പുതിയ വിജിലന്‍സ് ഡയറക്ടറുടെ നിയമനം; സീനിയോറിറ്റി അട്ടിമറിക്കാന്‍ നീക്കം…?

തിരവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍ നവംബറില്‍ വിരമിക്കുന്നത് സംസ്ഥാന സര്‍ക്കാരിന് വന്‍ വെല്ലുവിളിയാകും.

വിന്‍സന്‍ എം പോളിന്റെ ഒഴിവില്‍ ബറ്റാലിയന്‍ എ.ഡി.ജി.പി ഋഷിരാജ് സിംങ്ങാണ് ഡി.ജി.പിയാവുക.

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് ജയില്‍ മേധാവി ലോക്‌നാഥ് ബഹ്‌റയെ നിയമിക്കാനാണ് സര്‍ക്കാര്‍ തലപ്പത്ത് ആലോചനയെങ്കിലും പകരം ജയില്‍ മേധാവിയായി ജേക്കബ് തോമസിനേയോ ഋഷിരാജ് സിംങ്ങിനേയോ നിയമിക്കേണ്ടി വരുമെന്നതാണ് ആഭ്യന്തര വകുപ്പിന്റെ ഉറക്കം കെടുത്തുന്നത്.

അഴിമതിയുടെയും നടപടിയുടെയും കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ജേക്കബ് തോമസും ഋഷിരാജ് സിംങ്ങും സര്‍ക്കാരിന്റെ കണ്ണിലെ കരടായതിനാല്‍ ഈ അസാധാരണ സാഹചര്യം സര്‍ക്കാര്‍ എങ്ങനെ നേരിടുമെന്നാണ് പൊലീസ് സേന ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

ധനമന്ത്രി കെ.എം മാണിക്കെതിരെ ബാര്‍ കോഴ വിവാദത്തില്‍ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതാണ് ജേക്കബ് തോമസിനെ സര്‍ക്കാരിന് അതൃപ്തനാക്കിയതെങ്കില്‍, വകുപ്പ് മന്ത്രിയെ പോലും സല്യൂട്ടടിക്കാതെ ഒറ്റയാള്‍ പോരാട്ടം നടത്തുന്നതാണ് ഋഷിരാജ് സിംങ്ങിന് വിനയാകുന്നത്.

ഏത് തസ്തിക ലഭിച്ചാലും അവിടെ കര്‍ക്കശ നിലപാടുകള്‍ കൊണ്ട് സര്‍ക്കാരിന് ‘തലവേദനയുണ്ടാക്കുന്നവരാണ് ‘ രണ്ട് പേരും.

ഡിജിപിയായി ഉദ്യോഗക്കയറ്റം കിട്ടിയ ജേക്കബ് തോമസിനെ ഫയര്‍ഫോഴ്‌സ് മേധാവിയായി നിയമനം നല്‍കിയതോടെയാണ് ഫയര്‍ഫോഴ്‌സിന്റെ ‘വില’ അവിടുത്തെ ഉദ്യോഗസ്ഥര്‍ തന്നെ അറിഞ്ഞത്.

കൂറ്റന്‍ കെട്ടിടങ്ങള്‍ക്കും ക്വാറികള്‍ക്കുമെല്ലാം ഫയര്‍ഫോഴ്‌സിന്റെ എന്‍.ഒ.സി കൊടുക്കുന്ന കാര്യത്തില്‍ ജേക്കബ് തോമസ് വരുത്തിയ കര്‍ക്കശ നിയന്ത്രണം സമ്പന്ന ലോബികള്‍ക്ക് വന്‍ പ്രഹരമായിരുന്നു.

വൈദ്യുതി വകുപ്പിലെ ചീഫ് വിജിലന്‍സ് ഓഫീസറായിരുന്ന ഋഷിരാജ് സിംങ്ങ് വൈദ്യുതി മോഷ്ടാക്കള്‍ക്കെതിരെ കര്‍ക്കശ നടപടി സ്വീകരിച്ചതോടെയാണ് വൈദ്യുതി വകുപ്പില്‍ നിന്നും തെറിച്ച് ബറ്റാലിയനിലെത്തിയത്.

തുടര്‍ന്നാണ് തൃശൂര്‍ പൊലീസ് അക്കാദമിയില്‍ വനിതാ പൊലീസുകാരുടെ പാസിങ്ങ് ഔട്ട് പരേഡില്‍ പങ്കെടുക്കാനെത്തിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സല്യൂട്ടടിക്കാത്ത വിവാദം അരങ്ങേറിയത്.

മന:പൂര്‍വ്വമല്ലെന്ന വിശദീകരണം, സംഭവം വിവാദമായി കാരണം കാണിക്കല്‍ നോട്ടീസ് കിട്ടിയപ്പോള്‍ സിംങ്ങ് മന്ത്രിയോട് വിശദീകരിച്ചതായി മന്ത്രി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സിംങ്ങ് ഇതുവരെ ഈ നിലപാട് തുറന്ന് പറഞ്ഞിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

സര്‍ക്കാരിന്റെ അവഗണനയാണ് ഇത്തരമൊരു പ്രതിഷേധത്തിന് സിംങ്ങിനെ പ്രേരിപ്പിച്ചതെന്നാണ് ഉയര്‍ന്ന് വന്നിരുന്ന ആരോപണം.

