‘പിണറായി സര്‍ക്കാരല്ല, എല്‍ഡിഎഫ് സര്‍ക്കാര്‍’; തിരുത്തലുമായി സിപിഐ

എൽഡിഎഫ് സര്‍ക്കാരിന്റെ പിണറായി ബ്രാന്‍ഡിങ്ങിനെതിരേ സി.പി.ഐ. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലാണ് വിമര്‍ശനം ഉയർന്നത്. പിണറായി സര്‍ക്കാരല്ല, എല്‍.ഡി.എഫ്. സര്‍ക്കാരാണെന്ന ഓര്‍മ വേണമെന്ന പരാമര്‍ശത്തോടെയായിരുന്നു വിമര്‍ശനം. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള പൊതുചര്‍ച്ചയിലാണ് പിണറായി ബ്രാന്‍ഡിങ് വിമര്‍ശിക്കപ്പെട്ടത്. എല്‍.ഡി.എഫിന്റെ പ്രവര്‍ത്തനംകൊണ്ട് അധികാരത്തില്‍വന്ന സര്‍ക്കാരിനെ പിണറായി സര്‍ക്കാരെന്ന് വിളിക്കുന്നതാണ് വിമര്‍ശന വിധേയമായത്. സര്‍ക്കാരിനെ പിണറായി സര്‍ക്കാര്‍ എന്ന് ബ്രാന്‍ഡ് ചെയ്യിക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നു. ഇതുവരെ ഒരു എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്തും കാണാത്ത ഈ പ്രവണതയ്ക്ക് തിരുത്തല്‍ വേണമെന്നായിരുന്നു പ്രതിനിധികളുടെ ആവശ്യം.

ആനി രാജക്കെതിരായ എം.എം. മണിയുടെ പരാമര്‍ശത്തില്‍ പ്രതികരിക്കാത്തതിനെ കാനം രാജേന്ദ്രന്‍ സമ്മേളനത്തില്‍ ന്യായീകരിച്ചു. സംസ്ഥാന നേതൃത്വവുമായി ആലോചിക്കാതെ പ്രതികരിച്ച ആനി രാജയുടെ പ്രസ്താവന ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദേശീയ നേതൃത്വത്തില്‍ കത്ത് നല്‍കിയതായും കാനം അറിയിച്ചു.

എല്‍.ഡി.എഫിന്റെ കെട്ടുറപ്പ് നിലനിര്‍ത്തേണ്ട ബാധ്യത സി.പി.ഐയ്ക്ക് മാത്രമാണെന്ന രീതി അവസാനിപ്പിക്കണമെന്നും ചര്‍ച്ചയില്‍ ആവശ്യം ഉയര്‍ന്നു. രാഷ്ട്രീയ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയിലേത് പോലെ ആഭ്യന്തര വകുപ്പിനും പോലീസിനുമെതിരേ രൂക്ഷ വിമര്‍ശനമാണ് പ്രവര്‍ത്തന റിപ്പോട്ടിന്മേലുള്ള ചര്‍ച്ചയിലും ഉണ്ടായത്. പോലീസിനെ നിലയ്ക്കു നിർത്തണമെന്നുള്ളതായിരുന്നു ചര്‍ച്ചയില്‍ ഉയര്‍ന്ന പ്രധാന ആവശ്യം

Top