ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ ബീഹാറി യുവതിയുടെ അനിശ്ചിതകാല സമരം

പാറ്റ്‌ന: ഭര്‍ത്താവിനും ഭര്‍ത്താവിന്റെ കുടുംബത്തോടുമൊപ്പം ജീവിക്കാന്‍ ബീഹാറി യുവതി അനിശ്ചിതകാല സമരത്തില്‍. പത്തൊന്‍പതുകാരി പ്രീതി കുമാരിയാണ് ബെഗുസരയ് ജില്ലയിലുള്ള ഭര്‍ത്താവിന്റെ വീടിന് മുന്നില്‍ സമരം ആരംഭിച്ചത്. പ്രിതീ കുമാരിയുടെ സുഹൃത്തുക്കളും ബന്ധുക്കളും സമരത്തിന് പിന്‍തുണയുമായി എത്തിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ ധീരജ് ഠാക്കൂറുമായുള്ള പ്രീതി കുമാരിയുടെ വിവാഹം നടന്നത്. എന്നാല്‍ പ്രീതിയെ മരുമകളായി സ്വീകരിക്കാന്‍ ധീരജിന്റെ കുടുംബം തയ്യാറായില്ല. പ്രീതിയുടെ ബന്ധുക്കള്‍ ബലംപ്രയോഗിച്ച് വിവാഹം നടത്തുകയായിരുന്നുവെന്നും ധീരജിന് വിവാഹത്തില്‍ താത്പര്യമുണ്ടായിരുന്നില്ലെന്നും ധീരജിന്റെ കുടുംബം ആരോപിക്കുന്നു.

വിവാഹം കഴിഞ്ഞ ഇത്ര നാളുകള്‍ കഴിഞ്ഞിട്ടും പ്രീതിയെ തന്റെ ഭാര്യയായി സ്വീകരിക്കാന്‍ ധീരജ് തയാറായില്ല. ഈ സാഹചര്യത്തില്‍ ധീരജിന്റെ വീട്ടില്‍ താമസം ആരംഭിക്കാനായിരുന്നു പ്രീതി ആദ്യം തീരുമാനിച്ചത്. എന്നാല്‍ ധീരജിന്റെ മാതാപിതാക്കള്‍ അനുവദിച്ചില്ല. ഇതേതുടര്‍ന്നാണ് ധീരജിന്റെ വീടിന് മുന്നില്‍ കുത്തിയിരുന്ന് സമരം നടത്താന്‍ പ്രീതി തീരുമാനിച്ചത്. ധീരജിന്റെ കുടുംബം തന്നെ മരുമകളായി സ്വീകരിക്കുന്നത് വരെ സമരം തുടരുമെന്നും മരിച്ചാലും സ്വന്തം വീട്ടിലേക്ക് തിരിച്ചുപോകില്ലെന്നും പ്രീതി പറയുന്നു.

Top