സംസ്ഥാനത്തെ പൊലീസിലെ രണ്ടാം സ്ഥാനക്കാരനായി വിലയിരുത്തപ്പെടുന്ന വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് ലോക്‌നാഥ് ബഹ്‌റയെ നിയമിച്ചാല്‍, ജയില്‍ വകുപ്പില്‍ പകരം ജേക്കബ് തോമസിനേയോ ഋഷിരാജ് സിംങ്ങിനേയോ നിയമിക്കുന്നത് ഒഴിവാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് എ.ഡി.ജി.പി ശങ്കര്‍ റെഡ്ഡിയെയോ ഹേമചന്ദ്രനേയോ നിയമിക്കുന്ന കാര്യവും സര്‍ക്കാര്‍ ഇപ്പോള്‍ പരിഗണിക്കുന്നുണ്ട്.

നേരത്തെ മഹേഷ്‌കുമാര്‍ സിംഗ്ലയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത് മാതൃകയാക്കി നിയമനം നടത്താനാണ് ആലോചന. ഇതിനായി സംസ്ഥാനത്തിന്റെ ‘അധികാരം’ ഉപയോഗിച്ച് ഇവര്‍ക്ക് ഉദ്യോഗക്കയറ്റം നല്‍കാനും നീക്കമുണ്ട്.

സംസ്ഥാനത്തിന് നാല് ഡി.ജി.പി തസ്തികയേ കേന്ദ്രം അനുവദിച്ചിട്ടൊള്ളൂവെങ്കിലും വിജിലന്‍സ് ഡയറക്ടറുടെ ഒഴിവില്‍ തൊട്ടടുത്ത സീനിയര്‍ ഉദ്യോഗസ്ഥനെ നിയമിച്ച കാര്യം ചൂണ്ടിക്കാട്ടി അനുമതി വാങ്ങിയെടുക്കാമെന്ന കണക്ക് കൂട്ടലിലാണ് ഈ നീക്കം.

എന്നാല്‍ ഈ നീക്കം നിയമവിരുദ്ധമാണെന്നാണ് പൊലീസിലെ തന്നെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

ശങ്കര്‍ റെഡ്ഡി സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലെങ്കിലും നിയമനങ്ങളില്‍ സീനിയോറിറ്റിയും മാനദണ്ഡവും പാലിച്ചില്ലെങ്കില്‍ അത് സേനക്ക് ദോഷം ചെയ്യുമെന്നാണ് പൊതു വികാരം.

ഇപ്പോള്‍ ഡെപ്യൂട്ടേഷനില്‍ ‘റോ’യില്‍ സേവനമനുഷ്ടിക്കുന്ന അരുണ്‍കുമാര്‍ സിന്‍ഹ (സീനിയര്‍)യെയോ സി.ആര്‍.പി.എഫ് അഡീഷണല്‍ ഡയറക്ടറായ അസ്താനെയേയോ സംസ്ഥാനത്തേക്ക് മടക്കിക്കൊണ്ടുവന്ന് ഈ വെല്ലുവിളി മറികടക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇരുവരും കേരളത്തിലേക്കില്ലെന്ന നിലപാടിലാണെന്നാണ് സൂചന.

നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ വിജിലന്‍സ് തലപ്പത്ത് വരുന്ന ഒഴിവ് സര്‍ക്കാരിന്റെ ഉറക്കം കെടുത്തിയിരിക്കുകയാണിപ്പോള്‍.

ജൂനിയര്‍ ഉദ്യോഗസ്ഥനെ ഡയറക്ടര്‍ സ്ഥാനത്ത് നിയമിക്കുന്നതിന് കേന്ദ്രം ഉടക്ക് വച്ചാല്‍ ബഹ്‌റയെ നിയമിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകും. ഇതോടെ ജയില്‍ മേധാവിയായി ഋഷിരാജ് സിംങ്ങിനേയോ ജേക്കബ് തോമസിനേയോ നിയമിക്കേണ്ടി വരും.

പരോളടക്കമുള്ള കാര്യങ്ങളില്‍ നിര്‍ണ്ണായക തീരുമാനമെടുക്കാന്‍ അധികാരപ്പെട്ട ജയില്‍ വകുപ്പ് രാഷ്ട്രീയ നേതൃത്വത്തെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. അതുകൊണ്ടു തന്നെ രാഷ്ട്രീയക്കാര്‍ക്ക് വഴങ്ങാത്ത ഐ.പി.എസുകാരെ വിജിലന്‍സില്‍ മാത്രമല്ല ജയില്‍ വകുപ്പിലും നിയമിക്കാന്‍ സര്‍ക്കാര്‍ ഇഷ്ടപ്പെടുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

പുതിയ വിജിലന്‍സ് ഡയറക്ടര്‍ നിയമനവുമായി ബന്ധപ്പെട്ട പൊലീസ് തലപ്പത്തെ അഴിച്ചുപണി സര്‍ക്കാരിനെ സംബന്ധിച്ച് വന്‍ വെല്ലവിളിയാണ് ഉയര്‍ത്തുന്നത്.

Top