പാർലമെന്റിലെ വിലക്ക് ലംഘിച്ച് സഭയിൽ പ്ലക്കാർ‍ഡുകളുമായി പ്രതിപക്ഷം

ദില്ലി: പാർലമെന്റില്‍ വിലക്ക് മറികടന്ന് പ്ലക്കാര്‍ഡ‍ുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ച് പ്രതിപക്ഷം. പ്ലക്കാര്‍ഡ‍ുകള്‍ ഉയര്‍ത്തിയതിനെതിരെ ലോക‍്‍സഭ സ്പീക്കർ പ്രതിപക്ഷത്തോട് ക്ഷോഭിച്ചു. പ്ലക്കാര്‍ഡുകളുമായി സഭയുടെ നടുത്തളത്തിലിറങ്ങി എംപിമാ‍ർ പ്രതിഷേധിച്ചതോടെ രാജ്യസഭയും ലോക‍്‍സഭയും ഇന്നത്തേക്ക് പിരിഞ്ഞു. വിലക്കയറ്റം അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ പ്രതിഷേധം

അവശ്യ സാധനങ്ങളുടെ വില വ‍‍‍‍ർധന, പാചകവാതക വില അടക്കമുള്ള വിഷയങ്ങള്‍ ഉയ‍ർത്തി പ്രതിപക്ഷ എംപിമാര്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ സഭ നിര്‍ത്തിവച്ച് വിഷയം ച‍ർച്ച ചെയ്യാനാകില്ലെന്ന് സ്പീക്കർ വ്യക്തമാക്കിയതോടെയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി സഭയുടെ നടുത്തളത്തിലിറങ്ങി എംപിമാര്‍ മുദ്രാവാക്യം വിളിച്ചു. രാജ്യസഭയിലും നടപടികള്‍ ക്രമങ്ങള്‍ തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തി.

വിലക്കയറ്റം , രൂപയുടെ ഇടിവ് അടക്കമുള്ള വിഷയങ്ങളില്‍ സർക്കാരിനെ വിമർശിച്ചുള്ള പ്ലക്കാര്‍ഡുകളാണ് എംപിമാ‍ർ ഉയര്‍ത്തിയത്. എന്നാല്‍ പ്ലക്കാര്‍ഡുകള്‍ക്ക് സഭയില്‍ വിലക്ക് ഉള്ള കാര്യം ചൂണ്ടിക്കാട്ടി സ്പീക്കര്‍ പ്രതിപക്ഷ എംപിമാരോട് ക്ഷോഭിച്ചു.

ബഹളത്തെ തുടർന്ന് ലോക‍്‍സഭയും രാജ്യസഭയും രണ്ട് മണി വരെയാണ് ആദ്യം നിർത്തിവച്ചത്. സഭ വീണ്ടും ചേർന്നപ്പോഴും പ്രതിഷേധം തുടർന്നതോടെ ഇന്നത്തേക്ക് പിരിയുകയായിരുന്നു. രാവിലെ പാ‍ർലമെന്റിന് പുറത്തും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

Top