പിണറായിയോട് അകന്ന എം.എ ബേബി കേന്ദ്ര നേതൃത്വത്തില്‍ കരുത്തനാകുന്നു

ന്യൂഡല്‍ഹി: പിണറിയാ വിജയനോട് അകന്ന പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി സിപിഎം കേന്ദ്ര നേതൃത്വത്തില്‍ കൂടുതല്‍ കരുത്തനാകുന്നു. യെച്ചൂരിയുടെ വിശ്വസ്ഥനായി കേരളത്തിലെ പി.ബി അംഗങ്ങളില്‍ കൂടുതല്‍ അധികാരവും സ്വാധീനവുമാണ് ബേബിക്കു കൈവന്നത്.

ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുന്നോട്ടുവെച്ച സംഘടനാ പരിഷ്‌കാരം നടപ്പാകുമ്പോള്‍ വിദേശകാര്യം, സാംസ്‌കാരികം, യുവജനകാര്യം എന്നീ പ്രധാന ഉപസമിതികളുടെ ചുമതല ബേബിക്കാണ്.

രാജ്യാന്തര കമ്യൂണിസ്റ്റ് പാര്‍ട്ടികളുമായി സമ്പര്‍ക്കം പുലര്‍ത്തി പാര്‍ട്ടി നിലപാട് രൂപപ്പെടുത്തുന്നതില്‍ സുപ്രധാനമാണ് വിദേശകാര്യ ഉപസമിതി സ്ഥാനം. കാരാട്ട്, യെച്ചൂരി എന്നിവര്‍ വഹിച്ച പദവിയാണിത്.

പാര്‍ട്ടിയുടെ യുവജനസംഘടനയായ ഡിവൈഎഫ്‌ഐയുടെയും വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐയുടെയും ചുമതലയും ബേബിക്കാണ്. സിപിഎം സംസ്ഥാന ഘടകത്തില്‍ നടക്കുന്ന ബലപരീക്ഷണത്തില്‍ ഇനി ബേബിയുടെ നിലപാടുകളായിരിക്കും നിര്‍ണായകം.

നേരത്തെ കൊല്ലം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ പരാജയത്തോടെയാണ് ബേബി, പിണറായിയുമായി ഇടഞ്ഞത്. പ്രേമചന്ദ്രനെ പിണറായി പരനാറി എന്നു വിളിച്ചാക്ഷേപിച്ചത് ഏറെ വിവാദമായിരുന്നു. പരനറി പ്രയോഗം തോല്‍വിക്കു കാരണമായതായി സംസ്ഥാന കമ്മിറ്റിയില്‍ ബേബി തുറന്നടിച്ചിരുന്നു.

ബേബിയെ തഴഞ്ഞാണ് കോടിയേരിയെ പിണറായിയുടെ പിന്‍ഗാമിയായി സംസ്ഥാന സെക്രട്ടറിയാക്കിയതും. പിണറായി- വി.എസ് പക്ഷ വിഭാഗീയത നിലനില്‍ക്കുന്ന സംസ്ഥാന നേതൃത്വത്തില്‍ ഇനി ബേബിയുടെ നിലപാട് നിര്‍ണായകമായിരിക്കും.

Top