പിണറായി ഗ്രൂപ്പിനെ ഭിന്നിപ്പിക്കാന്‍ വി.എസ്; യെച്ചൂരിയുടെ തണലില്‍ തന്ത്രപരമായ നീക്കം

തിരുവനന്തപുരം: സീതാറാം യെച്ചൂരി സിപിഎം ജനറല്‍ സെക്രട്ടറിയായത് സിപിഎം കേരള ഘടകത്തില്‍ ചേരിതിരിവിന് കാരണമാകുമെന്ന് സൂചന.

വി.എസിനോടുള്ള അടുപ്പം മാത്രം മാനദണ്ഡമാക്കി യെച്ചൂരിയില്‍ അയോഗ്യത കണ്ട സംസ്ഥാന നേതൃത്വത്തിന്റെ നിലപാടില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികള്‍ക്കിടയില്‍ തന്നെ ശക്തമായ അഭിപ്രായഭിന്നത ഉണ്ടായതായാണ് സൂചന.

ഇത് വരും നാളുകളില്‍ സംസ്ഥാന ഘടകത്തില്‍ രൂക്ഷമാകാനാണ് സാധ്യത. വി.എസിനാകട്ടെ അപ്രതീക്ഷിതമായി കിട്ടിയ കച്ചിത്തുരുമ്പാണ് സീതാറാം യെച്ചൂരി.

വി.എസിനെതിരായ പി.ബി കമ്മീഷന്റെ അന്വേഷണ പരിധിയില്‍ ടി.പി വധമുള്‍പ്പെടെ വി.എസ് ഉന്നയിച്ച കാര്യങ്ങളും അന്വേഷണ വിധേയമാക്കാന്‍ യെച്ചൂരി ഇടപെടുമെന്നാണ് വി.എസിന്റെ പ്രതീക്ഷ. അങ്ങനെ വന്നാല്‍ സിപിഎം സംസ്ഥാന ഘടകം പ്രതിക്കൂട്ടിലാകും.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം സ്വപ്നം കാണുന്ന പിണറായി വിജയന്റെ സാധ്യതക്ക് വിലങ്ങ് തടയിടാന്‍ യെച്ചൂരിയുടെ പിന്‍തുണയോടെ വി.എസ് കരുക്കള്‍ നീക്കുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകും ഉറ്റുനോക്കുന്നത്.

ടി.പി കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പി.കെ കുഞ്ഞനന്തനെയും ട്രൗസര്‍ മനോജിനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ യെച്ചൂരി ഇടപെടണമെന്ന് വീണ്ടും വി.എസ് ആവശ്യപ്പെടാനാണ് സാധ്യത. പിണറായി വിജയനെ അനുകൂലിക്കുന്ന നേതാക്കളെ ആശങ്കപ്പെടുത്തുന്നതും ഇതുതന്നെയാണ്.

പാര്‍ട്ടിയില്‍ നിന്ന് പുറത്തായാല്‍ പി.കെ കുഞ്ഞനന്തനും ട്രൗസര്‍ മനോജും പലതും തുറന്ന്പറയുമെന്നും പാര്‍ട്ടി നേതൃത്വം പ്രതിക്കൂട്ടിലാകുമെന്നുമാണ് പുറത്തുവരുന്ന പ്രചാരണം.

സംഘടനാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കല്‍ക്കത്തയില്‍ ഒക്ടോബറില്‍ വിളിച്ച് ചേര്‍ക്കുന്ന പാര്‍ട്ടി പ്ലീനത്തിന് മുന്‍പാകെ പി.ബി കമ്മീഷന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ച് നടപടി സ്വീകരിക്കുമെന്നാണ് സിപിഎം നേതൃത്വം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നത്.

സെക്രട്ടറിയുടെ നിലപാടിന് പാര്‍ട്ടി കമ്മിറ്റികളില്‍ സാധാരണഗതിയില്‍ തന്നെ സ്വീകാര്യത കിട്ടുമെന്നതും ഭൂരിപക്ഷ കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്കിടയില്‍ യെച്ചൂരിക്കുള്ള സ്വാധീനവും വി.എസിന് കവചമാകുമോയെന്ന ആശങ്കയിലാണ് പിണറായി വിഭാഗം നേതാക്കള്‍.

എസ് രാമചന്ദ്രന്‍ പിള്ളയെ സെക്രട്ടറിയാക്കാന്‍ പിണറായിക്കൊപ്പം പി.ബിയില്‍ ശക്തമായി വാദിച്ച സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുടര്‍ന്നും പിണറായിയുടെ നിലപാടിനൊപ്പം നില്‍ക്കുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്.

കേന്ദ്ര കമ്മിറ്റിയിലെ കേരളത്തിലെ പ്രതിനിധികളിലും സിപിഎം സംസ്ഥാന കമ്മിറ്റിയിലും നല്ലൊരു വിഭാഗം തരംകിട്ടിയാല്‍ കളംമാറ്റി ചവിട്ടാനുള്ള ഒരുക്കത്തിലുമാണ്. സീതാറാം യെച്ചൂരി സംസ്ഥാനത്തെ പാര്‍ട്ടി നേതൃത്വത്തില്‍ ശക്തമായി ഇടപെടാന്‍ തീരുമാനിച്ചാല്‍ യുവനിരയടക്കമുള്ള നല്ലൊരു വിഭാഗം കൂടുമാറുമെന്നാണ് സൂചന.

നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായിക്ക് ബദലായി ഔദ്യോഗിക പക്ഷത്തെ തന്നെ ആരെയെങ്കിലും ഉയര്‍ത്തിക്കാട്ടി ആശയക്കുഴപ്പമുണ്ടാക്കാന്‍ വി.എസും ശ്രമിക്കുമെന്ന് ഉറപ്പാണ്.

രാമചന്ദ്രന്‍ പിള്ളയെ ഉയര്‍ത്തിക്കാട്ടിയും വി.എസിനെ കേന്ദ്രകമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കാന്‍ പടവെട്ടിയും യെച്ചൂരിയുമായി ഉടക്കിയ പിണറായി വിജയനും സംഘത്തിനും സിപിഎമ്മിലെ പ്രതാപകാലം നഷ്ടമാകുമെന്നതിന്റെ സിഗ്നലുകളാണ് വിശാഖപട്ടണത്ത് നിന്നും ലഭിക്കുന്നത്.

Top