേഷനുകള്‍ക്കായിരുന്നു ഭീഷണി. അഞ്ച് സ്റ്റേഷനുകള്‍ക്കും പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കുകയും സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുകയും ചെയ്തിരുന്നു. അതിനിടയിലാണ് ഇപ്പോള്‍ ഭീഷണിക്കത്ത് ലഭിച്ചിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ ജില്ലയിലെ മുഴുവന്‍ സ്റ്റേഷനുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കാനാണ് നിര്‍ദേശം.

കേരള കര്‍ണാടക അതിര്‍ത്തിയിലുള്ള പെരിക്കല്ലൂരിലെ പോലീസ് ഔട്ട് പോസ്റ്റ് ശക്തമായ കാവലിലാണ്. നാല് പോലീസുകാരാണ് ഇവിടെയുള്ളത്. ഇതിനുമുന്‍പ് ജില്ലയിലെ ചില റിസോര്‍ട്ടുകള്‍ക്ക് നേരേയും മാവോയിസ്റ്റ് ആക്രമണമുണ്ടായിരുന്നു.

പാലക്കാട്ടും എറണാകുളത്തും മാവോയിസ്റ്റുകളുടെ പേരില്‍ നടന്ന ആക്രമണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഇതുവരെ പൊലീസിന് കണ്ടെത്താനും കഴിഞ്ഞിട്ടില്ല.  ഈ സാഹചര്യത്തിലാണ് ഐബി അന്വേഷണം ശക്തമാക്കിയിരിക്കുന്നത്.

Top