പുടിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ അമേരിക്കയ്ക്ക് അതൃപ്തി

വാഷിംഗ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ അമേരിക്കയ്ക്ക് അതൃപ്തി. ഇന്ത്യ റഷ്യയുമായി പ്രതിരോധ, ആണവക്കരാറുകള്‍ ഒപ്പിട്ടതാണ് അമേരിക്കയെ ചൊടിപ്പിച്ചത്. ഇന്ത്യയിലെത്തിയ റഷ്യാ പ്രസിഡന്റിന്റെ സംഘത്തിലെ വിഘടിത ക്രിമിയമേഖലയുടെ നേതാവിന്റെ സാന്നിധ്യത്തെക്കുറിച്ച് ന്യൂഡല്‍ഹിയോട് വിശദീകരണം ചോദിച്ചതായും വാഷിങ്ടണ്‍ വ്യക്തമാക്കി.

എന്നാല്‍ അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കാനുള്ള ഒബാമയുടെ തീരുമാനത്തെ ഇതു ബാധിക്കില്ല. പുടിന്റെ ഇന്ത്യാ സന്ദര്‍ശനം ദോഷകരമായി ബാധിക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇന്ത്യ ഞങ്ങളുടെ മികച്ച പങ്കാളിയാണെന്നായിരുന്നു യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ജെന്‍ പ്‌സാക്കി പറഞ്ഞത്.

റിപ്പബ്ലിക്ക് ദിനത്തിന് മുഖ്യാതിഥിയായാണ് ഒബാമയെ മോഡി ക്ഷണിച്ചിരിക്കുന്നത്. റിപ്പബ്ലിക്ക് ദിനത്തില്‍ മുഖ്യാതിഥിയാകുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റും രണ്ട് തവണ ഇന്ത്യ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ പ്രസിഡന്റുമായിരിക്കും ബറാക്ക് ഒബാമ.

റഷ്യയോട് ചേര്‍ത്ത മുന്‍ യുക്രൈന്‍ പ്രദേശമായ ക്രിമിയയുടെ പ്രധാനമന്ത്രി സെര്‍ജി അക്‌സ്യനോവ് പുതിന്റെ ഇന്ത്യന്‍ സംഘത്തിലുള്‍പ്പെട്ടത് അമേരിക്കയെ ചൊടിപ്പിച്ചിട്ടുണ്ട്. ഇന്ത്യാ അമേരിക്ക സൈനികേതര ആണവക്കരാര്‍ ഇപ്പോഴും പ്രയോഗതലത്തില്‍ എത്താതിരിക്കുമ്പോഴാണ് റഷ്യയുമായി ആണവോര്‍ജമേഖലയില്‍ ഇന്ത്യ കരാറുണ്ടാക്കിയതെന്നതും അമേരിക്കയുടെ നീരസത്തിനിടയാക്കി. യുക്രൈന്‍ അധിനിവേശത്തിന്റെ പേരില്‍ അന്താരാഷ്ട്രതലത്തില്‍ പുതിനെ ഒറ്റപ്പെടുത്താന്‍ അമേരിക്ക പരിശ്രമിക്കേയാണ് ഇന്ത്യ റഷ്യയുമായി പുതിയ കച്ചവടക്കരാറുകളില്‍ ഒപ്പുവെച്ചത്..

Top