പുതിയ പള്‍സര്‍ 400എസ്.എസ്

ബൈക്ക് പ്രേമികളായ യുവാക്കളെ ആകര്‍ഷിക്കാന്‍ പള്‍സര്‍ പുതിയ 400എസ്.എസ് എന്ന സ്‌പോര്‍ട്‌സ് ബൈക്ക് ബജാജ് പള്‍സര്‍ ബ്രാന്‍ഡിലെത്തിക്കുന്നു. ആദ്യ കാഴ്ചയില്‍ തന്നെ ബൈക്ക് പ്രേമികളെ കോരിത്തരിപ്പിക്കുന്നതാണ് 400 എസ്.എസിന്റെ സ്‌പോര്‍ട്ടി രൂപകല്പന. എസ്.എസ് 400, എസ്.എസ് 400 എ.ബി.എസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളാണുള്ളത്.

ഇരട്ട ഹെഡ്‌ലാമ്പുകള്‍, പ്രത്യേക ഡിസൈനില്‍ ഉയര്‍ത്തി സ്ഥാപിച്ച ഇന്ധനടാങ്ക്, കറുപ്പ് റിയര്‍വ്യൂ മിറര്‍, തീരെ ചെറിയ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, അലോയ് വീല്‍, എല്‍.ഇ.ഡി ടെയ്ല്‍ ലാമ്പ്, വേറിട്ട രീതിയിലുള്ള എക്‌സ്‌ഹോസ്റ്റ് എന്നിവ പുതിയ പള്‍സറിന് സ്‌റ്റൈലിഷ് ലുക്ക് സമ്മാനിക്കുന്നു. മൊത്തമായും ഡിജിറ്റലാണ് ഇന്‍സ്ട്രുമെന്റ് പാനല്‍.

ബജാജിന്റെ സ്വന്തം ട്രിപ്പിള്‍ സ്പാര്‍ക്ക് ടെക്‌നോളജി ശക്തി പകരുന്ന ലിക്വിഡ് കൂളായ 4 സ്‌ട്രോക്ക്, സിംഗിള്‍ സിലിണ്ടര്‍ 373.2 സി.സി എന്‍ജിനാണ് 400എസ്.എസിനെ നിയന്ത്രിക്കുന്നത്. 9500 ആര്‍.പി.എമ്മില്‍ 44 ബി.എച്ച്.പി കരുത്തുള്ള എന്‍ജിനാണിത്. 35 ന്യൂട്ടണ്‍ മീറ്ററാണ് പരമാവധി ടോര്‍ക്ക്. ആറ് ഗിയറുകളുണ്ട്. ഏഴ്-എട്ട് സെക്കന്‍ഡ് കൊണ്ട് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ശക്തിയുള്ള 400 എസ്.എസിന്റെ ടോപ് സ്പീഡ് 150 കിലോമീറ്ററാണ്.

റൈഡിംഗ് സുഖകരമാക്കാന്‍ ഏറ്റവും മികച്ച സസ്‌പെന്‍ഷന്‍ സംവിധാനങ്ങള്‍ പുതിയ പള്‍സറില്‍ നല്‍കിയിട്ടുണ്ട്. ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എ.ബി.എസ്) ഉണ്ടെന്നതും മികവാണ്. ചുവപ്പ്, മഞ്ഞ, നീല, കറുപ്പ് നിറഭേദങ്ങളില്‍ പുതിയ പള്‍സര്‍ വിപണിയിലെത്തും. 2.10 ലക്ഷം രൂപ മുതല്‍ 2.25 ലക്ഷം രൂപവരെയാണ് പ്രതീക്ഷിക്കുന്ന വില.

കവാസാക്കി നിന്‍ജ 300, കെ.ടി.എം ആര്‍.സി 390, യമഹ വൈ.സീ.എഫ് ആര്‍25 എന്നിവയോടാണ് വിപണിയില്‍ പ്രധാനമായും പള്‍സര്‍ എസ്.എസ് 400 ഏറ്റമുട്ടുക.

Top