പിണറായി-കോടിയേരി അച്ചുതണ്ടിനെതിരെ സിപിഎമ്മില്‍ വിഭാഗീയതയുടെ പുതിയമുഖം

തിരുവനന്തപുരം: പിണറായി വിജയന്‍-കോടിയേരി അച്ചു തണ്ടിനെതിരെ പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി രംഗത്തെത്തിയതോടെ സി.പി.എമ്മില്‍ വിഭാഗീയതയുടെ പുതിയമുഖം തുറക്കുന്നു.

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ സംസ്ഥാനകമ്മിറ്റിയില്‍പോലും എടുക്കാതെ മൂലക്കിരുത്തി എന്ന് ആശ്വസിക്കുന്ന ഔദ്യോഗിക പക്ഷത്തിന് തിരിച്ചടിനല്‍കിയാണ് പിണറായിയുടെ നിലപാടുകളെ തള്ളിക്കളഞ്ഞ് സി.പി.എം വിട്ടവരുടെ ജനശക്തിയില്‍ ബേബി അഭിമുഖം നല്‍കിയിരിക്കുന്നത്.

ജനശക്തിയുമായി ആരും സഹകരിക്കരുത് എന്ന പിണറായി വിജയന്റെ ശാസന തള്ളിയാണ് ജനശക്തിയിലൂടെ പിണറായി സ്വീകരിച്ച നിലപാടുകള്‍ ബേബി ശക്തമായി എതിര്‍ക്കുന്നത്.

തെറ്റ് പറ്റിയാല്‍ തെറ്റാണെന്ന് സമ്മതിക്കേണ്ടതും തിരുത്തേണ്ടതും കമ്യൂണിസ്റ്റുകാരന്റെ ഉത്തരവാദിത്വമാണെന്നാണ് ബേബി തുറന്നടിച്ചത്. വിമര്‍ശനം ഉന്നയിക്കാന്‍ തക്ക വീഴ്ചകള്‍ കമ്യൂണിസ്റ്റുകാര്‍ക്ക് സംഭവിച്ചിട്ടുണ്ട്. അത് തുറന്നു പറഞ്ഞേ തീരൂ. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിച്ചുവേണം. വിഭാഗീയത എന്ന തെറ്റില്‍ പങ്കാളിയായ ഒരാളാണ് താന്‍.

അഴിമതിക്കെതിരായ പോരാട്ടത്തില്‍ ആര്‍. ബാലകൃഷ്ണപിള്ളയെ മുന്നില്‍ നിര്‍ത്തുമ്പോള്‍ സ്വാഭാവികമായും സംശയം ഉയരും. വി.എസ് പക്ഷത്തിന്റെ നാവായി പ്രവര്‍ത്തിച്ച ജനശക്തിയിലെ ബേബിയുടെ അഭിമുഖത്തിന് ഏറെ രാഷ്ട്രീയ മാനങ്ങളുണ്ട്.

വി.എസിനെ സംസ്ഥാന കമ്മിറ്റിയില്‍ തിരികെ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ക്ക് ബേബിയുടെ നിലപാട് നിര്‍ണായകമായിരിക്കും. ആര്‍. ബാലകൃഷ്ണപിള്ളയെയും മകന്‍ ഗണേഷ്‌കുമാറിനെയും എല്‍.ഡി.എഫുമായി സഹകരിപ്പിക്കാനുള്ള പിണറായിയുടെയും കോടിയേരിയുടെയും നീക്കത്തിനെതിരായാണ് ബേബി പ്രതികരിച്ചത്. ഇതേ നിലപാടു തന്നെയാണ് വി.എസിനും.

കൊല്ലത്ത് ബേബിയെ ലോക്‌സഭാ സ്ഥാനാര്‍ത്തിയായി മത്സരിപ്പിച്ചപ്പോള്‍, എതിര്‍ സ്ഥാനാര്‍ത്ഥി എല്‍.ഡി.എഫ് വിട്ട ആര്‍.എസ്.പിയിലെ എന്‍.കെ പ്രേമചന്ദ്രനെ പിണറായി പരനാറി എന്ന് വിളിച്ച് ആക്ഷേപിച്ചിരുന്നു. ബേബിയുടെ തെരഞ്ഞെടുപ്പ് പരാജയത്തില്‍ ഇതു പ്രധാനകാരണമായി വിലയിരുത്തപ്പെട്ടിരുന്നു.

അതിനു ശേഷം പിണറായിയുമായി അകല്‍ച്ചയിലാണ് ബേബി. പിണറായിയുടെ പിന്‍മുറക്കാരനായി സീനിയോറിറ്റിയുള്ള ബേബിയെ തഴഞ്ഞാണ് കോടിയേരിയെ അവരോധിച്ചത്. ഇതില്‍ സി.പി.എമ്മിലെ തെക്കന്‍ലോബിക്ക് അതൃപ്തിയുണ്ട്.

ഒരു കാലത്ത് വി.എസുമായി അടുപ്പം സൂക്ഷിച്ചിരുന്ന ബേബി, പിന്നീട് പിണറായി പക്ഷത്തേക്ക് മാറിയിരുന്നു. കൊല്ലത്തെ തോല്‍വിയോടെ പിണറായിയെ കൈവിട്ട് വീണ്ടും വി.എസുമായി അടുക്കുകയാണ് അദ്ദേഹം.

സി.പി.എമ്മിന്റെ സാംസ്‌ക്കാരിക മുഖമായ ബേബിക്ക് കേന്ദ്ര നേതൃത്വത്തില്‍ ശക്തമായ സ്വാധീനമുണ്ട്. ബംഗാളിലെ പി.ബി അംഗങ്ങളുമായി ഏറെ അടുപ്പമുള്ള നേതാവാണ് ബേബി. അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ ആഗ്രഹിക്കുന്ന പിണറായിക്ക് ബേബിയുടെ പുതിയ നിലപാടുകള്‍ തിരിച്ചടിയാകും.

Top