പിണറായി തോറ്റു, വി.എസ് ആശ്വാസമായി; അരുവിക്കരയില്‍ വീണുടഞ്ഞ് ഇടതുപക്ഷം

തിരുവനന്തപുരം: അരുവിക്കരയിലെ ഉപതെരഞ്ഞെടുപ്പ് പരാജയം തെരഞ്ഞെടുപ്പ് സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ച സിപിഎം പി.ബി അംഗം പിണറായി വിജയന്റെ പരാജയമാകുമ്പോള്‍ സമ്പൂര്‍ണ്ണ തകര്‍ച്ചയില്‍ നിന്നും പാര്‍ട്ടിയെ അല്‍പമെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞത് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് ആശ്വാസമാണ്.

സിപിഎം കോട്ടകളില്‍ കേഡര്‍ വോട്ടുകള്‍ ബിജെപിക്ക് ചോര്‍ന്നതില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിന് അരുവിക്കരയില്‍ ക്യാമ്പ് ചെയ്ത് നേതൃത്വം നല്‍കിയ പിണറായി മറുപടി നല്‍കേണ്ടി വരും.

അരുവിക്കര ഒഴികെ മുഴുവന്‍ പഞ്ചായത്തുകളിലും കോണ്‍ഗ്രസിനാണ് ലീഡ്. സിപിഎം കോട്ടകള്‍ പോലും തകര്‍ന്നടിഞ്ഞു. ഇടതുമുന്നണി തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പോലും വി.എസിനെ പങ്കെടുപ്പിക്കാതിരിക്കാന്‍ ശ്രമിച്ച ഔദ്യോഗിക പക്ഷത്തിന് പക്ഷേ പ്രചരണത്തിന് ആവേശം പകരാന്‍ വി.എസിനെ ഇറക്കേണ്ടി വന്നു.

സിനിമാ സീരിയല്‍ താരങ്ങളുടെ പ്രചരണത്തേക്കാള്‍ ആവേശം ഉയര്‍ത്തിയത് വി.എസാണ്. എന്നാല്‍ ഇത് വോട്ടാക്കി മാറ്റുന്നതില്‍ സിപിഎമ്മിന്റെ സംഘടനാ സംവിധാനം പരാജയപ്പെട്ടു.

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്ക് ഓരോ പഞ്ചായത്തിന്റെയും ചാര്‍ജ് നല്‍കിയാണ് പിണറായി അരുവിക്കരയിലെ പാര്‍ട്ടി പ്രവര്‍ത്തനം നിയന്ത്രിച്ചത്. എന്നിട്ടും സിപിഎം കേഡര്‍ മാരുടെയും അനുഭാവികളുടെയും വോട്ടുചേര്‍ച്ച തടയാനായില്ല. സോളാര്‍ അഴിമതി, ബാര്‍ കോഴ, സരിതാ വിവാദം അടക്കം ഒട്ടനവധി അനുകൂല ഘടകങ്ങള്‍ ഉണ്ടായിട്ടും അവ മുതലാക്കാനും പാര്‍ട്ടിക്കുകഴിഞ്ഞില്ല.

പാര്‍ട്ടിയുടെ തോല്‍വിയിലും സിപിഎമ്മില്‍ ജനകീയ നേതാവ് എന്ന പ്രതിഛായ സംരക്ഷിക്കാനായതില്‍ വി.എസിന് ആശ്വസിക്കാം. കേരളത്തിന് ഇനി പാര്‍ട്ടിക്ക് വി.എസിനെ തഴഞ്ഞ് മുന്നോട്ടുപോകാനാവില്ലെന്ന സന്ദേശംകൂടിയാണ് അരുവിക്കര നല്‍കുന്നത്.

Top